നിധീരിക്കൽ മാണിക്കത്തനാരുടെ ചരിത്രം തന്നെയാണ് ഒരു കാലയളവിലെ മാർത്തോമ്മാ നസ്രാണികളുടെ ചരിത്രം. പലതായി വിഘടിച്ചുനിന്ന നസ്രാണി സമൂഹത്തെ പുനരൈക്യപ്പെടുത്തുവാൻ ഉള്ള പരിശ്രമങ്ങൾ പല കടമ്പകളിലും തട്ടി പരാജയമടയുമ്പോഴും നിധീരി മാണിക്കത്തനാർ എന്ന മഹാത്‌മാവ് തന്റെ പരിശ്രമങ്ങൾ നിറുത്തി വച്ചില്ല . പുനരൈക്യം നടന്നില്ലെങ്കിലും ക്രൈസ്തവ ഐക്യം ലക്ഷ്യമാക്കി ഒരു ഐക്യ മുന്നണി - ജാതൈക്യ സംഘം രൂപീകരിക്കപ്പെട്ടു. വരാപ്പുഴ ഭരണാധികാരികളുടെ പിടിവാശികൾക്കുമുന്നിൽ പുനരൈക്യം നടക്കുമോ എന്ന ആശങ്ക മാണിക്കത്തനാർക്ക് ഉണ്ടായിരുന്നതുകൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളിലും യോജിച്ചും അല്ലാത്തതിൽ വിയോജിച്ചും മിനിമം വികസന പരിപാടികളിൽ സഹകരിക്കുക എന്നതായിരുന്നു ജാതൈക്യ സംഘത്തിന്റെ ലക്‌ഷ്യം.
പുത്തൻ കൂർ വിഭാഗത്തിൽ പെട്ട രണ്ടു കക്ഷികളായിരുന്നു മാത്യൂസ് മാർ അത്തനേഷ്യസിന്റെ കക്ഷിയും, മാർ ദിവന്നാസ്യോസ് കക്ഷിയും . ഇതിൽ മാത്യൂസ് മാർ അത്തനേഷ്യസിന്റെ കക്ഷി ജാതൈക്യ സംഘത്തിൽ നിന്നും വിട്ടു നിന്നു . ക്രൈസ്തവരുടെ പൊതു വികസന പദ്ധതി എന്ന ഉദ്ദേശ്യവുമായി ഒരു കേന്ദ്രാലയം സ്ഥാപിക്കുവാൻ കോട്ടയത്തെ വുഡ്‌ലാൻഡ് എസ്റ്റേറ്റ് ഉടമസ്ഥനായ ഡാറ സായ്പ്പിൽ നിന്നും 3541 രൂപ യ്ക്ക് കച്ചവടം ഉറപ്പിച്ചു . പത്രവും കോളേജ്ഉം തുടങ്ങാനായിരുന്നു പ്ലാൻ . പത്രം തുടങ്ങാനുള്ള അപേക്ഷ സുറിയാനിക്കാരുടെ ബിഷപ്പായിരുന്ന മാർസിലിനോസിന് നൽകി, അദ്ദേഹം അനുവാദം നൽകുകയും ചെയ്തതിന്റെ ഫലമായാണ് 1887 ഏപ്രിൽ 15 ന് നസ്രാണി ദീപിക മാന്നാനം പ്രസ്സിൽ നിന്നും പുറത്തു വന്നത്.
1888 നവംബർ 8 ന് മാണിക്കത്തനാരുടെയും മാർ ദിവന്നാസ്യോസിന്റെയും പേരിൽ വുഡ്‌ലാൻഡ് എസ്റ്റേറ്റിന്റെ ആധാരമെഴുതി . കോട്ടയം (ചങ്ങനാശ്ശേരി ) വികാരി അപ്പസ്റ്റോലിക്ക ആയിരുന്ന ഡോ . ചാൾസ് ലവീഞ്ഞിന് ‘ജെസ്യൂട്ട് മോഡൽ’ കോളജ് ആണ് വേണ്ടിയിരുന്നത് . സ്ഥലം അദ്ദേഹത്തിന്റെ പേരിലും ആയിരിക്കണം എന്ന നിബന്ധനയും വച്ചു. ജാതൈക്യസംഘം ഈശോ സഭാംഗമായ ഡോ . ലവീഞ്ഞിന്റെ ആശയങ്ങളുമായി ചേർന്ന് പോകുന്നതല്ലായിരുന്നു . സമ്മിശ്ര നിയന്ത്രണത്തിലുള്ള കോളജ് ലവീഞ്ഞിന് അസഹനീയം. വുഡ്‌ലാന്റ് എസ്റ്റേറ്റ് പകുതി വീതം കൈവശപ്പെടുത്താമെന്ന ധാരണ മാണിക്കത്തനാർ അംഗീകരിച്ചില്ല . ബിഷപ്പ് ലവീഞ്ഞിന്റെ തീരുമാനപ്രകാരം മാണിക്കത്തനാരും കൂട്ടരും വുഡ്‌ലാന്റ് എസ്റ്റേറ്റിൽ നിന്നും മാറി താമസിക്കേണ്ടി വന്നു.
