തൃശൂര്‍: സിപിഎം നേതൃത്വത്തിലുള്ള സമിതി ഭരണം നടത്തുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് കടുത്ത നിയമ ലംഘനങ്ങളും തട്ടിപ്പുകളുമെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. ബാങ്കില്‍ ബിനാമി ഇടപാടുകള്‍ ധാരാളമായി നടന്നെന്ന് പ്രസിഡന്റിന്റെയും മാനേജരുടെയും മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.
2011 മുതല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനും മറ്റുമായും ബാങ്കില്‍നിന്ന് ബിനാമി വായ്പയെടുക്കാറുണ്ടെന്നും പിന്നീട് മാര്‍ച്ച് അവസാനം വായ്പ പുതുക്കേണ്ട ഘട്ടത്തില്‍ ബിനാമി ഇടപാട് മറയ്ക്കുന്നതിനായി പഴയവസ്തുപരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താറുണ്ടെന്നും ബാങ്ക് മാനേജര്‍ എം.കെ. ബിജു അന്വേഷണക്കമ്മിഷന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ബാങ്കിന്റെ നിയമാവലി വ്യവസ്ഥ 42 (6) പ്രകാരം ജാമ്യവസ്തുക്കള്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ട ചുമതല ബാങ്ക് ഭരണസമിതിക്കാണ്. എന്നാല്‍, വസ്തുവിന്റെ മതിപ്പുവില പരിഗണിക്കാതെ ഉയര്‍ന്ന തുക വായ്പ നല്‍കിയ ഭരണസമിതി ബിനാമി ഇടപാടിന് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജീവനക്കാരുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് സഹായിക്കും വിധം ബാങ്കില്‍നിന്ന് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് പ്രസിഡന്റും സഹകരണ വകുപ്പിന്റെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ റിപ്പോര്‍ട്ടിന്റെ 28-ാം പേജില്‍ പ്രതിപാദിച്ചിട്ടുണ്ട്. ബാങ്കിന്റെ നിയമാവലി വ്യവസ്ഥ 42 (14) പ്രകാരം അംഗങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിന് അധികാരപ്പെട്ട ബാങ്ക് ഭരണസമിതി തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിക്ഷേങ്ങളുടെ പേരിലുള്ള തട്ടിപ്പുകളും വായ്പയുടെ പേരിലുള്ള തട്ടിപ്പുകളും ബാങ്കില്‍ ധാരാളമായി നടന്നിട്ടുണ്ട്. അവ അന്വഷണ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു.
ബാങ്ക് ആവിഷ്‌കരിച്ച ഡബ്ലിങ്, സമൃദ്ധി നിക്ഷേപ പദ്ധതികള്‍ക്ക് ജോയിന്റ് രജിസ്ട്രാറുടെ അനുമതിയില്ല.
നിക്ഷേപകരുടെ പൂര്‍ണ വിവരങ്ങള്‍ രജിസ്റ്ററിലോ രേഖയായോ ബാങ്കില്‍ സൂക്ഷിച്ചിട്ടില്ല.
ചില നിക്ഷേപകരകുടെ അക്കൗണ്ട് ഓപ്പണിങ് ഫോം അപേക്ഷ പോലും ബാങ്കിലില്ല.
കുറേ നാളുകളായി പ്രവര്‍ത്തിപ്പിക്കാതിരുന്ന ബാങ്ക് ആക്കൗണ്ടുകള്‍ അപേക്ഷ പോലുമില്ലാതെ റദ്ദാക്കി തട്ടിപ്പുകാര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനുവദനീയമായ അര ശതമാനം അധിക പലിശ നല്‍കുന്നതിന് പ്രായം തെളിയിക്കുന്ന രേഖകള്‍ സൂക്ഷിച്ചിട്ടില്ല.
അര ശതമാനം അധികപലിശയും പോയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള അധിക പലിശ പെനിന്‍സുല ചിറ്റ്സ് ഉള്‍പ്പെടെ പല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു.
