ഇറ്റലിയിലെ കൃഷിഭൂമികളില്‍ 'ആടുജീവിതം' നയിക്കുന്നത് നൂറു കണക്കിന് ഇന്ത്യാക്കാര്‍

ഇറ്റലിയിലെ കൃഷിഭൂമികളില്‍ 'ആടുജീവിതം' നയിക്കുന്നത് നൂറു കണക്കിന് ഇന്ത്യാക്കാര്‍

ബല്‍ബീര്‍ സിംഗ് എന്ന പഞ്ചാബിയെ ആറു വര്‍ഷത്തെ അടിമത്തത്തില്‍ നിന്ന് പോലീസ് മോചിപ്പിച്ചു

ബൗദിയ (ഇറ്റലി): ഇറ്റലിയിലെ കൃഷിഭൂമികളില്‍ അടിമകളെപ്പോലെ പണിയെടുക്കുന്നത് പതിനായിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍. ഇവരിലൊരാളായ ബല്‍ബീര്‍ സിംഗ് എന്ന പഞ്ചാബിയുടെ ആറു വര്‍ഷത്തെ 'ആടുജീവിത'ത്തിന് പോലീസ് ഇടപെട്ടതോടെ വിരാമമായതിന്റെ റിപ്പോര്‍ട്ട് എഎഫ്പി വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചതോടെയാണ് തെക്കന്‍ ഗ്രാമപ്രദേശമായ ലാറ്റിന പ്രവിശ്യയില്‍ വര്‍ഷങ്ങളായി അരങ്ങേറുന്ന നിഷ്ഠുര ചൂഷണം ലോകം ശ്രദ്ധിച്ചത്.

പ്രാദേശിക ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ക്കും ഇറ്റാലിയന്‍ അവകാശ പ്രവര്‍ത്തകര്‍ക്കും ഫേസ്ബുക്ക്, വാട്‌സ്ആപ്പ് വഴി സഹായം അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലുടെയാണ് സിംഗിനു രക്ഷപ്പെടാനായത്്. ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വാഹനത്തില്‍ ഗ്യാസ്, ചൂടുവെള്ളം, വൈദ്യുതി തുടങ്ങി യാതൊരു വിധ അവശ്യ സംവിധാനങ്ങളുമില്ലാതെ മൃഗത്തെപ്പോലെ ജീവിക്കുന്ന സിംഗിനെയാണ് പോലീസ് കണ്ടത്. യജമാനന്‍ ചവറ്റുകുട്ടയില്‍ വലിച്ചെറിയുന്ന ആഹാരാവശിഷ്ടങ്ങള്‍ കിട്ടാതെ വരുമ്പോള്‍ കോഴികള്‍ക്കും പന്നികള്‍ക്കും നല്‍കുന്ന തീറ്റ കഴിച്ചാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയത്.

കന്നുകാലികളെ വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന അതേ വെള്ളം കുളിക്കാനും കുടിക്കാനും ബല്‍ബീര്‍ സിംഗ് ഉപയോഗിച്ചു. 'എന്നെ സഹായിക്കാന്‍ തയ്യാറുള്ള ഒരു അഭിഭാഷകനെ കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍, യജമാനന്‍ എന്നോട് പറഞ്ഞു ... ഞാന്‍ നിന്നെ കൊല്ലും, ഞാന്‍ ഒരു കുഴി കുഴിച്ച് അതില്‍ എറിഞ്ഞശേഷം മൂടും. അയാളുടെ കയ്യിലെ തോക്ക്, എന്നെ ഭയപ്പെടുത്തി.' തന്നെ രണ്ടുതവണ ക്രൂരമായി മര്‍ദ്ദിച്ചതായും തിരിച്ചറിയല്‍ രേഖകള്‍ അപഹരിച്ചതായും സിംഗ് പറഞ്ഞു.

ഭൂ, കൃഷി മാഫിയയുടെ പ്രതികാരം ഭയന്ന് സിംഗിനെ രഹസ്യ കേന്ദത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. മുന്‍ തൊഴിലുടമയ്ക്കെതിരെ തൊഴില്‍ ചൂഷണത്തിന് വിചാരണാ നടപടിയെടുത്തിട്ടുണ്ട് അധികൃതര്‍ പറഞ്ഞു. അവധി ദിവസങ്ങളോ വിശ്രമമോ ഇല്ലാതെ ഞായറാഴ്ചകളടക്കം ഒരു ദിവസം 12-13 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായി സിംഗ് എഎഫ്പിയോട് പറഞ്ഞു. ഫാം ഉടമ ഒരു മാസം 100 മുതല്‍ 150 യൂറോ വരെ (8500 13000 രൂപ) യാണ് കൂലിയായി നല്‍കിയത്. കാര്‍ഷിക തൊഴിലാളികളുടെ നിയമപരമായ മിനിമം കൂലി മണിക്കൂറില്‍ 10 യൂറോയാണെങ്കിലും പലര്‍ക്കും കിട്ടുന്നത് 50 സെന്റില്‍ താഴെ മാത്രം.


