രാജ്യദ്രോഹ നിയമം കൊളോണിയല്‍ കാലത്തേത്; ദുരുപയോഗം ആശങ്കപ്പെടുത്തുന്നു, സാധുത പരിശോധിക്കും: സുപ്രീം കോടതി

രാജ്യദ്രോഹ നിയമം കൊളോണിയല്‍ കാലത്തേത്; ദുരുപയോഗം ആശങ്കപ്പെടുത്തുന്നു, സാധുത പരിശോധിക്കും: സുപ്രീം കോടതി


'തടി മുറിക്കാന്‍ കൊടുത്ത വാളുകൊണ്ട് വനം മുഴുവന്‍ മുറിച്ച് മുറിച്ച് മാറ്റുന്ന മരപ്പണിക്കാരനോട് നമുക്കിതിനെ താരതമ്യപ്പെടുത്താം. അതാണ് ഈ നിയമത്തിന്റെ പരിണിത ഫലം'- ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

ന്യൂഡല്‍ഹി: ഇന്ത്യയിലെ രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തേതാണെന്ന് സുപ്രീം കോടതി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോയെന്നും കോടതി ചോദിച്ചു. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

മുന്‍സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിപരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

'രാജ്യദ്രോഹ നിയമം ഒരു കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനുശേഷവും നമുക്ക് ഇപ്പോഴും നമ്മുടെ രാജ്യത്ത് നിയമം ആവശ്യമുണ്ടോ?' ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ചോദിച്ചു. ഈ നിയമം ഉപയോഗിച്ചാണ് ഗാന്ധിയെ ബ്രിട്ടീഷുകാര്‍ നിശബ്ദരാക്കാന്‍ ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.

രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടെന്നും എല്ലാം ഒരുമിച്ച് വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. എക്സിക്യുട്ടീവിന്റെ ഉത്തരവാദിത്തമല്ല, നിയമത്തിന്റെ ദുരുപയോഗമാണ് തങ്ങളെ ആശങ്കപ്പെടുത്തുന്നുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഗുരുതരമായ ഭീഷണിയെന്നാണ് സുപ്രീം കോടതി ഈ നിയമത്തെ വിശേഷിപ്പിച്ചത്. ദുരുപയോഗത്തിന്റെ ബൃഹത്തായ ശക്തി ഇതിനുണ്ട്.'തടി മുറിക്കാന്‍ കൊടുത്ത വാളുകൊണ്ട് വനം മുഴുവന്‍ മുറിച്ച് മുറിച്ച് മാറ്റുന്ന മരപ്പണിക്കാരനോട് നമുക്കിതിനെ താരതമ്യപ്പെടുത്താം.അതാണ് ഈ നിയമത്തിന്റെ പരിണിത ഫലം' ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.