പാരിസ്: ആഗോള താപനം മനുഷ്യരാശിക്കു മേല്‍ വന്‍ നാശം വിതയ്ക്കുമെന്നും ഇനി കാത്തിരിക്കാന്‍ സമയമില്ലെന്നുമുള്ള അടിയന്തര മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് യു.എന്‍. മുന്നറിയിപ്പ്. അത്യുഷ്ണം, കാട്ടുതീ, വരള്‍ച്ച, അതിവര്‍ഷം, മഹാ പ്രളയങ്ങള്‍, ചുഴലിക്കാറ്റുകള്‍ എന്നിവ ലോകത്ത് വലിയ നാശത്തിനു കാരണമാകുമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
കാലാവസ്ഥാ ശാസ്ത്രപഠനത്തില്‍ ലോകത്തെ ഏറ്റവും ആധികാരിക സംഘടനയായ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) തയാറാക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടിലാണ് ഏറ്റവും അടിയന്തര ശ്രദ്ധ പതിയേണ്ട നിഗമനങ്ങളുള്ളത്.
വ്യവസായവല്‍ക്കരണം ആരംഭിച്ചശേഷം ഭൂമിയുടെ താപനില ഏകദേശം 1.1 ഡിഗ്രി സെല്‍ഷ്യസാണ് മൊത്തത്തില്‍ വര്‍ധിച്ചതെന്ന് ഐപിസിസിയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരും സര്‍ക്കാരുകളും പറയുന്നു. ഓസ്‌ട്രേലിയയില്‍ മാത്രം താപനം 1.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.
പുതിയ റിപ്പോര്‍ട്ട് മനുഷ്യരാശിക്ക് വലിയ മുന്നറിയിപ്പാണെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഭൂമിയുടെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങള്‍ വര്‍ധിക്കുന്നതു മൂലമാണ് അന്തരീക്ഷ താപനില ഉയരുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും വനനശീകരണവും ഭൂമിയെ ശ്വാസം മുട്ടിക്കുകയും കോടിക്കണക്കിന് മനുഷ്യരെ അപകടത്തിലാക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഭൂമിയെ നശിപ്പിക്കുന്നതിന് മുമ്പ് ഫോസില്‍ ഇന്ധനങ്ങളുടെ ബഹിര്‍ഗമനം ഇല്ലാതാക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്തെ ഭരണനേതൃത്വങ്ങള്‍, വ്യവസായങ്ങള്‍, പൗരസമൂഹം എന്നിവ ഒരുമിച്ച് മനുഷ്യരാശിയുടെ നിലനില്‍പിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് അണിചേര്‍ന്നാല്‍ താപനില ഇനിയും ഉയരാനിടയുള്ള 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്താം.
ഇക്കാര്യത്തില്‍ ഉടനടി ലോകമെമ്പാടും അടിയന്തര നടപടി സ്വീകരിക്കണമെന്ന്് യു.കെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ മാറ്റം സംബന്ധിച്ച കോപ്-22 സമ്മേളനത്തിനു മുന്‍പായി ഐ.പി.സി.സി റിപ്പോര്‍ട്ട് ലോക രാജ്യങ്ങളെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
താപനില 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമങ്കില്‍ വന്‍തോതില്‍ വനവല്‍കരണം ആവശ്യമാണ്. അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യ ആവശ്യമാണ്. അത്തരമൊരു സാങ്കേതികവിദ്യ ഇതുവരെ വിജയിച്ചിട്ടില്ല.
പുതിയ റിപ്പോര്‍ട്ട് ഓസ്‌ട്രേലിയയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. അതില്‍ ചില പ്രത്യാഘാതങ്ങള്‍ ഇവയാണ്.
ഓസ്ട്രേലിയയ്ക്കും ന്യൂസിലാന്‍ഡിനും ചുറ്റുമുള്ള സമുദ്രനിരപ്പ് ആഗോള ശരാശരിയേക്കാള്‍ ഉയരുന്നത് തുടരുകയാണ്. ഇത് തീരദേശ മണ്ണൊലിപ്പിന് കാരണമാകുന്നു.
കാട്ടുതീ പടര്‍ന്നു പിടിക്കുന്ന സംഭവങ്ങള്‍ കൂടുതല്‍ തവണ ഉണ്ടാകുകയും കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും.
ഓസ്‌ട്രേലിയയിലുടനീളം കനത്ത മഴയും നദികളിലെ വെള്ളപ്പൊക്കവും കൂടുതല്‍ രൂക്ഷമാകുമെന്നാണു പ്രവചനം
കിഴക്കന്‍ ഓസ്ട്രേലിയയില്‍ ശൈത്യകാലത്ത് ലഭിക്കുന്ന കനത്ത മഴയ്ക്ക് വലിയ പ്രഹരശേഷി ഉണ്ടാകും
കിഴക്കന്‍ ഓസ്‌ട്രേലിയയില്‍, താപനം ഇനിയും രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ കവിഞ്ഞാല്‍, വരള്‍ച്ച വര്‍ധിക്കും.
തെക്കന്‍ ഓസ്‌ട്രേലിയയിലുടനീളം വരള്‍ച്ച ഇതിനകം വര്‍ദ്ധിച്ചിട്ടുണ്ട്, ഇത് കൂടുതല്‍ വഷളാകും
ലോകത്തെ ശരാശരി താപനില ഒന്നര ഡിഗ്രിയില്‍ കൂടാതെ പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ ലോകം അതിന്റെ അന്ത്യത്തിലേക്ക് അടുക്കാന്‍ അധികം താമസമില്ലെന്ന മുന്നറിയിപ്പാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.