ലാറ്റിനയ്ക്ക് ചുറ്റുമുള്ള വിശാല സമതലങ്ങള്‍ ഉള്‍പ്പെടുന്ന അഗ്രോ പോണ്ടിനോ പ്രദേശത്തെ കുടിയേറ്റ കാര്‍ഷിക തൊഴിലാളികള്‍ ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ബല്‍ബീര്‍ സിംഗിന്റെ കഥ ഇറ്റലിയെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്.

രാജ്യത്ത് 4, 00,000 ത്തിലധികം കാര്‍ഷിക തൊഴിലാളികള്‍ ചൂഷണവിധേയരാണെന്നും ഇവരില്‍ ഒരു ലക്ഷത്തോളം പേര്‍ 'മനുഷ്യത്വരഹിതമായ അവസ്ഥകള്‍' നേരിടുകയാണെന്നും 'സമകാലിക അടിമത്ത വ്യവസ്ഥകളെ'ക്കുറിച്ചുള്ള 2018 ലെ യുഎന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കഴിഞ്ഞ മാസം മാലി സ്വദേശിയായ 27 കാരന്‍ തെക്കുകിഴക്കന്‍ അപുലിയ മേഖലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് (104 ഡിഗ്രി ഫാരന്‍ഹീറ്റ്) വരെ താപനിലയില്‍ ഒരു ദിവസം മുഴുവന്‍ വയലില്‍ ജോലി ചെയ്തതോടെ വീണു മരിച്ചു.

ഹരിതഗൃഹ കൃഷി, ഫ്ളോറി കള്‍ച്ചര്‍, ബഫലോ മൊസറല്ല ചീസ് ഉല്‍പാദനം എന്നിവയുടെ പ്രധാന കേന്ദ്രമായ അഗ്രോ പോണ്ടിനോയില്‍ 1980 കളുടെ പകുതി മുതല്‍ ഇന്ത്യക്കാര്‍ ധാരാളമായെത്തുന്നു.1930 കളില്‍ ഏകാധിപതി ബെനിറ്റോ മുസ്സോളിനിയുടെ കീഴില്‍ നടപ്പാക്കിയ വന്‍ പൊതുമരാമത്ത് പദ്ധതിയുടെ ഭാഗമായി ചതുപ്പുനിലങ്ങളില്‍ നിന്ന് നികത്തിയ ഭൂമിയിലാണ് അവരെ നിയോഗിക്കുന്നത്. 25,000 മുതല്‍ 30,000 വരെ ഇന്ത്യക്കാര്‍ അഗ്രോ പോണ്ടിനോയില്‍ താമസിക്കുന്നു.ഏറെയും പഞ്ചാബ് മേഖലയില്‍ നിന്നുള്ള സിഖുകാരാണെന്ന് സിംഗിനെ സ്വതന്ത്രനാകാന്‍ സഹായിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാര്‍ക്കോ ഒമിസോളോ പറയുന്നു.

നിയമ വിരുദ്ധവും സുസ്ഥിരവുമായ ഒരു വ്യവസ്ഥയാണിവിടത്തേത്. 'കപൊരാലി' എന്നറിയപ്പെടുന്ന ഗുണ്ടാസംഘങ്ങളാണ് ഭൂവുടമകള്‍ക്ക് വേണ്ടി കാര്‍ഷിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും തൊഴിലാളികളെ മേയ്ക്കുന്നതിനും രംഗത്തുള്ളത്. സാധാരണഗതിയില്‍, നിയമാനുസൃത കരാറുകള്‍ വാഗ്ദാനം ചെയ്യുന്നുവെങ്കിലും അതെല്ലാം ഏട്ടിലെ പശുവായി മാറുന്നു.

'തൊഴിലാളികള്‍ക്ക് പ്രതിമാസം 28 ദിവസം ജോലിചെയ്യാം. പക്ഷേ ഗുണ്ടാസംഘം പെയ്സ്ലിപ്പില്‍ നാലു ദിവസം മാത്രമേ അടയാളപ്പെടുത്തുകയുള്ളൂ, അതിനാല്‍ മാസാവസാനം 200, 300 യൂറോ നല്‍കുന്നത് നിയമ വിധേയമായി മാറും. ഔപചാരികമായി, എല്ലാം ഭദ്രം.'- ഒമിസോളോ എഎഫ്പിയോട് പറഞ്ഞു.

