'ഒരു കുടുംബത്തില്‍ നിന്നും ഒരു സൈനികന്‍': ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ടിബറ്റന്‍ യുവാക്കളെ തേടി ചൈന

 'ഒരു കുടുംബത്തില്‍ നിന്നും ഒരു സൈനികന്‍': ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ടിബറ്റന്‍ യുവാക്കളെ തേടി ചൈന

ചൈനീസ് ഭാഷ അറിഞ്ഞിരിക്കുക, മറ്റെന്ത് വിശ്വാസത്തെക്കാളും ഉപരി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധിപത്യം അംഗീകരിക്കുക തുടങ്ങിയവയാണ് പ്രധാന യോഗ്യത.

ബെയ്ജിങ്: ഇന്ത്യയുമായുള്ള യാഥാര്‍ഥ നിയന്ത്രണ രേഖയിലെ സൈനിക വിന്യാസം ശക്തമാക്കുന്നതിനായി ടിബറ്റില്‍ നിന്ന് കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ചൈനീസ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി ടിബറ്റിലെ ഓരോ കുടുംബവും ഒരംഗത്തെ വീതം നിര്‍ബന്ധമായും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യില്‍ ചേരാന്‍ അയയ്ക്കണമെന്നാണ് ചൈനയുടെ നിര്‍ദേശം. ടിബറ്റന്‍ യുവാക്കള്‍ക്ക് ചൈനയോടുള്ള കൂറ് പരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമാവും സൈന്യത്തില്‍ എടുക്കുക.

ഇന്ത്യയുമായുള്ള യാഥാര്‍ഥ നിയന്ത്രണ രേഖയില്‍ തന്നെയാവും സ്ഥിരമായി അവരെ വിന്യസിക്കുക. അവര്‍ക്ക് നല്‍കുന്ന പരിശീലനവും ഈ മേഖലയിലെ അതിര്‍ത്തി കാക്കാന്‍ ഉതകുന്ന തരത്തിലായിരിക്കും. ഇന്ത്യന്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ചൈനയോടുള്ള കൂറ് തെളിയിക്കാന്‍ കടുത്ത പരീക്ഷകളാണ് സൈന്യത്തിലെത്തുന്ന ടിബറ്റന്‍ യുവാക്കള്‍ നേരിടേണ്ടി വരുന്നത്.

ചൈനീസ് ഭാഷ അറിഞ്ഞിരിക്കുക, മറ്റെന്ത് വിശ്വാസത്തെക്കാളും ഉപരി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധിപത്യം അംഗീകരിക്കുക തുടങ്ങിയവയെല്ലാം പിഎല്‍എ പരീക്ഷകള്‍ നടത്തി മനസിലാക്കും. ടിബറ്റന്‍ യുവാക്കളെ സൈന്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കം ചൈന ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തുടങ്ങിയതെന്നാണ് ഇന്ത്യയ്ക്ക് ലഭിച്ച വിവരം.

ടിബറ്റില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയവര്‍ ഇന്ത്യന്‍ കരസേനയുടെ പ്രത്യേക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നകാര്യം അടക്കം വിലയിരുത്തിയ ശേഷമാണ് ചൈനയുടെ പുതിയ നീക്കം. ടിബറ്റന്‍ യുവാക്കളെ നിയന്ത്രണ രേഖയില്‍ വിന്യസിക്കുന്നതുകൊണ്ട് പല നേട്ടങ്ങള്‍ ഉണ്ടെന്നാണ് ചൈന വിലയിരുത്തുന്നത്.

ടിബറ്റിലെ ജനങ്ങള്‍ക്കിടയില്‍ ചൈനീസ് ഭരണകൂടത്തിന് സ്വീകാര്യത ഉണ്ടാക്കുക എന്നതാണ് അതില്‍ പ്രധാനം. ലഡാക്ക് അടക്കമുള്ള പ്രദേശങ്ങളില്‍ വിന്യസിക്കപ്പെടുന്ന ചൈനീസ് സൈനികര്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം ഒഴിവാക്കുകയും ചെയ്യാം.

ഇന്ത്യന്‍ കരസേനാ യൂണിറ്റുകളും പ്രത്യേക അതിര്‍ത്തി സേനയും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖയില്‍ ചൈനീസ് കടന്നു കയറ്റത്തെ പ്രതിരോധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ - മെയ് മാസങ്ങളില്‍ ആയിരുന്നു ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്ഥിതിഗതികള്‍ ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അവയൊന്നും ഇതുവരെ പൂര്‍ണമായും ഫലം കണ്ടിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.