മില്ലുടമകളെ ക്ഷണിച്ചില്ല; സിപിഐ മന്ത്രി വിളിച്ച യോഗം അഞ്ച് മിനിട്ടില്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

മില്ലുടമകളെ ക്ഷണിച്ചില്ല; സിപിഐ മന്ത്രി വിളിച്ച യോഗം അഞ്ച് മിനിട്ടില്‍ അവസാനിപ്പിച്ച്  മുഖ്യമന്ത്രി ഇറങ്ങിപ്പോയി

കൊച്ചി: മില്ലുടമകളെ ക്ഷണിക്കാത്തതിനാല്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രി ജി.ആര്‍ അനില്‍ വിളിച്ച യോഗം വേഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകള്‍ ഇല്ലെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് മിനിട്ടില്‍ അവസാനിപ്പിച്ചത്.

സിപിഐ ഭരിക്കുന്ന ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പാണ് യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി.ആര്‍ അനില്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവര്‍ക്ക് പുറമെ ധനമന്ത്രി കെ.എന്‍ ബാലഗോപാലും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തിയിരുന്നു.

യോഗം ആരംഭിച്ചയുടന്‍ തന്നെ മില്ലുടമകള്‍ എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരെ വിളിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥതല യോഗമാണ് ഇന്ന് ചേരുന്നതെന്നും ഭക്ഷ്യമന്ത്രി മറുപടി നല്‍കി. ഇതുകേട്ട് ക്ഷുഭിതനായ മുഖ്യമന്ത്രി മില്ലുടമകള്‍ ഇല്ലാതെ എന്തിനാണീ ചര്‍ച്ചയെന്ന് ചോദിച്ചു.

യോഗത്തിന്റെ അജണ്ട മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി മന്ത്രിമാര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചില്ല. തുടര്‍ന്ന് നിമിഷനേരം കൊണ്ട് യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. മില്ലുടമകളെക്കൂടി ഉള്‍പ്പെടുത്തി നാളെ വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.