എന്‍ജിന്‍ തകരാര്‍: പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

എന്‍ജിന്‍ തകരാര്‍: പറന്നുയര്‍ന്ന  എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വലതു വശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദംപെട്ടെന്ന് കുറഞ്ഞു. ഇതേ തുടര്‍ന്നാണ് വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്.

ഇന്ന് പുലര്‍ച്ചെ 3:20 നാണ് ബോയിങ് 777-337 ഇആര്‍ വിമാനം ടേക്ക് ഓഫ് ചെയതത്. പറന്നുയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദത്തില്‍ അസ്വാഭാവികമായ കുറവ് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടു.

താമസിയാതെ ഇത് പൂജ്യത്തിലേക്ക് താഴ്ന്നതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

വിമാനത്തിന്റെ എന്‍ജിന്‍ ഘടകങ്ങള്‍ തണുപ്പിക്കാനും സുഗമമായി പ്രവര്‍ത്തിപ്പിക്കാനും ഓയില്‍ അത്യാവശ്യമായതിനാല്‍, മര്‍ദം പൂജ്യമാകുന്നത് എന്‍ജിന്‍ പരാജയപ്പെടാനോ തീപിടിക്കാനോ ഉള്ള സാധ്യതയുണ്ട്. അതിനാലാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

സംഭവത്തെ തുടര്‍ന്ന് സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.

നിലവില്‍ വിമാനം വിശദമായ സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാക്കുകയാണെന്നും സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം മാത്രമേ ഇനി സര്‍വീസിന് ഉപയോഗിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് മുംബൈയിലേക്ക് പോകാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന സാങ്കേതിക തകരാറാണിത്. ഡിസംബര്‍ 18 ന് ഗന്നവാരം വിമാനത്താവളത്തില്‍ മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യാത്ര ചെയ്യാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.