പിഎം ശ്രീ: ആദ്യ ഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും; സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ല

 പിഎം ശ്രീ: ആദ്യ ഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും; സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ല

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ല. നടപടികളിലേക്ക് കടക്കണ്ടെന്ന തീരുമാനത്തിലാണ് ലിസ്റ്റ് കൈമാറാത്തത്. സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) ഫണ്ടിനായി മാത്രമേ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയുള്ളു. ആദ്യ ഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും.

എസ്എസ്‌കെയ്ക്ക് വേണ്ടി 971 കോടി രൂപയാണ് കേന്ദ്രം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ തടഞ്ഞ് വച്ച വിഹിതങ്ങള്‍ നല്‍കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അതേസമയം പിഎം ശ്രീയെ ചൊല്ലി സംസ്ഥാനത്ത് വിവാദങ്ങള്‍ തുടരുകയാണ്. ഈ മാസം 16 നാണ് പിഎം ശ്രീയില്‍ ഒപ്പുവെയ്‌ക്കേണ്ട ധാരണാ പത്രം തയ്യാറാക്കിയത്. 23 ന് ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു.

എന്നാല്‍ 22 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീയില്‍ സിപിഐ മന്ത്രി കെ. രാജന്‍ എതിര്‍പ്പ് ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ധാരണാപത്രത്തില്‍ ഒപ്പുവച്ച വിവരം അറിയിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

അതേസമയം പിഎം ശ്രീയില്‍ വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ് സിപിഐ. ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ ഭാഷയിലായിരുന്നു ഇതിനെതിരെ പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിലും മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് ധാരണാപത്രത്തില്‍ ഒപ്പുവെക്കുക വഴി ഉണ്ടായിരിക്കുന്നതെന്നും അത് ബന്ധപ്പെട്ട മന്ത്രിയുടെയും വകുപ്പിന്റെയും അറിവോടും അനുമതിയോടും കൂടിയാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നുമായിരുന്നു വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.