ബിഷപ്പ് ലവീഞ് രൂപതാ ഭരണം ഏറ്റെടുത്ത ശേഷം നടന്ന പ്രാദേശിക സൂനഹദോസിൽ ജാതൈക്യ സംഘം ചർച്ചാവിഷയമായി , കത്തോലിക്കർക്ക് കോട്ടയം സുരക്ഷിതമല്ല എന്ന വാദം തന്നെയുയുർന്നു . എന്നാൽ സമുദായ ഐക്യം മുന്നിൽ കണ്ട് രൂപം കൊടുത്ത പ്രസ്ഥാനം തകർന്നടിയുന്നത് നിർവികാരനായി കണ്ടു നിൽക്കാനേ മാണിക്കത്തനാർക്ക് കഴിഞ്ഞുള്ളു. പുനരൈക്യം ലക്ഷ്യമാക്കി രൂപം കൊടുത്ത പ്രസ്ഥാനവും അതിന്റെ വസ്തുവകകളും കേസ് നടത്തി സ്വന്തമാക്കാൻ നിധീരിക്കൽ മാണിക്കത്തനാർ തുനിഞ്ഞില്ല , പകരം അത് ഒരു സഭൈക്യ ട്രസ്റ്റ് പോലെ നിലനിർത്താനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം . പക്ഷേ ജാതൈക്യ സംഘത്തിന്റെ ഈ വസ്തുവകകൾ മാർ ദിവന്നാസ്യോസ്സും കണ്ടത്തിൽ വർഗീസ് മാപ്പിളയെപ്പോലുള്ള യാക്കോബായ അല്‌മായരും ഭൂരിഭാഗവും കൈവശപ്പെടുത്തി.
കൊച്ചിയിൽ കേരളമിത്രത്തിലും സിഎംഎസ് കോളജിൽ അധ്യാപനജോലിയും ചെയ്തിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയെക്കൊണ്ട് മാർ ദിവന്നാസ്യോസ് കക്ഷി 1888 ൽ മനോരമ കമ്പനി രജിസ്റ്റർ ചെയ്യിപ്പിച്ചു . അതോടു കൂടി ജാതൈക്യ സംഘത്തിന്റെ പറമ്പിൽ, കമ്പനി ഓഫിസ് ആരംഭിക്കുകയും അതോടൊപ്പം തന്നെ ആ പറമ്പിൽ തന്നെ ഒരു ഷെഡിൽ പത്രം തുടങ്ങുവാൻ ഓഫിസ് തുടങ്ങുക കൂടി ചെയ്തതോടെ പറമ്പ് മനോരമ തോപ്പെന്ന് അറിയെപ്പെട്ടു തുടങ്ങി . തനിക്കുകൂടി അവകാശപ്പെട്ട സ്ഥലത്ത് മനോരമ എന്ന സംരംഭം ഉയർന്നുവരുന്നത് കണ്ട വിശാലഹൃദയനും വറുഗീസ് മാപ്പിളയുടെ ഗുണകാംക്ഷിയുമായ മാണിക്കത്തനാർ പ്രതിഷേധിച്ചില്ല എന്ന് മാത്രമല്ല പ്രോത്സാഹിപ്പിക്കുകകൂടി ചെയ്തു എന്നതാണ് ചരിത്രം. വുഡ് ലാൻഡ് എസ്റ്റേറ്റ് വാങ്ങാൻ മാണിക്കത്തനാരെ സഹായിച്ച കുടമാളൂർ , അതിരമ്പുഴ , കുറവിലങ്ങാട്ട് , പാലാ എന്നീ പള്ളിക്കാർ എതിർപ്പുയർത്തിയിട്ടും ഇത് സംബന്ധിച്ച് കേസിനു പോകാൻ തികഞ്ഞ നസ്രാണി സമുദായ സ്നേഹിയായിരുന്ന മാനിക്കത്തനാർ തുനിഞ്ഞില്ല . മറ്റൊരു പരമ്പര കേസ് നടത്തി എന്നെങ്കിലും നടക്കാൻ പോകുന്ന പുനരൈക്യം എന്നെന്നേക്കുമായി തല്ലി കെടുത്തേണ്ട എന്നതായിരിക്കാം അദ്ദേഹത്തെ അപ്രകാരം ഒരു തീരുമാനമെടുപ്പിച്ചത് .
സമുദായാചാര്യനും കർമ്മധീരനുമായിരുന്ന നിധീരിക്കൽ മാണിക്കത്തനാരുടെ 117-ാം ചരമവാർഷികം ജൂൺ 20 ന് ആചരിക്കുന്നു. കേരളീയ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും മുന്നണിപ്പോരാളിയായ , കാലത്തിനു മുമ്പെ സഞ്ചരിച്ച ധീഷണാശാലിയായ ആത്മീയാചാര്യൻ, ബഹുഭാഷാപണ്ഡിതൻ, വിദ്യാഭ്യാസവിചക്ഷണൻ, പുനരൈക്യപ്രസ്ഥാനത്തിന്‍റെ ജീവാത്മാവ്, സഭാ സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്കര്‍ത്താവ്, സാംസ്കാരിക നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ നൈപുണ്യനായിരുന്നു മാണിക്കത്തനാർ. സമുദായ ഐക്യം എന്നത്തേക്കാളും അത്യന്താപേക്ഷിതമായിരിക്കുന്ന ഈ കാലത്ത്, നിധീരിക്കൽ മാണിക്കത്തനാരുടെ ജീവിത ദർശനങ്ങൾ പ്രസക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.