സിക്ക വൈറസ്: കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലേക്ക്; പ്രതിരോധത്തിന് കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്, ഗര്‍ഭിണികള്‍ ജാഗ്രത പാലിക്കണം

 സിക്ക വൈറസ്: കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലേക്ക്; പ്രതിരോധത്തിന് കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്, ഗര്‍ഭിണികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള ആറംഗ വിദഗ്ധ സംഘം കേരളത്തിലെത്തും. സിക്ക സ്ഥിരീകരിച്ച സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. രോഗപ്പകര്‍ച്ച വ്യാപകമാകുന്നത് തടയാന്‍ ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ 15 പേര്‍ക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകുകള്‍ വഴി പടരുന്ന രോഗമായതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും രോഗ പ്രതിരോധത്തിന് സംസ്ഥാനത്തെ സഹായിക്കുകയുമാണ് കേന്ദ്ര സംഘത്തിന്റെ ദൗത്യം.

നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 15 പേരില്‍ 14 ഉം സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് മറ്റാരു ആരോഗ്യ പ്രതിസന്ധി ഉണ്ടാകാതെ നോക്കേണ്ടത് ആരോഗ്യ വകുപ്പിന് നിര്‍ണായകമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് സിക്ക വൈറസ് ബാധയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.

അതിനിടെ സിക്ക പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി. വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇന്ന് 17 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധ വരാന്‍ സാധ്യത കുടൂതലാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാല് മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്നമാകുമെന്നാണ് കണക്കാക്കുന്നത്.

അതിനാല്‍ തന്നെ അഞ്ച് മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊതുക് നിവാരണമാണ് ഏക പ്രതിരോധ മാര്‍ഗം. അതിനാല്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കും. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക്ക വൈറസ് കണ്ടെത്താനുള്ള ലാബ് സൗകര്യം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും.

പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിക്കും. സ്വകാര്യ ആശുപത്രികളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവ കണ്ടാല്‍ സിക്കയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

അനാവശ്യമായ ഭിതി വേണ്ട. അതീവ ജാഗ്രതയാണ് വേണ്ടത്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ സാരമായി ബാധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാക്കാന്‍ സാധ്യതയേറെയാണ്.

സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തുന്നവര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരള അതിര്‍ത്തികളില്‍ മെഡിക്കല്‍ സംഘത്തെ വിന്യസിച്ച് പരിശോധന ശക്തമാക്കും. കന്യാകുമാരി ജില്ലയില്‍ പ്രത്യേക നിരീക്ഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.