പാരിസ്: പാരിസിലെ ലോക പ്രശസ്ത ലൂവ്രെ മ്യൂസിയത്തില്‍ നടന്ന മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇരുവരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം. അള്‍ജീരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളില്‍ ഒരാള്‍ ശനിയാഴ്ച പാരിസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് പിടിയിലായത്. അധികം വൈകാതെ രണ്ടാമത്തെ പ്രതിയെയും പിടികൂടി.
മ്യൂസിയത്തിലെ വിലയേറിയ ആഭരണം മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാത്തത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫ്രഞ്ച് മാധ്യമമായ ടലെ പാരിസിയനിലെ' റിപ്പോര്‍ട്ട് അനുസരിച്ച് പാരിസിന് സമീപമുള്ള സീന്‍-സെന്റ്-ഡെനിസില്‍ നിന്നുള്ളവരാണ് പ്രതികള്‍. ഇരുവരും മറ്റ് പല മോഷണക്കേസുകളിലും പ്രതികളാണ്.
ഈ മാസം 19 നാണ് ലൂവ്രെ മ്യൂസിയത്തിന്റെ രണ്ടാംനിലയിലെ ബാല്‍ക്കണി വഴി അപ്പോളോ ഗാലറിയില്‍ കടന്ന മോഷ്ടാക്കള്‍ 10.2 കോടി ഡോളര്‍ (ഏകദേശം 896 കോടി രൂപ) മൂല്യം കണക്കാക്കുന്ന എട്ട് രത്‌നാഭരണങ്ങള്‍ കവര്‍ന്നത്. മോഷണ മുതലുകളിലൊന്ന് മ്യൂസിയത്തിനടുത്തു നിന്ന് കിട്ടി.
ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്.
മ്യൂസിയത്തിന്റെ തെക്ക് കിഴക്കന്‍ വശത്തുള്ള റോഡില്‍ ട്രക്ക് നിര്‍ത്തി അതിലുണ്ടായിരുന്ന യന്ത്ര ഗോവണി ഉപയോഗിച്ച് മോഷ്ടാക്കള്‍ ബാല്‍ക്കണിയില്‍ കയറി. അവിടെ നിന്ന് ബാല്‍ക്കണിയിലെ ജനാല തകര്‍ത്ത് നേരെ അപ്പോളോ ഗാലറിയിലെത്തി മോഷണം നടത്തുകയായിരുന്നു.
സുരക്ഷാ വീഴ്ച തുറന്നു കാട്ടിയ പകല്‍ കൊള്ളയുടെ പശ്ചാത്തലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങള്‍ ലൂവ്ര് മ്യൂസിയം അധികൃതര്‍ ബാങ്ക് ഓഫ് ഫ്രാന്‍സിന്റെ ലോക്കറിലേക്കു മാറ്റിയിരുന്നു. കവര്‍ച്ച നടന്ന അപ്പോളോ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന രാജഭരണ കാലത്തെ ആഭരണങ്ങളാണ് മാറ്റിയതെന്ന് ഫ്രഞ്ച് റേഡിയോയായ ആര്‍ടിഎല്‍ റിപ്പോര്‍ട്ട് ചെയ്തു.
മ്യൂസിയത്തില്‍
നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് ബാങ്ക് ഓഫ് ഫ്രാന്‍സ്. ഇവിടെ ഭൂനിരപ്പില്‍ നിന്ന് 27 മീറ്റര്‍ ആഴത്തിലുള്ള അറയിലാണ് രാജ്യത്തിന്റെ സ്വര്‍ണ ശേഖരം സൂക്ഷിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.