കൊച്ചി: കേരള ലോട്ടറിയുടെ ആറ് കോടിയുടെ ബംബര്‍ സമ്മാനമടിച്ച ടിക്കറ്റ് ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ചയാള്‍ക്ക് കൈമാറി സത്യസന്ധതയുടെ പ്രതിരൂപമായ ലോട്ടറി തൊഴിലാളി സ്മിജക്ക് കമീഷനായി ലഭിച്ചത് 51 ലക്ഷം രൂപ.
ഫോര്‍ച്യൂണ്‍ ലോട്ടറീസിന് കീഴിലെ പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്നായിരുന്നു സ്മിജ വില്‍പ്പനക്കായി ടിക്കറ്റ് വാങ്ങിയത്. ഫോര്‍ച്യൂണ്‍ ലോട്ടറീസ് ഉടമ ശശി ബാലനും ഭാര്യ സൈനയും ചേര്‍ന്ന് കമീഷന്‍ തുക സ്മിജക്ക് കൈമാറി. ഏജന്‍സി ഉടമക്ക് കമീഷനായി ലഭിച്ച 60 ലക്ഷം രൂപയില്‍ നിന്ന് നികുതി കഴിച്ചുള്ള തുകയാണ് സ്മിജക്ക് നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സ്മിജ മറ്റൊരാള്‍ക്ക് പറഞ്ഞുറപ്പിച്ച ടിക്കറ്റിന് ആറ് കോടിയുടെ ബംബര്‍ സമ്മാനം അടിച്ചത്. ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുമ്പിലാണ് സ്മിജ കെ. മോഹന്‍ ലോട്ടറി വില്‍പന നടത്തുന്നത്.
സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി.കെ. ചന്ദ്രന്‍ എന്നയാള്‍ ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച 200 രൂപയുടെ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. തന്റെ കൈയിലുള്ള ടിക്കറ്റിന് ബംബര്‍ അടിച്ചെന്ന് അറിഞ്ഞിട്ടും ചന്ദ്രന്റെ വീട്ടിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് സ്മിജ കൈമാറുകയായിരുന്നു.
സ്മിജയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കഥയറിയുമ്പോളാണ് ഈ നന്മക്ക് വിലയറിയുന്നത്. ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. മൂത്തമകന്‍ ജഗന്‍ (12) തലച്ചോറിന് രക്തം കട്ടപിടിക്കുന്ന രോഗത്തിന് ചികിത്സയിലാണ്. രണ്ടര വയസുള്ള രണ്ടാമത്തെ മകന്‍ ലുഖൈദിന് രക്താര്‍ബുദമെന്ന്? കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് മാറി.
രണ്ടാമത്തെ കുട്ടിക്കു കാന്‍സര്‍ വന്നതോടെയാണ് സ്മിജയ്ക്കു ജോലിക്കു പോകാന്‍ കഴിയാതായത്. മൂത്ത മകന്റെ ചികിത്സയ്ക്കു മുന്‍കൂട്ടി പറയാതെ അവധി എടുത്തതിനാല്‍ രാജേശ്വരനും ജോലി നഷ്ടമായി. ഇതോടെയാണ് ഇരുവരും ലോട്ടറി കച്ചവടത്തിലേക്കിറങ്ങിയത്. പട്ടിമറ്റം വലമ്പൂരില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും കുടുംബവും താമസിക്കുന്നത്.
നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും ടിക്കറ്റുകള്‍ വിറ്റുപോകാതെ വന്നതോടെയാണ് സ്മിജ സ്ഥിരം എടുക്കുന്നവരെ വിളിച്ച് ടിക്കറ്റ് വേണോയെന്ന് ചോദിച്ചത്. കൈവശമുള്ള 12 ടിക്കറ്റുകളുടെ നമ്പറുകള്‍ സ്മിജ ഒന്നൊന്നായി പറഞ്ഞപ്പോള്‍ അതില്‍ നിന്ന് ഒരെണ്ണം തനിക്കുവേണ്ടി മാറ്റിവെക്കാന്‍ ചന്ദ്രന്‍ പറയുകയായിരുന്നു.
ടിക്കറ്റ് വിലയായ 200 രൂപ പിന്നെ തരാമെന്നും പറഞ്ഞു. ഫലം വന്നപ്പോളാണ് ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിയുന്നത്. അപ്പോള്‍ തന്നെ ഭര്‍ത്താവ് രാജേശ്വരനൊപ്പം ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.
കീഴ്മാട് ഡോണ്‍ ബോസ്‌കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുന്ന ചന്ദ്രന്‍ 15 വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്. നികുതി കഴിഞ്ഞു 4 കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.