അമേരിക്കയുടെ മാനം കെടുത്തുന്നു;ചൈനയെ വെള്ള പൂശുന്നു: സോഷ്യല്‍ മീഡിയയില്‍ വ്യാജ വിളയാട്ടം

അമേരിക്കയുടെ മാനം കെടുത്തുന്നു;ചൈനയെ വെള്ള  പൂശുന്നു:  സോഷ്യല്‍ മീഡിയയില്‍ വ്യാജ വിളയാട്ടം

ലണ്ടന്‍: പാശ്ചാത്യ ചേരിയെ അപകീര്‍ത്തിപ്പെടുത്തുന്നതോടൊപ്പം വിദേശരാജ്യങ്ങളില്‍ ചൈനയുടെ സ്വാധീനവും പ്രതിച്ഛായയും വര്‍ദ്ധിപ്പിക്കാന്‍ 350 ല്‍ അധികം വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളോടെ രഹസ്യ ശൃംഖല പ്രവര്‍ത്തന നിരതം. ചൈനയ്ക്ക് അനുകൂലമായുള്ള ആഖ്യാനങ്ങള്‍ തുടരെ ഉയര്‍ത്തുകയും ചൈനീസ് സര്‍ക്കാര്‍ എതിരാളികളായി കാണുന്ന ശക്തികളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണ് ഈ ശൃംഖലയുടേതെന്ന് സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റെസിലിയന്‍സ് (സി.ഐ.ആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വന്തം രാജ്യത്ത് വിലക്ക് നേരിടുന്ന ചൈനീസ് വിമര്‍ശകനായ വ്യവസായ പ്രമുഖന്‍ ഗുവോ വെങുയിയെ മോശക്കാരനാക്കി ചിത്രീകരിച്ചുകൊണ്ടുള്ള കാര്‍ട്ടൂണുകള്‍ ഈ വ്യാജ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നു.'വിസില്‍ബ്ലോവര്‍' ആയി അറിയപ്പെടുന്ന ചൈനീസ് ശാസ്ത്രജ്ഞന്‍ ലി-മെങ് യാന്‍, ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനണ്‍ എന്നിവരും ഇതേ രീതിയില്‍ സൈബര്‍ ആക്രമണത്തിനു വിധേയരായി. ഇവരെല്ലാം കോവിഡ് മഹാമാരിയെക്കുറിച്ചുള്‍പ്പെടെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപണം നേരിടുന്നവരാണ്. സ്റ്റീവ് ബാനനെ പിശാചായി ചിത്രീകരിക്കുന്നു ഒരു കാര്‍ട്ടൂണ്‍. അമേരിക്കയും ആയുധങ്ങളെ സംബന്ധിച്ച നിയമങ്ങളും വംശീയ രാഷ്ട്രീയവും മറ്റുമാണ് ഉള്ളടക്കങ്ങളില്‍ മുഖ്യം.ചൈനീസ് ഭരണകൂടത്തിന്റെ പ്രതിനിധികളും സര്‍ക്കാര്‍ മാധ്യമങ്ങളും മുന്നോട്ട് വെയ്ക്കുന്നതിന് സമാനമായ ചൈനീസ് അനുകൂല ആഖ്യാനങ്ങളെ വിപുലീകരിക്കുകയാണ് ഈ വ്യാജ പ്രൊഫൈലുകളിലൂടെ.

ഇത്തരം കാര്‍ട്ടൂണുകളുള്ള വ്യാജ പ്രൊഫൈലുകള്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നീ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെല്ലാം പ്രചരരിപ്പിക്കുന്നുണ്ട്. നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ സൃഷ്ടിച്ച പ്രൊഫൈല്‍ ചിത്രങ്ങളാണ് പലതിലും ഉപയോഗിക്കുന്നത്. ഹൈജാക്ക് ചെയ്യപ്പെട്ട പ്രൊഫൈലുകളുമുണ്ട്.അന്താരാഷ്ട്ര വേദികളില്‍ ചൈനയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ കുറച്ചു കാലമായി ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.ഗൂഢ ശൃംഖലയ്ക്ക് ചൈനീസ് സര്‍ക്കാരുമായി നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിക്കാനാവുന്നില്ലെങ്കിലും മുമ്പ് ഫെയ്‌സ്ബുക്കും ട്വിറ്ററും നടപടികള്‍ സ്വീകരിച്ചിട്ടുള്ള ചൈനീസ് അനുകൂല ശൃംഖലകളുടെ പ്രവര്‍ത്തനവുമായി ഈ വ്യാജ പ്രൊഫൈലുകള്‍ക്കുള്ള സാമ്യം പ്രകടമാണ്.'ചൈനീസ് അനുകൂല ആഖ്യാനങ്ങളെ കൂടുതല്‍ ആളുകളില്‍ എത്തിച്ചുകൊണ്ട് പാശ്ചാത്യരാജ്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയെന്നതാണ് ഈ ശൃംഖലയുടെ ലക്ഷ്യം', സിഐആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ബെഞ്ചമിന്‍ സ്ട്രിക്ക് പറഞ്ഞു.

