എല്ലാവര്‍ക്കും വാക്‌സീന്‍: സംസ്ഥാന സര്‍ക്കാരിന്റെ രജിസ്ട്രേഷന്‍ ദൗത്യം ആരംഭിച്ചു

എല്ലാവര്‍ക്കും വാക്‌സീന്‍: സംസ്ഥാന സര്‍ക്കാരിന്റെ രജിസ്ട്രേഷന്‍ ദൗത്യം ആരംഭിച്ചു

തിരുവനന്തപുരം: എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന ദൗത്യവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ രജിസ്ട്രേഷനായി രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. 'വാക്സിന്‍ സമത്വത്തിനായി മുന്നേറാം' എന്ന പേരിലാണ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരെ വാക്സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഇതിന് ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിക്കും. ചെലവുകള്‍ കോവിഡ് ഫണ്ടുകളില്‍ നിന്ന് എന്‍എച്ച്എം വഴി നികത്തും. വാര്‍ഡ് തലത്തിലായിരിക്കും രജിസ്ട്രേഷന്‍ പ്രക്രിയ. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓരോ പഞ്ചായത്തിലും ഓരോ ആശാവര്‍ക്കര്‍മാര്‍ ഉള്ളതിനാല്‍ ആ പ്രദേശത്ത് വാക്സിന്‍ കിട്ടാതെ പോയ ആള്‍ക്കാരെ കണ്ടെത്തിയാണ് രജിസ്ട്രേഷന്‍ നടത്തുക. കോവിനില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന് കാണിക്കുന്ന വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും.

പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നത്. ആവശ്യമെങ്കില്‍ ദിശ കോള്‍ സെന്ററില്‍നിന്ന് കൂടുതല്‍ സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്സും രജിസ്ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും. വാക്സിന്‍ സ്റ്റോക്കിന്റെ ലഭ്യത അടിസ്ഥാനമാക്കി ഇവര്‍ക്ക് വാക്സിന്‍ നല്‍കുന്നതാണ്. കൂടാതെ ജില്ലയില്‍ നിന്നോ പെരിഫറല്‍ തലത്തില്‍ നിന്നോ വാക്സിനേഷന്റെ ഷെഡ്യൂളിംഗ് നടത്തുകയും വ്യക്തികളെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ അറിയിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.