വായ്പാ അപേക്ഷയില്‍ അപേക്ഷകരുടെ പൂര്‍ണമായ വിവരങ്ങള്‍ ചേര്‍ക്കാറില്ല. അതിനാല്‍ മറ്റു ബാധ്യതകള്‍ അറിയാനാകുന്നില്ല. ബാങ്കില്‍ അക്കൗണ്ടന്റായ ജില്‍സ് സ്വന്തം സ്ഥലം പണയപ്പെടുത്തി പോള്‍സണ്‍, ബാബു, സുജയ്, ശ്രദീപ് എന്നിവരുടെ പേരില്‍ 50 ലക്ഷം വീതം രണ്ട് കോടി വായ്പയെടുത്തു. എന്നാല്‍ ശ്രീദീപിന്റെ വായ്പ മാത്രമാണ് ജില്‍സിന്റെ ബാധ്യതയായി രേഖകളിലുള്ളത്.
ബാങ്കിലെ 18908 നമ്പര്‍ അംഗം സുജയ് എടുത്ത 50 ലക്ഷം വായ്പയുടെ രേഖകളില്‍ അപേക്ഷയിലും ഗഹാനിലും ജാമ്യക്കാരന്‍ ബാങ്ക് ജീവനക്കാരന്‍ ജില്‍സാണ്. കംപ്യൂട്ടറിലെ ബാധ്യതാ രജിസ്റ്റര്‍ പ്രകാരം ജാമ്യക്കാരന്‍ അനന്തുപറമ്പില്‍ ബിയോജ് ആണ്. ബാങ്കില്‍ ഈട് നല്‍കിയ വസ്തുക്കളില്‍ 80 ശതമാനവും നിലം. ഇത് പറമ്പ് എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു.
അവസാന ഓഡിറ്റിലെ കണ്ടെത്തലുകള്‍:
ജാമ്യവസ്തു പരിശോധനയില്‍ പ്രസിഡന്റും ഭരണ സമിതിയും വീഴ്ചവരുത്തി.
90 ശതമാനം വായ്പകളിലും വസ്തു പരിശോധന നടത്തിയത് മാനേജര്‍ ബിജു മാത്രം.
80 ശതമാനം വായ്പാ അപേക്ഷകളിലും അപേക്ഷകരുടെ വിവരവുമില്ല, പ്രസിഡന്റിന്റെ ഒപ്പുമില്ല.
ഭൂമിയുടെ യഥാര്‍ഥ ഉടമയുടെ സമ്മതപത്രവും ഒപ്പുമില്ലാതെ വായ്പ നല്‍കിയത് 70 ശതമാനം അപേക്ഷകളില്‍.
ആധാരം ഇല്ലാതെ വായ്പ നല്‍കിയത് 30 ശതമാനം അപേക്ഷകളില്‍.
വായ്പ നിലനില്‍ക്കേ വസ്തു വിറ്റു പോയത് 20 ശതമാനം കേസുകളില്‍.
വായ്പാ നമ്പര്‍ 5672-ല്‍ വായ്പയുടെ ഒരു രേഖയുമില്ല. തുക ഏത് അക്കൗണ്ടിലേക്ക് പോയെന്നും കാണുന്നില്ല.
ബാങ്ക് മാനേജരായ ബിജുവിന്റെ സഹോദരന്‍ ഈടുവെച്ച് 50 ലക്ഷം വായ്പയെടുത്ത സംഭവത്തില്‍ ആധാരം ബാങ്കില്‍ കാണാനില്ല.
ബിജുവിന്റെ പിതാവ് അബ്ദുള്‍ കരീമിന്റെ 19.4 ആര്‍ സ്ഥലം പണയപ്പെടുത്തി അഞ്ച് വ്യക്തികളുടെ പേരില്‍ 2.5 കോടി വായ്പയെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.