വി. ഹഡ്രിയാന്‍ (അഡ്രിയാന്‍) മൂന്നാമന്‍ മാര്‍പ്പാപ്പ
ഏകദേശം ഒരു വര്‍ഷവും നാലുമാസവും മാത്രം നീണ്ടുനിന്ന വി. ഹഡ്രിയാന്‍ (അഡ്രിയാന്‍) മൂന്നാമന്‍ പാപ്പായുടെ ഭരണകാലത്തെക്കുറിച്ച് വളരെ ചുരുക്കം വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. എന്നിരുന്നാലും ലഭ്യമായ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ധീരോചിതവും വിശുദ്ധവുമായ ജീവിതത്തെ വെളിവാക്കുന്നതായിരുന്നു. പട്ടിണിയിലും യുദ്ധത്തിലും വലഞ്ഞ തന്റെ ജനത്തെ സഹായിക്കുവാന്‍ മാനുഷികമായി സാധ്യമായതെല്ലാം ചെയ്യുവാനും പ്രശ്‌നകലുഷിതവും രാഷ്ട്രീയ അസ്ഥിരതയിലുമായിരുന്ന ഒരു കാലഘട്ടത്തില്‍ ദൈവജനത്തിന് പ്രതീക്ഷ നല്‍കവാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുവാന്‍ തയ്യാറാവുകയും ചെയ്ത ആത്മീയനേതാവായിരുന്നു അദ്ദേഹം.
ഏ.ഡി. 830-ല്‍ റോമില്‍ ജനിച്ച ഹഡ്രിയാന്‍ മൂന്നാമന്‍ പാപ്പാ തന്റെ മുന്‍ഗാമിയായ മരിനൂസ് ഒന്നാമന്‍ പാപ്പാ ദിവംഗതനായി രണ്ട് ദിവസത്തിനുശേഷം തിരുസഭയുടെ നൂറ്റിയൊമ്പതാമത്തെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. അന്നേ ദിവസം തന്നെ, ഏ.ഡി. 884 മെയ് 17-ന്, അദ്ദേഹം റോമിന്റെ മെത്രാനും പത്രോസിന്റെ പിന്‍ഗാമിയുമായി അഭിഷേകം ചെയ്യപ്പെട്ടു.
തന്റെ മുന്‍ഗാമിയായിരുന്ന മരിനൂസ് ഒന്നാമന്‍ പാപ്പായുടെ നയങ്ങളെക്കാള്‍ ജോണ്‍ എട്ടാമന്‍ പാപ്പായുടെ നയങ്ങളെയാണ് ഹഡ്രിയാന്‍ മൂന്നാമന്‍ പാപ്പാ പിന്തുണയ്ക്കുകയും അനുധാവനം ചെയ്യുകയും ചെയ്തത്. രാഷ്ട്രിയപരമായി വളരെ അസ്ഥിരമായ ഒരു കാലഘട്ടമായിരുന്നു അത്. റോമന്‍ തെരുവുകളില്‍ മിക്കപ്പോഴും രക്തരൂക്ഷിത കലാപങ്ങള്‍ അരങ്ങേറിയിരുന്നു. ഈ കലാപങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോള്‍ നേതൃത്വത്തിനായി ജനങ്ങള്‍ മാര്‍പ്പാപ്പയെ ആണ് ആശ്രയിച്ചിരുന്നത്. പേപ്പല്‍ സംസ്ഥാനങ്ങളുടെ അധികാരം ഉപയോഗിച്ച് പലപ്പോഴും മാര്‍പ്പാപ്പ ദൈവജനത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.
ഹഡ്രിയാന്‍ മൂന്നാമന്‍ പാപ്പായുടെ ഭരണകാലത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ചില സംഭവങ്ങളും അരങ്ങേറിയിരുന്നു. ജോണ്‍ എട്ടാമന്‍ പാപ്പായുടെ ശത്രുവായിരുന്നതിനാല്‍ നാടുകടത്തപ്പെടുകയും, മരിനൂസ് പാപ്പ പ്രവാസത്തില്‍നിന്ന് തിരികെവരുവാന്‍ അനുവദിക്കുകയും ചെയ്ത ലാറ്ററന്‍ കൊട്ടാരത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഹഡ്രിയാന്‍ മൂന്നാമന്‍ പാപ്പാ അന്ധനാക്കിയെന്നും അതുപോലെതന്നെ ഉന്നതകുലജാതയായ ഒരു സ്ത്രീയെ പൊതുജന മധ്യത്തില്‍വെച്ച് വിവസ്ത്രയാക്കുകയും ചാട്ടവാറടിക്ക് വിധേയയാക്കുകയും ചെയ്തുവെന്നും ചരിത്രരേഖകള്‍ രേഖപ്പെടുത്തുന്നു.
എന്നിരുന്നാലും, ഹഡ്രിയാന്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ മറ്റൊരു നേട്ടം പൗരസ്ത്യദേശത്തെ സഭയുമായി തന്റെ മുന്‍ഗാമിയെപ്പോലെതന്നെ വളരെ സൗഹൃദത്തില്‍ പോകുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നതാണ്. മാര്‍പ്പാപ്പാ സ്ഥാനത്തേക്കുള്ള തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചറിയിച്ചുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായിരുന്ന ഫോസിയൂസിന് കത്തെഴുതി. ഇത്തരം നീക്കങ്ങള്‍ റോമും പൗരസ്‌ത്യസഭയുമായി അനുരഞ്ചനത്തിലേക്ക് നയിക്കുന്നവയായിരുന്നു.
ഏ.ഡി. 885-ല്‍ ജര്‍മ്മനിയിലെ വേര്‍മ്‌സ് എന്ന സ്ഥലത്ത് ചാള്‍സ് ചക്രവര്‍ത്തി വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ചക്രവര്‍ത്തിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഹഡ്രിയാന്‍ മൂന്നാമന്‍ പാപ്പാ തീരുമാനിച്ചു. തനിക്ക് നിയമാനുസൃതമായ ഒരു അനന്തരാവകാശി ഇല്ലാതിരുന്നതിനാല്‍ തന്റെ അനിയമാനുസൃത പുത്രനെ തന്റെ പിന്തുടര്‍ച്ചാവകാശിയായി നിയമിക്കുന്നതിനായി മാര്‍പ്പാപ്പയുടെ അംഗീകാരം നേടുക എന്നതായിരുന്നു ചക്രവര്‍ത്തിയുടെ ലക്ഷ്യം. ഇക്കാര്യം പാപ്പായ്ക്ക് അറിവുള്ളതായിരുന്നെങ്കിലും, ചാള്‍സ് ചക്രവര്‍ത്തിയുമായി സഹകരിക്കുന്നതിന്റെ പ്രത്യുപകാരമായി റോമിലെ തന്റെ ശത്രുക്കള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ ചക്രവര്‍ത്തിയുടെ പിന്തുണ നേടിയെടുക്കുക എന്നതായിരുന്നു പാപ്പായുടെ ലക്ഷ്യം. എന്നാല്‍, യാത്രാമദ്ധ്യേ ഇറ്റലിയുടെ വടക്കന്‍ നഗരമായ മൊഡേണയില്‍വെച്ച് ഹഡ്രിയാന്‍ മൂന്നാമന്‍ പാപ്പായുടെ മരണം സംഭവിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം നൊണന്തോളയിലെ ആശ്രമത്തില്‍ സംസ്‌കരിച്ചു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.