തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ കാലവും ലോക്ഡൗൺ നടപ്പിലാക്കാൻ സാധിക്കില്ല. അതിനാൽ നിയന്ത്രണങ്ങൾ കുറച്ച് കൊണ്ടു വരുന്നത്. എങ്കിലും ടിപിആര്‍ പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ഇന്നു ചേർന്ന അവലോകനയോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളുണ്ട്. ടിപിആർ ആറിനും പന്ത്രണ്ടിനുമിടയിലുള്ള ബി വിഭാഗത്തിൽ 473 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ ടിപിആർ ഉള്ള 316 പ്രദേശങ്ങൾ. അവ സി വിഭാഗത്തിലാണ്. എൺപതിടത്ത് ടിപിആർ പതിനെട്ടു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം) ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക.
എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്. ഈ മഹാമാരിയിൽ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നം ഉറ്റവർ മരണമടയുമ്പോൾ മൃതശരീരം അടുത്ത് കാണാൻ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്. മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സർക്കാർ കരുതുന്നത്. ഒരുമണിക്കൂറിൽ താഴെ ഇതിനായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബസ്സുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. ബി വിഭാഗത്തിൽപെടുന്ന പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കും. ഇന്നുമുതൽ 500 വാട്ട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി, കണക്ടഡ് ലോഡ് വൃത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി ബോധകമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
1000 വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും, പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബി പി എല്‍ വിഭാഗത്തില്‍ പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റൊന്നിനു നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി അനുവദിക്കും.
വാണിജ്യ / വ്യാവസായിക ഉപഭോക്താക്കള്‍ക്ക് മെയ് മാസത്തെ ഫിക്സഡ് / ഡിമാന്റ് ചാര്‍ജ്ജില്‍ 25% ഇളവ് നല്‍കും. സിനിമ തീയേറ്ററുകള്‍ക്ക് മെയ് മാസത്തെ ഫിക്സഡ് / ഡിമാന്റ് ചാര്‍ജ്ജില്‍ 50% ഇളവ് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് ഫിക്സഡ് / ഡിമാന്റ് ചാര്‍ജ്ജിേന്മേല്‍ നല്‍കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് നാളെ വരെ പലിശ രഹിതമായി മൂന്നു തവണകള്‍ അനുവദിക്കും. ഈ ഉപഭോക്തൃ വിഭാഗങ്ങള്‍ പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.