പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആപ്പുകളെ പ്ലേ സ്റ്റോറില്‍
നിന്ന് നീക്കും; ആര്‍ബിഐ ഇപ്പോഴും അറച്ചു നില്‍ക്കുന്നു.
കൊച്ചി: വ്യാജ വായ്പാ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പു പെരുകിയിട്ടും കര്‍ശന നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുന്നില്ലെന്ന പരാതിക്കിടെ ഇന്ത്യയിലെ പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ക്കു മൂക്കുകയറിടാന്‍ ഗൂഗിള്‍ രംഗത്ത്. പഴുതടച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതിനായി ഗൂഗിള്‍ അവതരിപ്പിച്ചു.
പേഴ്സണല്‍ ലോണ്‍ ആപ്പ് ഡെവലപ്പര്‍മാര്‍ സെപ്റ്റംബര്‍ 15 നകം പുതിയ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. പ്ലേ സ്റ്റോറില്‍ തുടരുന്നതിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കി. അല്ലാത്തപക്ഷം ഈ വിഭാഗത്തിലെ എല്ലാ ആപ്പുകളെയും പടിക്കു പുറത്താക്കുമെന്നാണ് ഗൂഗിള്‍ മുന്നറിയിപ്പ്.
ഉപയോക്താക്കളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ നൂറുകണക്കിന് പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി ജനുവരിയില്‍ ഗൂഗിള്‍ പറഞ്ഞിരുന്നു. പക്ഷേ, ഏതൊക്കെയാണവയെന്ന് വ്യക്തമാക്കിയിരുന്നില്ല. അതേ സമയം പരാതി ലഭിച്ച ഒട്ടേറെ ആപ്പുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയ്ക്കായി ഒരു വായ്പാ ആപ്പ് പുറത്തിറക്കുമ്പോള്‍ അതിനായുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കൃത്യമായി അത് ഉപയോക്താക്കളെ അറിയിക്കണമെന്നും ഗൂഗിള്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഇപ്രകാരം പേരെടുത്തു പറഞ്ഞിട്ടുള്ള മറ്റൊരു രാജ്യം ഇന്തോനേഷ്യയാണ്.
ആപ്പുകള്‍ പ്രശ്നം സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാനും മറ്റും ഒരു വര്‍ക്കിങ് ഗ്രൂപ്പിനെ റിസര്‍വ് ബാങ്ക് നിയമിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി വരുത്തിവച്ച തൊഴില്‍ നഷ്ടവും സാമ്പത്തിക ദുരിതവും പലരെയും എളുപ്പത്തില്‍ ലോണ്‍ കിട്ടുന്ന, ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വലയില്‍ ചെന്ന് ചാടാന്‍ പ്രേരിപ്പിക്കുന്നു.
പ്ലേ സ്റ്റോറില്‍ ഇത്തരം നിരവധി ആപ്പുകള്‍ ലഭ്യമാണ്. ഇവയില്‍ ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും റിസര്‍വ് ബാങ്കിന്റെ എന്‍ബിഎഫ്സി ലൈസന്‍സ് ഇല്ല. ഏഴു ദിവസം മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20% മുതല്‍ 40% വരെയുള്ള കൊള്ളപ്പലിശയും 10 മുതല്‍ 25 % പ്രോസസ്സിംഗ് ചാര്‍ജ്ജുമാണ് ഈടാക്കുന്നത്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ഫിനാന്‍ഷ്യല്‍ ഇന്‍ക്ളൂഷന്‍ എന്ന സാമ്പത്തിക ഉള്‍പ്പെടുത്തലിന് ഡിജിറ്റല്‍ വായ്പകള്‍ ആവശ്യമാണെങ്കിലും വ്യാജ വായ്പാ ആപ്പുകള്‍ കണ്ടെത്തി നീക്കം ചെയ്യാനാകാതെ വിഷമിക്കുകയാണ് റിസര്‍വ് ബാങ്ക് എന്ന് സാമ്പത്തിക രംഗത്തെ മാധ്യമമായ ബ്ലൂംബെര്‍ഗ് ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃത്യമായ വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കുന്നവയും ഇതുമൂലം ബുദ്ധിമുട്ടിലാകുന്നു.
ചില ഫിന്‍ടെക് സ്ഥാപനങ്ങള്‍ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് വഴി ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നു. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഉപയോക്താക്കളെ തല്‍ക്ഷണം കടം വാങ്ങാന്‍ അനുവദിക്കുന്നു ഇത്തരം ആപ്പുകള്‍. ഈ സൗകര്യം അതിവേഗം സ്വീകാര്യത നേടിക്കൊണ്ടിരിക്കുമ്പോള്‍, വ്യാജ ക്രെഡിറ്റ് ആപ്പുകള്‍ അംഗീകൃത ഏജന്‍സികളാണെന്ന നാട്യത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് റിസര്‍വ് ബാങ്കിനും ഗൂഗിളിനും തലവേദനയാകുന്നത്.
ഗൂഗിളില്‍ നിന്നുള്ള അവലോകനത്തിനായി ഇനി മുതല്‍ ഡിക്ലറേഷനും ആവശ്യമായ ഡോക്യുമെന്റേഷനും നല്‍കണം. ഇത് പ്രകാരം മറ്റ് ലോണ്‍ ആപ്പുകള്‍ ഇന്ത്യയിലെ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പ്രവര്‍ത്തനം നടത്തുന്നതെന്ന് ഗൂഗിളിനെ ബോധ്യപ്പെടുത്തേണ്ടിവരും. അല്ലാത്ത പക്ഷം ഇവയെയും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കും.
