ക്രൗഡ് ഫണ്ടിംഗ്: സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

ക്രൗഡ് ഫണ്ടിംഗ്: സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: ചാരിറ്റി ഇടപാടുകളിലെ ക്രൗഡ് ഫണ്ടിംഗില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. സംസ്ഥാനത്ത് ആര്‍ക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണപ്പിരിവില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണം. പണം നല്‍കുന്നവര്‍ പറ്റിക്കപ്പെടാനും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് പരിശോധിക്കണം. സംസ്ഥാന പൊലീസ് ഇതില്‍ ഇടപെടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചാരിറ്റി യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവില്‍ സംസ്ഥാനത്തിന് കര്‍ശന നിയന്ത്രണം ഉണ്ടാവണമെന്നും കോടതി നിര്‍ദേശിച്ചു. മലപ്പുറത്ത് അപൂര്‍വ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.
സത്യസന്ധമായ സോഴ്‌സില്‍ നിന്ന് അര്‍ഹരായ കുട്ടികള്‍ക്ക് പണം വരുന്നത് തടയാനും പാടില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ സമഗ്രമായ നയം വേണം. കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ചാരിറ്റിയുടെ പേരില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഈയടുത്ത് ഏറെ ചര്‍ച്ചയായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ച കുട്ടികള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ പല തട്ടിപ്പുകളും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എസ്എംഎ രോഗം ബാധിച്ച കണ്ണൂരിലെ മുഹമ്മദിന്റെ ചികിത്സക്കായി ദിവസങ്ങള്‍ കൊണ്ട് 18 കോടിരൂപ സുമനസ്സുകള്‍ നല്‍കി. ഇതിന്റെ ചുവടു പിടിച്ച് ഇപ്പോള്‍ തട്ടിപ്പുകാരും രംഗത്തെത്തിക്കഴിഞ്ഞു. രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് വ്യാജ അക്കൗണ്ട് വഴിയാണ് പണം തട്ടിയെടുക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശി പ്രവീണിന്റെ മൂന്നു വയസ്സുകാരിയായ മകള്‍ ഗൗരി ലക്ഷ്മി ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിനുള്ളിലെ ഞരമ്പുകളില്‍ മുഴകളുണ്ടാകുന്നതാണ് രോഗം. കഴുത്തിന്റെ ഒരു ഭാഗത്ത് ഓപ്പറേഷന്‍ നടത്തി മുഴകള്‍ നീക്കം ചെയ്തു. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ മറുഭാഗത്തെ ശസ്ത്രക്രിയ നടത്താനായില്ല. തൊണ്ടയില്‍ ദ്വാരമിട്ട് ഘടിപ്പിച്ചിരിക്കുന്ന വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ചികിത്സക്കായി ലക്ഷങ്ങള്‍ ഇതിനകം ചെലവായി.

ആശുപത്രിക്കടുത്ത് വാടക വീടെടുത്താണിപ്പോള്‍ താമസം. മരുന്നിനും മറ്റു ചെലവുകള്‍ക്കുമായി മാസം തോറും ഒന്നര ലക്ഷത്തോളം രൂപ വേണം. പെയിന്റിംഗ് തൊഴിലാളിയായ പ്രവീണ്‍ ഈ തുക കണ്ടെത്താന്‍ വിഷമിക്കുന്നതു കണ്ട് കാരുണ്യ പ്രവര്‍ത്തകനായ ചെര്‍പ്പുളശ്ശേരി സ്വദേശി ഫറൂക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ കുഞ്ഞിന്റെ വീഡിയോ പോസ്റ്റു ചെയ്തു. ഒപ്പം അക്കൗണ്ട് നമ്പരും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി ഒരു കാര്‍ഡും തയ്യാറാക്കി പങ്കു വച്ചു. ഇതോടെ അക്കൗണ്ടിലേക്ക് പണം എത്തിത്തുടങ്ങി. പിന്നീട് കുഞ്ഞിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് പുതിയ അക്കൗണ്ട് നമ്പരും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തി വ്യാജ കാര്‍ഡ് തയ്യാറാക്കി തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചു. കിട്ടിയ പലരും സത്യമറിയാതെ ഇത് വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ കൊണ്ട് അറുപതിനായിരത്തോളം രൂപ അക്കൗണ്ടിലെത്തി.

കാര്‍ഡിലെ മൊബൈല്‍ നമ്പരുകള്‍ രണ്ടും ഇപ്പോള്‍ സ്വിച്ചോഫ് ആണ്. സംഭവം ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. പോലീസന്വേഷണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാല ശാഖയിലെ അക്കൗണ്ടാണിതെന്ന് കണ്ടെത്തി മരവിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അശരണരെ സഹായിക്കാനുള്ള മലയാളിയുടെ മനസ്സ് ഇത്തരത്തില്‍ ചൂഷണം ചെയ്യാന്‍ നിരവധി പേര്‍ രംഗത്തെത്തിയതായാണ് ഇത്തരം സംഭവികളിലൂടെ മനസിലാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.