ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള ആദ്യ വിമാനം ഇന്ന് സര്‍വീസ് ആരംഭിച്ചു. ഷാങ്ഹായ്-ന്യൂഡല്‍ഹി വിമാനം നവംബര്‍ ഒന്‍പത് മുതല്‍ സര്‍വീസ് ആരംഭിക്കും.
ആഴ്ചയില്‍ മൂന്ന് വിമാനങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് ഇക്കാര്യം സ്ഥിരീകരിച്ചു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്ന് യു ജിങ് എക്‌സില്‍ കുറിച്ചു.
2020 ലെ ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍ഡിഗോയും സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കോവിഡിനെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനരാരംഭിക്കുന്ന ആദ്യ എയര്‍ലൈനുകളില്‍ ഒന്നായിരിക്കുമെന്ന് ഇന്‍ഡിഗോ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 2025 ഒക്ടോബര്‍ 26 മുതല്‍ എയര്‍ബസ് എ 320 നിയോ വിമാനങ്ങള്‍ കൊല്‍ക്കത്തയ്ക്കും ഗ്വാങ്ഷൂവിനും ഇടയില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിനും തന്ത്രപരമായ ബിസിനസ് പങ്കാളിത്തങ്ങള്‍ക്കും പുതിയ വഴികള്‍ തുറക്കുന്ന സര്‍വീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്നാണ് പ്രതീക്ഷ. ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും നടത്തിയ ചര്‍ച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളുടെ സാങ്കേതിക കൂടിയാലോചനകളുമാണ് ഈ തീരുമാനത്തിലേയ്ക്ക് എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.