വിവിധ ആപ്ലിക്കേഷനുകള്‍ വഴി ലോണ്‍ നല്‍കുകയും പിന്നീട് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ് അടക്കം നേരത്തെ രംഗത്ത് എത്തിയിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് രംഗത്തെ പുതിയ അവതാരമാണ് വ്യാജ ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കളെന്നും നിത്യവും നൂറുകണക്കിന് പേരാണ് പ്ലേ സ്റ്റോറിലെ ലെ ലോണ്‍ ആപ്പുകാരുടെ കെണിയില്‍ അകപ്പെടുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
വ്യക്തിഗത വായ്പകള്‍ ഒരു വ്യക്തിയില്‍ നിന്നോ ഓര്‍ഗനൈസേഷനില്‍ നിന്നോ നല്‍കുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഗൂഗിള്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് വായ്പ നല്‍കുന്നതിനു മുമ്പേ അതിന്റെ പ്രത്യേകത, അതിനു വേണ്ടി വരുന്ന ഫീസ്, തിരിച്ചടവ് ഷെഡ്യൂള്‍, അപകട സാധ്യതകള്‍, ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കണം. പുതിയ സുരക്ഷാ സംവിധാനവും ഡെവലപ്പര്‍മാര്‍ പാലിക്കണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആപ്പുകള്‍ ഒരു തരത്തിലും ഉപയോക്താവിന്റെ മറ്റു വിവരങ്ങള്‍ ശേഖരിക്കരുതെന്നും അത്തരം ഡേറ്റാ മാനേജ്മെന്റ് പിന്നീട് ഒരിടത്തും ഉപയോഗിക്കരുതെന്നും ഗൂഗിള്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പിന്റെ മൊത്തത്തിലുള്ള സുരക്ഷ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ലളിതമായ മാര്‍ഗവും പ്ലേ സ്റ്റോറില്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഭീഷണിപ്പെടുത്തുന്നതായുള്ള പരാതികളും വ്യാപകമാണ്. തൃശൂരില്‍ ഒരു മാസത്തിനിടെ അഞ്ചു കേസുകളാണ് സൈബര്‍ പോലീസിന് കിട്ടിയത്. കര്‍ണാടക, യു.പി, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വായ്പ എടുത്തയാളിന്റെ ബന്ധുക്കളും പരിചയക്കാരുമായവരെ ചേര്‍ത്ത് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇത് ചെയ്യുന്നത്.
വായ്പ നല്‍കിയ സംഘത്തിന്റെ ആളായിരിക്കും അഡ്മിന്‍. ഇന്റര്‍നെറ്റില്‍ നടത്തുന്ന സെര്‍ച്ചുകളില്‍ നിന്നോ സാമൂഹിക മാധ്യമങ്ങളില്‍ നിന്നോ ആണ് ഇത്തരം സംഘങ്ങള്‍ക്ക് ഇ-മെയില്‍ വിലാസം കിട്ടുന്നത്. എത്ര വേണമെങ്കിലും വ്യക്തിഗത വായ്പ എന്ന തരത്തില്‍ മെയില്‍ വരും.ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ വായ്പ വാഗ്ദാനം ചെയ്യുന്ന മെയിലുകള്‍ സാധാരണമാണ്.
എങ്ങനെയായാലും പണം കിട്ടിയാല്‍ മതിയെന്ന ചിന്തയുമായി നടക്കുന്നവര്‍ വേഗം ചതിക്കുഴിയില്‍ വീഴും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് തുടങ്ങിയ വിവരങ്ങളാണ് ആദ്യം ശേഖരിക്കുക. പ്രോസസിങ് ഫീസ് എന്ന പേരില്‍ ആദ്യം നിശ്ചിത തുക അടയ്ക്കണമെന്ന് ചില സൈറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഈ പണം കിട്ടിക്കഴിഞ്ഞാല്‍ സൈറ്റ് തന്നെ അപ്രത്യക്ഷമാവുന്നതാണ് പൊതു രീതി.
വായ്പ കൊടുക്കുന്ന സംഘങ്ങള്‍ ചില രേഖകള്‍ മെയില്‍ ആയി അയച്ചു കൊടുത്ത് ഒപ്പിട്ട ശേഷം തിരിച്ചയയ്ക്കാന്‍ പറയുന്നുണ്ട്. ഇങ്ങനെ കൊടുക്കുന്ന വായ്പയുടെ പ്രോസസിങ് ഫീസായി ചുരുങ്ങിയത് 50,000 രൂപയെങ്കിലും ഈടാക്കുന്നു. മെയിലില്‍ പറയുന്ന പലിശ നിരക്കായിരിക്കില്ല യഥാര്‍ത്ഥത്തിലെന്ന് സൈബര്‍ പോലീസ് കണ്ടെത്തി. 20 ശതമാനം വരെ പലിശ നിരക്ക് ഉള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരിച്ചടവ് മുടങ്ങുമ്പോള്‍ മുമ്പ് കൊടുത്ത രേഖകള്‍ ഉപയോഗിച്ച് ആളിന്റെ ഫോണിലെ എല്ലാ കോണ്‍ടാക്ട് നമ്പറുകളും എടുത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. അതിലേക്കാണ് അജ്ഞാതന്‍ സന്ദേശങ്ങള്‍ അയയ്ക്കുക. വായ്പ തിരിച്ചടയ്ക്കാത്ത തട്ടിപ്പുകാരനാണ് ഇയാള്‍ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരിക. ഇതേ തുടര്‍ന്ന് എങ്ങനെയും പണം സംഘടിപ്പിച്ച് അടയ്ക്കും. അതോടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഇല്ലാതാവുകയും ചെയ്യും. നാണക്കേട് ഓര്‍ത്ത് ഇത്തരം സംഭവങ്ങളില്‍ പരാതി രേഖപ്പെടുത്താന്‍ മിക്കവരും തയ്യാറാകുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.