വത്തിക്കാൻ സിറ്റി: ക്രിസ്മസ് കാലം പ്രമാണിച്ച് വത്തിക്കാനിൽ എല്ലാ വർഷവും നടത്തിവരുന്ന തിരുപ്പിറവിയുടെ ദൃശ്യഭംഗി ഒപ്പിയെടുക്കുന്ന നൂറു പുൽക്കൂട് പ്രദർശനം ആരംഭിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്മസ് പൈതൃകങ്ങളെ ഒരിടത്ത് അണിനിരത്തുന്ന ഈ പ്രദർശനം വത്തിക്കാൻ ചത്വരത്തിൻ്റെ മനോഹാരിത പതിമടങ്ങ് വർദ്ധിപ്പിക്കുകയാണ്.
ഡിസംബർ എട്ടാം തീയതി സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ട് മോൺ. റീനോ ഫിസിക്കെല്ല പ്രദർശനം ഉദ്ഘാടനം ചെയ്തു. ഈ വർഷം 32 രാജ്യങ്ങളിൽ നിന്നുള്ള 132 പുൽക്കൂടുകളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. ഇന്ത്യ ഉൾപ്പെടെ ഇറ്റലി, ഫ്രാൻസ്, പോളണ്ട്, അമേരിക്ക, ജപ്പാൻ, കൊറിയ, ഫിലിപ്പീൻസ് തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യങ്ങൾ തങ്ങളുടെ സാംസ്കാരിക തനിമയോടെയുള്ള പുൽക്കൂടുകൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സർഗ്ഗാത്മകത ഈ പുൽക്കൂടുകളിൽ പ്രകടമാണ്. പരമ്പരാഗതമായ രീതികൾക്കപ്പുറം പുൽക്കൂടുകളുടെ നിർമ്മാണത്തിനായി വൈവിധ്യമാർന്ന വസ്തുക്കൾ ഉപയോഗിച്ചിരിക്കുന്നു. ജാപ്പനീസ് പേപ്പർ, സിൽക്ക്, റെസിൻ, കമ്പിളി, തേങ്ങ, ഗ്ലാസ് തുടങ്ങിയ അപൂർവമായ നിർമ്മാണ വസ്തുക്കളാണ് ഓരോ പുൽക്കൂടിനും സവിശേഷമായ സൗന്ദര്യം നൽകുന്നത്.
ക്രിസ്മ സിൻ്റെ ആത്മീയ സന്ദേശം ലോകത്തിന് കൈമാറുന്ന ഈ പുൽക്കൂട് പ്രദർശനം സൗജന്യമായിരിക്കും. പ്രദർശനം 2026 ജനുവരി എട്ട് വരെ നീളും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴ് മണി വരെ പൊതുജനങ്ങൾക്ക് ഈ ദൃശ്യവിസ്മയം കണ്ട് തൊഴാൻ അവസരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.