ചൈനയില്‍ മാര്‍പാപ്പ നിയമിച്ച മൂന്നാമത്തെ മെത്രാന്‍ സ്ഥാനമേറ്റു; മഞ്ഞ് ഉരുകുന്നുവോ?

 ചൈനയില്‍ മാര്‍പാപ്പ നിയമിച്ച മൂന്നാമത്തെ മെത്രാന്‍ സ്ഥാനമേറ്റു; മഞ്ഞ് ഉരുകുന്നുവോ?

ചൈന-വത്തിക്കാന്‍ കരാറിന് അനുസൃതമായി ഭരണകൂട മേല്‍നോട്ടത്തില്‍ മെത്രാന്‍ നിയമനം.

ബീജിങ്: എപ്പിസ്‌കോപ്പല്‍ നിയമനങ്ങള്‍ സംബന്ധിച്ച ചൈന-വത്തിക്കാന്‍ കരാറിന് അനുസൃതമായി പിങ്‌ലിയാങ്ങിന്റെ (ഗാന്‍സു) പുതിയ സഹായ മെത്രാനായി മോണ്‍സിഞ്ഞോര്‍ ലി ഹുയി അഭിഷിക്തനായി. കഴിഞ്ഞ ഒക്ടോബറില്‍ കരാര്‍ പുതുക്കിയതിന് ശേഷം നടന്ന മൂന്നാമത്തെ മെത്രാഭിഷേകമായിരുന്നു ഇത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലുള്ള 'സ്വതന്ത്ര കത്തോലിക്കാ സഭ'യിലെ മുഖ്യ പ്രസ്ഥാനങ്ങളായ ചൈനീസ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ്, ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കുന്ന കുന്‍മിംഗ് ബിഷപ്പ് മാ യിങ്‌ലിന്‍ ആയിരുന്നു ഗാന്‍സു രൂപതാ കത്തീഡ്രലില്‍ നടന്ന ചടങ്ങിലെ പ്രധാന കാര്‍മ്മികന്‍.

ചൈനീസ് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. യാങ് യു അംഗീകാരപത്രം വായിച്ചു.പിങ്‌ലിയാങ്ങിലെ സ്ഥാനിക മെത്രാനും മുപ്പതിലധികം വൈദികരും 20 കന്യാസ്ത്രീകളും നിരവധി അത്മായരും ചടങ്ങില്‍ പങ്കെടുത്തു.

മോണ്‍സിഞ്ഞോര്‍ ലി ഹുയിയെ(49) സഹായ മെത്രാനായി നിയമിക്കുന്നതായുള്ള ഉത്തരവ് മാര്‍പാപ്പ പുറപ്പെടുവിച്ചത് 2020 ജൂലൈ 24 നാണ്. 1990 ല്‍ പിംങ്‌ലിയാങ് രൂപതയുടെ പ്രിപ്പറേറ്ററി സെമിനാരിയില്‍ പ്രവേശിച്ച ലി 1996 ല്‍ ചൈനീസ് കാത്തലിക് തിയോളജിക്കല്‍ ആന്‍ഡ് ഫിലോസഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടി. അതേ വര്‍ഷം തന്നെ പുരോഹിതനായി. റെന്‍മിന്‍ സര്‍വകലാശാലയിലായിരുന്നു ഉപരി പഠനം.

മെത്രാഭിഷേക വാര്‍ത്ത പുറത്തുവന്നതോടൊപ്പം തന്നെ, സ്വതന്ത്ര കത്തോലിക്കാ സഭയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മിന്‍ഡോംഗ് (ഫുജിയാന്‍) രൂപതയിലെ ഫാ. ജോസഫ് ലിയുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ച വാര്‍ത്ത ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 10 മണിക്കൂര്‍ പീഡനത്തിന് ശേഷം, ആറ് പോലീസുകാര്‍ അദ്ദേഹത്തിന്റെ കൈപിടിച്ച് ഞെരുക്കി സ്വതന്ത്ര കത്തോലിക്കാ സഭ സഭയില്‍ ചേരുന്നതിനുള്ള രേഖയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.പീഡനമേറ്റതിന്റെ അടയാളങ്ങളുള്ള കണങ്കൈയുടെ ഫോട്ടോയും ഏഷ്യ ന്യൂസ് പ്രസിദ്ധീകരിച്ചു.

വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷിന്‍ഷിയാങ് രൂപതയില്‍ സര്‍ക്കാര്‍ അംഗീകരിച്ച വത്തിക്കാന്‍ പക്ഷക്കാരനായ ബിഷപ്പ് ജോസഫ് ഷാങ് വെയ്ഷുവിനേയും ഏഴു വൈദികരേയും ഏതാനും വൈദിക വിദ്യാര്‍ത്ഥികളേയും ഇക്കഴിഞ്ഞ മേയില്‍ അറസ്റ്റുചെയ്തു. അവര്‍ എവിടെയെന്ന ചോദ്യം മറുപടിയില്ലാതെ അവശേഷിക്കുന്നു.

2013 മാര്‍ച്ച് 13 ന് ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്നാണ് ചൈനീസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ഷി ജിന്‍പിങ് തെരഞ്ഞെടുക്കപ്പെടുന്നത്. ദീര്‍ഘകാലം ചൈനയുമായി വത്തിക്കാന് നയതന്ത്രബന്ധമൊന്നുമില്ലെങ്കിലുംഫ്രാന്‍സിസ് പാപ്പ ഷി ജിന്‍ പിങ്ങിനെ അഭിനന്ദിച്ച് ടെലിഗ്രാം സന്ദേശം അയച്ചു. പിന്നീട് പാപ്പ ദക്ഷിണ കൊറിയയിലും ഫിലിപ്പിന്‍സിലും അപ്പസ്‌തോലിക സന്ദര്‍ശനത്തിനു പോയപ്പോള്‍ ചൈന തങ്ങളുടെ വ്യോമാതിര്‍ത്തി അദ്ദേഹത്തിനായി തുറന്നു കൊടുത്തത് ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

വത്തിക്കാനുമായി 1951 ല്‍ നയതന്ത്രബന്ധം വിച്ഛേദിച്ച ചൈന പ്രാദേശിക തലത്തില്‍ കത്തോലിക്കാസഭാ സംവിധാനങ്ങളുടെ നിയന്ത്രണത്തിനായി കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ദേശീയ സഭകളുടെ മാതൃകയില്‍ 1957 ല്‍ രൂപവല്‍ക്കരിച്ച ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്റെ കീഴില്‍ വത്തിക്കാന്റെ അംഗീകാരമില്ലാതെ വൈദികര്‍ക്കു പട്ടം നല്‍കാനും മെത്രാന്മാരെ വാഴിക്കാനും തുടങ്ങി.

കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ചൈനയ്ക്ക് വ്യത്യസ്ത മതവിഭാഗങ്ങളാണ്. പ്രോട്ടസ്റ്റന്റ് വിഭാഗത്തിനായി ത്രീ സെല്‍ഫ് പേട്രിയോട്ടിക് മൂവ്മെന്റ് എന്ന സര്‍ക്കാര്‍ സംവിധാനമുണ്ടാക്കി. രാജ്യത്ത് ഔദ്യോഗിക അനുമതിയുള്ള മറ്റു മൂന്നു മതവിഭാഗങ്ങള്‍ക്കും ബുദ്ധമതം, താവോ, ഇസ്ലാം സമാനമായ ദേശഭക്ത സമിതികളുണ്ട്.

പേട്രിയോട്ടിക് സഭയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി 1958 ല്‍ പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ ചാക്രിക ലേഖനമിറക്കുകയും സര്‍ക്കാര്‍ നിയമിച്ചവരെ മെത്രാന്മാരായി വാഴിച്ച മേല്‍പ്പട്ടക്കാര്‍ക്ക് സാര്‍വ്വത്രിക സഭയുടെ മുടക്കു പ്രഖ്യാപിക്കുകയും ചെയ്തു. റോമിനോടു വിധേയത്വം പുലര്‍ത്തുന്ന 'അണ്ടര്‍ഗ്രൗണ്ട്' കത്തോലിക്കാ സമൂഹത്തെ നിയമവിരുദ്ധമെന്നു മുദ്രകുത്തി കമ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും വേട്ടയാടി. രാജ്യത്തെ കത്തോലിക്കരില്‍ പകുതിയോളം പേര്‍ രഹസ്യ സഭയുടെ മറയിലാണ് ആധ്യാത്മിക ജീവിതം നയിച്ചുവരുന്നത്.