യൂട്യൂബിലൂടെയും വ്യാജപ്രചരണം അഴിച്ചുവിടുന്നുണ്ട്. വ്യാജന്മാരുടെ ഈ ശൃംഖലയെക്കുറിച്ചുള്ള പഠന വിവരങ്ങള്‍ സി.ഐ.ആര്‍ അതാത് സമൂഹ മാധ്യമ കമ്പനികള്‍ക്ക് നല്‍കി. സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ പ്രൊഫൈലുകളുടെ ഒരു ശൃംഖല 2019 ല്‍ നീക്കം ചെയ്തിരുന്നതായി ഫെയ്‌സ്ബുക്ക് വക്താവ് പയുന്നു. സി.ഐ.ആര്‍ കണ്ടെത്തിയ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ അറിയിച്ചു.അമേരിക്ക മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ പിറകിലാണെന്നു വരുത്താന്‍ ജോര്‍ജ് ഫ്േളായിഡിന്റെ കൊലപാതകവും ഏഷ്യക്കാരോടുള്ള വിവേചനവുമെല്ലാം ഉപയോഗിക്കുന്നുണ്ട്. അതേസമയം, കുറഞ്ഞത് പത്ത് ലക്ഷം മുസ്ലീങ്ങളെ ചൈന അനധികൃതമായി തടവില്‍ വച്ചിട്ടുള്ള ഷിന്‍ജാങ് പ്രദേശത്ത് മനുഷ്യാവകാശ ലംഘനങ്ങളില്ലെന്നു വരുത്താന്‍ ഈ പ്രൊഫൈലുകള്‍ അധ്വാനിക്കുന്നുമുണ്ട്.അതെല്ലാം പാശ്ചാത്യശക്തികളും അമേരിക്കയും ചേര്‍ന്ന് സൃഷ്ടിച്ച നുണകളാണെന്നാണ് ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തെ അമേരിക്കയുടെ പരാജയമായി ആഘോഷിച്ചു. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ അമേരിക്കയുടെ സഹായവും പിന്തുണയും അപര്യാപ്തമായിരുന്നു എന്ന് ആരോപിക്കാനും വ്യാജ ശൃംഖല യത്ിച്ചു.

മുമ്പ് തിരിച്ചറിഞ്ഞിട്ടുള്ള സമാനമായ ശൃംഖലകള്‍ പ്രചരിപ്പിച്ചിരുന്ന ഹാഷ്ടാഗുകളുടെ ചുവടു പിടിച്ച് സി.ഐ.ആര്‍ ഒട്ടേറെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി. ഒറിജിനല്‍ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനായി സൃഷ്ടിക്കപ്പെട്ടവയാണ് ചില പ്രൊഫൈലുകള്‍. ഈ ഉള്ളടക്കങ്ങള്‍ പങ്കുവെയ്ക്കുകയും ലൈക്ക് ചെയ്യുകയും കമന്റുകള്‍ നല്‍കുകയും ചെയ്യുന്ന പ്രൊഫൈലുകളുമുണ്ട്. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ഇടപെടലുകളാണെന്നു വരുത്തുന്ന വിധത്തിലാണ് കാര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പല ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ക്കും തുര്‍ക്കി വംശജ നാമങ്ങളാണ് ഉള്ളത്. യഥാര്‍ത്ഥ വ്യക്തികളുടെ മോഷ്ടിച്ച ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിര്‍മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജചിത്രങ്ങളുടെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല. വ്യാജ പ്രൊഫൈലുകളെക്കുറിച്ചുള്ള ആശങ്ക വ്യാപകമായതോടെ് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യാജന്മാരുടെ എണ്ണം കൂടിയിരുന്നു.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.