തൃശൂര്‍: കൊറോണക്കെതിരേ ഔഷധച്ചായയുമായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണേറ്റ രംഗത്ത്. ആശുപത്രിയിലെ കാന്റീനില്‍ നിന്ന് ആവശ്യക്കാര്‍ക്ക് 'ഡോണാ ടീ' ലഭിക്കും. കാന്റീന്‍ ജീവനക്കാരാണ് ഔഷധക്കൂട്ട് നിറഞ്ഞ പോരാളി ചായയ്ക്ക് 'ഡോണാ ടീ'യെന്ന് പേരിട്ടത്. ഔഷധച്ചായ ഇപ്പോള്‍ നിരവധി പേര്‍ ശീലമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍നിന്ന് ബിഎഎംഎസ്, എംഡി ബിരുദങ്ങള്‍ നേടി 43 വര്‍ഷമായി ആയുര്‍വേദ ചികില്‍സാ-ഗവേഷണ രംഗത്തു പ്രവര്‍ത്തിക്കുകയാണ് സിസ്റ്റര്‍ ഡൊണാറ്റ.
കൊറോണ പ്രതിരോധത്തിനായുള്ള 'ഡോണാ ടീ' തയ്യാറാക്കുന്നത് ഇങ്ങനെയാണ്. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്ക്കൊപ്പം തുളസി, ആടലോടകം, പനികൂര്‍ക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേര്‍ത്ത് തിളപ്പിക്കണം. തുടര്‍ന്ന് അല്‍പം തേയിലപ്പൊടിയും ശര്‍ക്കരയും കൂടി ചേര്‍ത്താല്‍ 'ഡോണാ ടീ' തയ്യാറായി. ഔഷധക്കൂട്ട് അടങ്ങിയ ചായയെ കുറിച്ചറിഞ്ഞ് നിരവധി പേര്‍ ദിവസവും ജൂബിലിയിലെ കാന്റീനിലെത്തുന്നുണ്ട്.
കൊറോണ പടര്‍ന്നു തുടങ്ങിയ മാര്‍ച്ചില്‍ ജൂബിലി മിഷന്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഔഷധച്ചായക്കൂട്ടിനെ കുറിച്ച് ഡോ.സിസ്റ്റര്‍ ഡൊണാറ്റ വെളിപ്പെടുത്തിയത്. അധികൃതര്‍ അനുവാദം നല്‍കിയതോടെ ചേരുവകള്‍ സംഘടിപ്പിച്ച് സിസ്റ്റര്‍ ഡൊണേറ്റ ഔഷധച്ചായ തയ്യാറാക്കി. മാര്‍ച്ച് പകുതിയോടെ ആശുപത്രിയുടെ കാന്റീനില്‍ 'ഡോണ ടീ' പരീക്ഷണാടിസ്ഥാനത്തില്‍ സൗജന്യമായി വിതരണം ചെയ്തു തുടങ്ങിയിരുന്നു. 200ഓളം പേര്‍ ദിവസവും സ്ഥിരമായി 'ഡോണ ടീ' കുടിക്കുന്നുണ്ടെന്ന് കാന്റീന്‍ ജീവനക്കാര്‍ പറഞ്ഞു. ഇപ്പോള്‍ ദിവസവും 20 ലിറ്റര്‍ ചായ തയ്യാറാക്കി നല്‍കുന്നുണ്ട്.
അദ്ഭുതകരമായ ഫലസിദ്ധിയാണെന്ന് ഔഷധച്ചായ കുടിച്ചവര്‍ പറയുന്നു. 'ഡോണാ ടീ'യുടെ പ്രതിരോധശേഷിയെക്കുറിച്ച് ഗവേഷണം നടത്താനുള്ള ഒരുക്കത്തിലാണ് ജൂബിലി മിഷന്‍ ആശുപത്രിയിലെ റിസേര്‍ച്ച് വിഭാഗം. കൊറോണ രോഗികളും ഉപയോഗിച്ച് ഫലപ്രദമെന്നു ബോധ്യപ്പെട്ടതോടെയാണ് 'ഡോണാ ടീ'യില്‍ ഗവേഷണം തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനായി ഡോ.സുപ്രിയ അടിയോടി, ഡോ.ദീപ്തി വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ റിസേര്‍ച്ച് പ്രൊജക്ട് തയാറാക്കിയിട്ടുണ്ട്.
അടിക്കുറിപ്പ് : ഓർമ്മിക്കുക , പ്രതിരോധമാണ് കൊറോണയെ ചെറുക്കാനുള്ള മാർഗം . ഇതുപോലുള്ള ഔഷധക്കൂട്ടുകൾ, പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ചെയുന്നത് , കൊറോണയെ ചികിത്സിക്കുകയല്ല . രോഗപ്രതിരോധശേഷി വർധിപ്പിക്കുക , കൊറോണയെ അകറ്റുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.