ചൈനയില്‍ 101 കത്തോലിക്കാ ബിഷപ്പുമാരുള്ളതില്‍ 65 പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പേട്രിയോട്ടിക് വിഭാഗത്തിലും 36 പേര്‍ വത്തിക്കാന്‍ അനുകൂല രഹസ്യ വിഭാഗത്തിലുമാണ്. വത്തിക്കാന്റെ കണക്കു പ്രകാരം ചൈനയില്‍ 32 വികാരിയാത്തുകള്‍ അഥവ പ്രീഫെക്ചറുകള്‍ ഉള്‍പ്പെടെ 144 രൂപതകളുണ്ട്. അതേസമയം, ബെയ്ജിങ്ങിന്റെ കണക്കില്‍ 96 രൂപതകളേയുള്ളൂ. ഇപ്രകാരം സങ്കീര്‍ണ്ണത മുറ്റിനില്‍ക്കുന്നു ഇപ്പോഴും വത്തിക്കാന്‍- ചൈന ബന്ധത്തില്‍. എപ്പിസ്‌കോപ്പല്‍ നിയമനങ്ങള്‍ സംബന്ധിച്ച ചൈന-വത്തിക്കാന്‍ കരാര്‍ ഈ കുരുക്കഴിക്കാന്‍ എത്ര കണ്ട് പര്യാപതമാകുമെന്ന ചോദ്യം അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നു.

കഴിഞ്ഞ കാലത്തെ മുറിവുകള്‍ ഉണക്കാനും ചൈനയിലെ എല്ലാ കത്തോലിക്കാ മെത്രാന്മാരേയും വൈദികരേയും ദൈവജനത്തേയും സാര്‍വ്വത്രിക, അപ്പസ്‌തോലിക സഭയുടെ കൂട്ടായ്മയിലേക്ക് കൊണ്ടുവരാനും സുവിശേഷ പ്രഘോഷണ ദൗത്യം പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്ന അജപാലനപരമായ ഉടമ്പടിയെന്നാണ് വത്തിക്കാന്‍ 2018 സെപ്റ്റംബറിലെ രഹസ്യ കരാറിനെ വിശേഷിപ്പിച്ചത്. മാറുന്ന ഭൂരാഷ്ട്ര തന്ത്രത്തിന്റേയും ആഗോള തലത്തില്‍ പുതിയ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ചൈനയുടെ വ്യഗ്രതയുടേയും അടയാളമായി ഇതിനെ നിരീക്ഷിക്കുന്നവരുണ്ട്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ അച്ചടിക്കുന്ന രാജ്യം ചൈനയാണ്. 2016 ല്‍ ചൈനയിലെ അമിറ്റി ഫൗണ്ടേഷനും യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റിയും ചേര്‍ന്ന് 15 കോടി ബൈബിള്‍ അച്ചടി പൂര്‍ത്തിയാക്കി. 2013-'16 കാലഘട്ടത്തില്‍ അഞ്ചു കോടി ബൈബിളാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, ചൈനയിലെ കത്തോലിക്കാ സഭയുടെ സാന്നിധ്യം താരതമ്യേന ചെറുതാണ്: 1.2 കോടി വിശ്വാസികള്‍.

രാജ്യത്ത് ക്രിസ്തുമതം, വിശേഷിച്ച് ഷിയെ വാഴ്ത്തുന്ന പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ സമൂഹങ്ങള്‍ അഭൂതപൂര്‍വ്വമായി വളരുന്നുണ്ട്. ഇവിടത്തെ ക്രൈസ്തവരുടെ എണ്ണം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗബലത്തിനും മീതെ വരും - ഏതാണ്ട് 10 കോടി. 2030 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ അധിവസിക്കുന്ന രാഷ്ട്രം ചൈനയായിരിക്കും എന്ന കണക്കുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.