ആയുധശേഷിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്; ഇന്ത്യയുമായുള്ള ഹാര്‍പ്പൂണ്‍ മിസൈല്‍ കാരാറിന് യു.എസ് അനുമതി

ആയുധശേഷിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്; ഇന്ത്യയുമായുള്ള ഹാര്‍പ്പൂണ്‍ മിസൈല്‍ കാരാറിന് യു.എസ് അനുമതി

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ഹാര്‍പ്പൂണ്‍ മിസൈല്‍ കാരാറിന് യു.എസ് അനുമതി നല്‍കി. ഹാര്‍പ്പൂണ്‍ ജോയിന്റ് കോമണ്‍ ടെസ്റ്റ് സെറ്റും (ജെ.സി.ടി.എസ്.) അനുബന്ധ ഉപകരണവും ഇന്ത്യയ്ക്കു വില്‍ക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. 8.2 കോടി (82 മില്യണ്‍) ഡോളറിന്റെ കരാറിലൂടെ ഇന്ത്യയുമായള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും യു.എസിന്റെ പ്രധാന പ്രതിരോധ പങ്കാളിയുമായി ചേര്‍ന്ന് ഇന്തോ-പെസഫിക് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കാനും കഴിയുമെന്ന് യു.എസ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 2016ലെ യു.എസ് സന്ദര്‍ശന വേളയില്‍ യു.എസിന്റെ 'പ്രധാന പ്രതിരോധ പങ്കാളി'യായി ഇന്ത്യയെ അംഗീകരിച്ചിരുന്നു. യു.എസിന്റെ ഏറ്റവും അടുത്ത പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും തുല്യമായ നിലയിലേക്ക് ഇന്ത്യയുമായി സങ്കേതികവിദ്യ പങ്കുവയ്ക്കുന്നതിന് ഈ പദവിയിലൂടെ കഴിയും. കൂടാതെ പ്രതിരോധ സഹനിര്‍മാണ, വികസന മേഖലകളിലെ സഹകരണവും ഇത് ലക്ഷ്യമിടുന്നു.

നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ളതുമായ ഭീഷണികള്‍ നേരിടുന്നതിന് ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഹാര്‍പൂണ്‍ മിസൈല്‍ കരാറിലൂടെ സാധിക്കുമെന്ന് ഡി.എസ്.സി.എ പറഞ്ഞു. ഹാര്‍പൂണ്‍ മിസൈല്‍ തങ്ങളുടെ സൈനിക വിഭാഗങ്ങളുടെ ഭാഗമാക്കുന്നതിന് ഇന്ത്യയ്ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ മേഖലയിലെ അടിസ്ഥാന സൈനിക സ്ഥിരതയ്ക്ക് കരാര്‍ മാറ്റമുണ്ടാക്കില്ലെന്നും വ്യക്തമാക്കി.

ബോയിങ് കമ്പനിയായിരിക്കും പ്രധാന കരാറുകാര്‍. 1977ലാണ് ഹാര്‍പ്പൂണ്‍ ആദ്യമായി അവതരിപ്പിച്ചത്. എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന കപ്പല്‍വേധ മിസൈല്‍ സംവിധാനമാണിത്. മികച്ച റഡാര്‍ സംവിധാനവും ഇതിനുണ്ടെന്ന് ബോയിങ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വിജയകരമായ കപ്പല്‍വേധ മിസൈലാണ് ഹാര്‍പ്പൂണ്‍. 30ല്‍ പരം രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളുടെ ഭാഗമാണ് ഹാര്‍പ്പൂണെന്ന് പെന്റഗണ്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.