ന്യൂഡല്‍ഹി: തദ്ദേശീയമായി സമ്പൂര്‍ണ യാത്രാ വിമാനം നിര്‍മിക്കാനൊടുങ്ങി ഇന്ത്യ. ഇതിന് മുന്നോടിയായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ധാരണയായി.
ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ എസ്‌ജെ 100 എന്ന വിമാനമാണ് നിര്‍മിക്കുക. ധാരണാപത്രം അനുസരിച്ച് ആഭ്യന്തര ഉപയോക്താക്കള്‍ക്കായി വിമാനം നിര്‍മിക്കാനുള്ള അവകാശം എച്ച്എഎല്ലിന് ഉണ്ടായിരിക്കും. നിലവില്‍ ഇരുനൂറിലധികം എസ്ജെ 100 വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
പതിനാറ് എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ അവ ഉപയോഗിക്കുന്നുമുണ്ട്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്ക് ഇതൊരു വഴിത്തിരിവാകുമെന്നാണ് എച്ച്എഎല്‍ അവകാശപ്പെടുന്നത്.
'ഒരു സമ്പൂര്‍ണ യാത്രാ വിമാനം ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന ആദ്യത്തെ സന്ദര്‍ഭം കൂടിയായിരിക്കും ഇത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര യാത്രകള്‍ക്കായി വ്യോമയാന മേഖലയ്ക്ക് ഇരുനൂറിലധികം ഇത്തരം നാരോ-ബോഡി ജെറ്റുകള്‍ ആവശ്യമായി വരും. സിവില്‍ ഏവിയേഷന്‍ മേഖലയില്‍ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു ചുവടുവെപ്പാണിത്' - എച്ച്എഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.
യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ വിശദാംശങ്ങള്‍ അനുസരിച്ച്, എസ്‌ജെ 100 വിമാനത്തിന് 103 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും, കൂടാതെ 3,530 കിലോ മീറ്റര്‍ ദൂരംവരെ പറക്കാനും കഴിയും. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും മൈനസ് 55 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയുള്ള താപനിലയുള്ള എല്ലാ കാലാവസ്ഥാ മേഖലകളിലും പ്രവര്‍ത്തിക്കാനുള്ള കഴിവും ഇതിനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.