തുര്‍ക്കി, ലെബനന്‍; ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം നവംബര്‍ 27 മുതല്‍: വിശദാംശങ്ങള്‍

തുര്‍ക്കി, ലെബനന്‍; ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം നവംബര്‍ 27 മുതല്‍: വിശദാംശങ്ങള്‍

നവംബര്‍ 27 ന് യാത്ര തിരിക്കുന്ന മാര്‍പാപ്പ ഡിസംബര്‍ രണ്ടിന് വത്തിക്കാനില്‍ മടങ്ങിയെത്തും.

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടു. തുര്‍ക്കി, ലെബനന്‍ എന്നീ രാജ്യങ്ങളിലേക്കാണ് പാപ്പയുടെ പ്രഥമ സന്ദര്‍ശനം.

നവംബര്‍ 27 ന് യാത്ര തിരിക്കുന്ന മാര്‍പാപ്പ ഡിസംബര്‍ രണ്ടിന് വത്തിക്കാനില്‍ മടങ്ങിയെത്തും. ഒന്നാം നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് തുര്‍ക്കി സന്ദര്‍ശനം. നവംബര്‍ 27 ന് തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എത്തുന്ന മാര്‍പാപ്പ പ്രസിഡന്റ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തും.

വൈകുന്നേരം ഇസ്താംബൂളിലേക്കു പോകുന്ന മാര്‍പാപ്പ 28 ന് അവിടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലില്‍ ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്തര്‍, ഡീക്കന്മാര്‍, അല്‍മായ പ്രവര്‍ത്തകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് സ്നിക് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും. അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങള്‍ക്ക് സമീപം നടക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാര്‍പാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. 29 ന് രാവിലെ സുല്‍ത്താന്‍ അഹമ്മദ് മോസ്‌ക് സന്ദര്‍ശിക്കും. തുടര്‍ന്ന് മാര്‍ എഫ്രേം സിറിയക് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രദേശത്തെ ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച.

വൈകുന്നേരം കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്റെ ആസ്ഥാന ദേവാലയമായ സെന്റ് ജോര്‍ജ് പാത്രിയാര്‍ക്കല്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. തുടര്‍ന്ന് പാത്രിയാര്‍ക്കല്‍ കൊട്ടാരത്തില്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച. 30 ന് രാവിലെ അര്‍മേനിയന്‍ അപ്പസ്‌തോലിക് കത്തീഡ്രലില്‍ പ്രാര്‍ത്ഥന.

തുടര്‍ന്ന് സെന്റ് ജോര്‍ജ് പാത്രിയാര്‍ക്കല്‍ പള്ളിയില്‍ ആരാധനയില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് യാത്രയയപ്പ് നല്‍കും. പിന്നീട്് ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് പോകും. അവിടെയെത്തുന്ന മാര്‍പാപ്പ പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് അന്നായയിലെ സെന്റ് മാറോന്‍ ആശ്രമത്തില്‍ വിശുദ്ധ ചാര്‍ബെലിന്റെ കബറിടം സന്ദര്‍ശിക്കും. പിന്നീട് ഹാരിസയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോകുന്ന മാര്‍പാപ്പ അവിടെ ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രവര്‍ത്തകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഉച്ചകഴിഞ്ഞ് ബെയ്‌റൂട്ടിലെ രക്തസാക്ഷി ചത്വരത്തില്‍ എക്യുമെനിക്കല്‍, മതാന്തര സമ്മേളനങ്ങളില്‍ പങ്കെടുക്കും. യുവാക്കളുമായി കൂടിക്കാഴ്ച നടത്തും. യാത്രയുടെ അവസാന ദിവസമായ ഡിസംബര്‍ രണ്ടിന് ജല്‍ എഡ് ഡിബിലെ ഡി ലാ ക്രോയിക്‌സ് ആശുപത്രി സന്ദര്‍ശിക്കും.

തുടര്‍ന്ന് 2020 ല്‍ വിനാശകരമായ സ്‌ഫോടനം നടന്ന ബെയ്‌റൂട്ടിലെ തുറമുഖത്ത് മൗന പ്രാര്‍ത്ഥന നടത്തും. ലിയോ മാര്‍പാപ്പ തന്റെ യാത്രയുടെ സമാപന ദിവ്യബലി ബെയ്‌റൂട്ട് വാട്ടര്‍ഫ്രണ്ടില്‍ അര്‍പ്പിക്കും. തുടര്‍ന്ന് യാത്ര തിരിക്കുന്ന പാപ്പ പ്രാദേശിക സമയം വൈകുന്നേരം 4:10 ന് റോമില്‍ എത്തിച്ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.