സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി; കേന്ദ്ര നീക്കത്തിന് തുടക്കത്തിലേ തിരിച്ചടി

സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി; കേന്ദ്ര നീക്കത്തിന് തുടക്കത്തിലേ തിരിച്ചടി

ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരാണ് ഭൂരിപക്ഷ വിധിയെഴുതിയത്. എന്നാല്‍, 97-ാം ഭരണഘടനാ ഭേദഗതി പൂര്‍ണമായും റദ്ദാക്കണമെന്നും കേന്ദ്രത്തിന്റെ അപ്പീല്‍ തള്ളുന്നതായും ജസ്റ്റിസ് കെ.എം ജോസഫിന്റെ ഭിന്നവിധിയില്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് കര്‍ശന വ്യവസ്ഥകള്‍ ബാധകമാക്കിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി. സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍, കേന്ദ്രഭരണ പ്രദേശത്തെ സഹകരണ സംഘങ്ങള്‍ എന്നിവയില്‍ മാത്രമേ കേന്ദ്രത്തിന് നിയമ നിര്‍മാണം നടത്താനാകൂവെന്നും മറ്റുള്ളവ സംസ്ഥാന വിഷയമാണെന്നും പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുമതല നല്‍കി രണ്ടാഴ്ച തികയും മുന്‍പാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയ വിധി. സംസ്ഥാന വിഷയത്തില്‍ ഭേദഗതി പാസാക്കുമ്പോള്‍ നിയമസഭകളുടെ അംഗീകാരം വാങ്ങുകയെന്ന നടപടിക്രമം പാലിച്ചില്ലെന്നതാണു പ്രശ്‌നം.

സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് 2012-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013-ലെ ആ വിധിക്കെതിരേ കേന്ദ്രം നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. സഹകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മന്ത്രാലയമുണ്ടാക്കുകയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വിധി പ്രസക്തമാണ്.

സഹകരണം സംസ്ഥാനവിഷയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന 'പാര്‍ട്ട് 9 ബി' പൂര്‍ണമായും റദ്ദാക്കിയിരുന്നു. എന്നാല്‍, ഇതില്‍ അന്തര്‍ സംസ്ഥാന സഹകരണസംഘങ്ങള്‍, കേന്ദ്രഭരണ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. അതായത്, ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടരുത്.

ഭരണ സമിതിയംഗങ്ങളുടെ എണ്ണം, അംഗങ്ങള്‍ക്കെതിരായ ശിക്ഷാനടപടി, പിരിച്ചുവിടാനുള്ള വ്യവസ്ഥകള്‍, ഓഡിറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് റദ്ദാക്കപ്പെട്ട 'പാര്‍ട്ട് 9 ബി'യില്‍ വരുന്നത്. സഹകരണ സൊസൈറ്റികളുടെ കാര്യത്തില്‍ നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തില്‍ കടന്നുകയറുന്നതാണോ ഭരണഘടനാ ഭേദഗതിയെന്നാണ് സുപ്രീം കോടതി പരിശോധിച്ചത്.

സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് നേരിട്ടോ അല്ലാതെയോ കൈകടത്തുന്നതല്ല ഭേദഗതിയെന്ന് കേന്ദ്രം വാദിച്ചു. സഹകരണസൊസൈറ്റികള്‍ കൈകാര്യംചെയ്യാന്‍ രാജ്യമൊട്ടാകെ ഏകീകൃത സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിട്ടതെന്നും സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മാണത്തിനുള്ള അധികാരം നഷ്ടപ്പെടില്ലെന്നും കേന്ദ്രം വാദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.