വാക്‌സിനെടുക്കാന്‍ 'ദിനോസര്‍'; ചിരിയടക്കി ഉദ്യോഗസ്ഥര്‍

 വാക്‌സിനെടുക്കാന്‍ 'ദിനോസര്‍';   ചിരിയടക്കി ഉദ്യോഗസ്ഥര്‍

ക്വാലാലംപൂര്‍: മലേഷ്യയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി എത്തിയ 'ദിനോസറിനെ' കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു; പിന്നെ കൂട്ടച്ചിരിയായി. ലോകത്ത് ഉടനീളം കോവിഡ് വ്യാപനം ആശങ്ക പരത്തുമ്പോഴും അതിലും തമാശ കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ ചില പ്രവര്‍ത്തികളാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. മാസ്‌കും സാനിറ്റൈസറുമൊക്കെയായിട്ടാണ് സാധാരണ എല്ലാവരും വാക്‌സിന്‍ കേന്ദ്രത്തിലെത്തുന്നത്. എന്നാല്‍ മലേഷ്യയില്‍ ഒരു യുവാവ് വാക്‌സിന്‍ എടുക്കാന്‍ ദിനോസറിന്റെ രൂപത്തിലാണ് എത്തിയത്.

പ്രത്യേക ടി-റെക്‌സ് ദിനോസര്‍ സ്യൂട്ടിലെത്തിയയാളെ കണ്ട് പലരും അന്തംവിട്ടു നിന്നു. കോവിഡ് പ്രോട്ടോക്കോളുകളെല്ലാം കൃത്യമായി പാലിച്ച് വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തിയ ദിനോസറിനെ കണ്ട് ഉദ്യോഗസ്ഥര്‍ക്കും ചിരിയടക്കാനായില്ല.



മലേഷ്യന്‍ സംസ്ഥാനമായ സരാവാക്ക് സ്വദേശിയായ കെന്നി സിയ ആണ് ദിനോസര്‍ വേഷം ധരിച്ച തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ''ഇന്ന് എന്റെ ആദ്യത്തെ ഡോസ് സിനോവാക്ക് ലഭിച്ചു.'' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ വൈറലായി.

പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തിലെ ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ ലഘൂകരിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സിയ വെളിപ്പെടുത്തി.



ലെവല്‍ അപ്പ് ഫിറ്റ്‌നസിന്റെ സ്ഥാപകനും ഡയറക്ടറുമാണ് സിയ. ദിനോസര്‍ വേഷത്തിലെത്തിയ സ്വീകര്‍ത്താവിന്റെ ചിത്രങ്ങള്‍ വാക്‌സിനേഷന്‍ സെന്ററും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.