മയക്കുമരുന്നായ ' കറുപ്പ് 'കലര്‍ന്ന ഒപിയോയിഡ് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സമീപകാലത്ത് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യാഥാര്‍ത്ഥ്യം വളരെ ഭയാനകമാണ്- ഒമിസോളോ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സബൗദിയയില്‍ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തു.

അര്‍ബുദ രോഗികള്‍ക്കു കൊടുക്കുന്ന ഒപിയോയിഡ് വിഭാഗത്തിലെ ഓക്സികോഡോണ്‍ അടങ്ങിയ ശക്തി കൂടിയ വേദനസംഹാരിയായ ഡെപാല്‍ഗോസിന്റെ 1,500 ലധികം ബോക്സുകള്‍ അനധികൃതമായി 222 ഇന്ത്യന്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കിയതായാണ് ഇയാള്‍ക്കെതിരായ കേസ്. 'വേദനയും ക്ഷീണവും ഒഴിവാക്കി വയലില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മരുന്ന് അവരെ സഹായിക്കുന്നു,' - ലാറ്റിന ചീഫ് പ്രോസിക്യൂട്ടര്‍ ഗ്യൂസെപ്പെ ഡി ഫാല്‍കോ എഎഫ്പിയോട് പറഞ്ഞു.

കാര്‍ഷിക തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രശ്നം പാര്‍ലമെന്റ് നേരത്തെ തന്നെ ഗൗരവമായെടുത്തിരുന്നു. 2016 ല്‍ പാസാക്കിയ 'കപൊരാലി വിരുദ്ധ ' നിയമപ്രകാരമാണ് സിംഗിന്റെ തൊഴിലുടമയെ പ്രോസിക്യൂട്ട് ചെയ്തത്. എന്നാല്‍ നിയമം ശരിയായി നടപ്പാക്കാന്‍ ഇപ്പോഴും വേണ്ടത്ര ലേബര്‍ ഇന്‍സ്പെക്ടര്‍മാരും മറ്റുദ്യോഗസ്ഥരും ഇല്ലെന്ന് യൂണിയനുകള്‍ പറയുന്നു.

യൂറിസ്പ്സ് തിങ്ക് ടാങ്കില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യോളജിസ്റ്റ് എന്ന നിലയില്‍ ഒമിസോളോ, ലാറ്റിന പ്രദേശത്തെ കാര്‍ഷിക തൊഴില്‍ ദുരുപയോഗത്തെക്കുറിച്ച് വിശദമായ ഗവേഷണമാണ് നടത്തിയത്. രഹസ്യമായി പല നീക്കങ്ങളും ഇതിനായി വേണ്ടിവന്നു. ബെല്ല ഫാര്‍നിയ എന്ന ഗ്രാമത്തിലെ വയലുകളില്‍ ആള്‍മാറാട്ടം നടത്തിയാണ് അദ്ദേഹം മൂന്നുമാസം താമസിച്ചത്. നിരവധി വധ ഭീഷണികള്‍ക്ക് ശേഷം ഒമിസോളോ ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ 'ധീരമായ പ്രവര്‍ത്തനത്തെ' അംഗീകരിച്ച് 2019 ല്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല നൈറ്റ്ഹുഡ് നല്‍കി.

2016 ല്‍ അഗ്രോ പോണ്ടിനോയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്ക് സംഘടിപ്പിക്കുന്നതില്‍ പ്രമുഖ ട്രേഡ് യൂണിയനോടൊപ്പം ഒമിസോളോ പങ്കുവഹിച്ചു.അതിനുശേഷം അവരുടെ മണിക്കൂര്‍ വേതനം മൂന്ന് യൂറോയില്‍ നിന്ന് അഞ്ച് യൂറോയായി നിശ്ചയിച്ചു. പക്ഷേ, ഈ നിരക്ക് ഇപ്പോള്‍ നിയമപരമായ മിനിമം വേതനത്തിന്റെ പകുതി മാത്രമേ വരൂ. ജോലി സാഹചര്യങ്ങള്‍ ഇപ്പോഴും മെച്ചമല്ലെന്ന് ഒമിസോളോ പറയുന്നു. എന്നാല്‍ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന് ഫലം ഉണ്ടാകുമെന്ന് പണിമുടക്കിലൂടെ ഇന്ത്യക്കാര്‍ മനസിലാക്കി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.