ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പുകള്‍ക്കിടെ തൊഴില്‍ നിയമ ഭേദഗതികള്‍ ഉള്‍പ്പെടുന്ന മൂന്ന് തൊഴില്‍ കോഡുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രൊവിഡന്റ് ഫണ്ടും ഇന്‍ഷ്വറന്‍സും പ്രസവാനുകൂല്യവും ഉള്‍പ്പെടുന്ന സാമൂഹിക സുരക്ഷ കോഡ്, വ്യവസായ തര്‍ക്കങ്ങളും ട്രേഡ് യൂണിയനുകളും ഉള്‍പ്പെട്ട് വ്യവസായ ബന്ധ കോഡ്, വ്യവസായ സുരക്ഷയും ക്ഷേമ നിയമങ്ങളും സംബന്ധിച്ച തൊഴില്‍ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച കോഡ് എന്നിവയ്ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഭേദഗതി വരുത്തിയ മൂന്ന് തൊഴില്‍ കോഡുകളും സെപ്റ്റംബര്‍ 14ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കഴിഞ്ഞ ജൂണിലാണ് 44 തൊഴില്‍ നിയമങ്ങള്‍ ഏകോപിച്ചു നാല് തൊഴില്‍ കോഡുകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
വിദേശ കന്പനികള്‍ക്ക് കൂടി ഇന്ത്യയില്‍ വ്യവസായം നടത്താവുന്ന തരത്തിലാണ് തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി തൊഴില്‍ കോഡുകള്‍ രൂപീകരിച്ചത്. ഇതില്‍ വേതനം സംബന്ധിച്ച തൊഴില്‍ കോഡ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസായിരുന്നു. മിനിമം കൂലി, ബോണസ്, തുല്യ വേതനം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ തൊഴില്‍ കോഡ്. ബാക്കി മൂന്നു തൊഴില്‍ കോഡുകളും പ്രതിപക്ഷത്തിന്റെ ഉള്‍പ്പടെ രൂക്ഷ പ്രതിഷേധത്തിന് ഒടുവില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ക്കായി പാര്‍ലമെന്ററി സമിതിക്കു വിടുകയായിരുന്നു.
കോവിഡ് പ്രതിസന്ധി കാലത്ത് ഇതിനോടകം തന്നെ ചില സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തൊഴില്‍ സമയ ദൈര്‍ഘ്യം എട്ടു മണിക്കൂറില്‍ നിന്ന് 12 മണിക്കൂറാക്കി നീട്ടി ആറോളം സംസ്ഥാനങ്ങളാണ് തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രേദശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തൊഴിലുടമകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന വിധത്തിലാണ് തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
തൊഴില്‍ നിയമങ്ങളെ മരവിപ്പിക്കു വിധത്തില്‍ തൊഴിലാളികളെ എടുക്കുന്നതിനും പിരിച്ചു വിടുന്നതിനുമുള്ള വ്യവസ്ഥകള്‍ ലളിതമാക്കിയാണ് മാറ്റം. വേതനത്തിന്റെ കാര്യത്തിലും മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിലും തൊഴിലുടമയ്ക്ക് മേല്‍ക്കൈ നല്‍കും വിധമാണ് മാറ്റങ്ങള്‍. ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാന രീതിയില്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
തൊഴില്‍ സമയം ദീര്‍ഘിപ്പിച്ചു കൊണ്ടു കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്, പഞ്ചാബ് സംസ്ഥാനങ്ങളിലും തൊഴില്‍ നിയമങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് തൊഴില്‍ സമയം രണ്ടു സംസ്ഥാനങ്ങളിലും വര്‍ധിപ്പിച്ചിരിക്കുന്നത്. അധിക സമയ ജോലിക്ക് തൊഴിലാളികള്‍ക്ക് പ്രത്യേകം കൂലി നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച തൊഴില്‍ കോഡുകളില്‍ തൊഴിലാളി സമരങ്ങളെ കൂട്ട കാഷ്വല്‍ അവധിയാക്കി മാറ്റുന്നതിനും കരാര്‍ തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പടെ തൊഴിലാളി സംഘടനകള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥകളാണ് ഉള്ളതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.