കരുവന്നൂര്‍ ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം ഇനിമുതൽ കേരള ബാങ്ക് ഏറ്റെടുക്കുന്നു

കരുവന്നൂര്‍ ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം ഇനിമുതൽ  കേരള ബാങ്ക് ഏറ്റെടുക്കുന്നു

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം കേരള ബാങ്ക് ഏറ്റെടുക്കുന്നു. കരുവന്നൂർ ബാങ്കിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച് പാക്കേജ് തയ്യാറാക്കും. ഇതിനായി കേരള ബാങ്ക് ഫണ്ട് നൽകും. 150 കോടിരൂപയെങ്കിലും അടിയന്തരമായി നൽകേണ്ടിവരുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. പഠനത്തിന്റെയും തയ്യാറാക്കുന്ന പാക്കേജിന്റെയും അടിസ്ഥാനത്തിലാകും എത്ര തുക വേണ്ടിവരുമെന്നു നിശ്ചയിക്കുക.

കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്കിന്റെ ഇനിയുള്ള സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടത്തിനു നിയോഗിക്കും. സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ ബാധിക്കുന്ന തട്ടിപ്പാണ് കരുവന്നൂർ ബാങ്കിലുണ്ടായതെന്ന ബോധ്യം സർക്കാരിനുണ്ട്. സി.പി.എം. നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ബാങ്കിനുണ്ടായിരുന്നത് എന്നതും സർക്കാരിന് പ്രശ്നമാണ്. അതാണ് കേരള ബാങ്കിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്.

നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടില്ലെന്ന ആധി ആത്മഹത്യയ്ക്കുവരെ കാരണമാക്കുമെന്ന വിവരം രഹസ്യാന്വേഷണ വിഭാഗവും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കരുവന്നൂർ ബാങ്കിന്റെ അധീനതയിലുള്ള ഭൂമിയും ബാങ്ക് കെട്ടിടവും കേരളബാങ്കിൽ പണയത്തിലാണ്. 42 കോടിരൂപ കേരളബാങ്കിന് നൽകാനുമുണ്ട്. ഈ പണവും പാക്കേജിന്റെ അടിസ്ഥാനത്തിൽ നൽകേണ്ട അധികപണവും കേരള ബാങ്കിന് തിരിച്ചുപിടിക്കണം. അല്ലെങ്കിൽ റിസർവ് ബാങ്കിന്റെ ഇടപെടൽ കേരള ബാങ്കിനുണ്ടാകും. അതിനാണ് കേരള ബാങ്കിലെ ഉദ്യോഗസ്ഥനെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാൻ കരുവന്നൂർ ബാങ്കിൽ നിയമിക്കുന്നത്.

കേരള ബാങ്ക് പ്രതിനിധി, കരുവന്നൂർ ബാങ്കിൽ പുതുതായി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റർ, സഹകരണ സംഘം ജില്ലാ ജോയന്റ് രജിസ്ട്രാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പാക്കേജ് തയ്യാറാക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.