വത്തിക്കാൻ സിറ്റി: വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിക്കും. കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് പാപ്പ നാളെ പ്രസിദ്ധീകരിക്കുന്ന രേഖയിലാണ് വിശുദ്ധ തോമസ് അക്വിനാസിനൊപ്പം വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാനെ സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിക്കുന്നത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ക്രൈസ്തവ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ ‘ഗ്രാവിസിമം എഡ്യൂക്കേഷനിസി’ന്റെ അറുപതാം വാര്‍ഷികത്തിലാണ് പുതിയ രേഖ പാപ്പ പ്രസിദ്ധീകരിക്കുന്നതെന്ന് സാംസ്‌കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ ജോസ് റ്റോലെന്റിനോ പറഞ്ഞു.
അയർലണ്ടിലെ പ്രമുഖമായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായിരുന്ന ജോൺ ഹെൻറി ന്യൂമാൻ ഇംഗ്ലീഷിലേക്കുള്ള ബൈബിളിന്റെ പുതിയ വിവർത്തനത്തിന് നേതൃത്വം നൽകി. ആത്മീയതയും പാണ്ഡിത്യവും ഒരുമിച്ചു കൂടിയ വ്യക്തിത്വമായ കർദിനാൾ ന്യൂമാൻ 40 ഗ്രന്ഥങ്ങൾ, ഇരുപതിനായിരത്തിലധികം കത്തുകൾ, 30 കവിതകൾ തുടങ്ങിയ സമ്പന്നമായ രചനകൾ സഭയ്ക്ക് സംഭാവനയായി നൽകി.
ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വളരെ ആത്മബന്ധമുള്ള ക്രിസ്തീയ ചിന്തകനായിരുന്നു കര്‍ദിനാള്‍ ന്യൂമാൻ. ആഗോള വിദ്യാഭ്യാസ ജൂബിലിയുടെ സമാപനദിനമായ നവംബർ ഒന്നിന് വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ സഭയുടെ 38-ാമത്തെ വേദപാരംഗതനായും മാർപാപ്പ പ്രഖ്യാപിക്കും.
2025 ലെ പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി റോമിലും വത്തിക്കാനിലുമായി നടക്കുന്ന ആഗോള വിദ്യാഭ്യാസ ജൂബിലി ഇന്ന് മുതൽ നവംബർ ഒന്നു വരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 20,000 പേർ ഇതിൽ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.