അബുദബി: പ്രിയതാരം മുന്നിലെത്തിയപ്പോള്‍, ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു, മാലാഖമാർക്ക്. അബുദാബിയിലെ വിപിഎസ്-ബുർജീൽ മെഡിക്കൽ സിറ്റി അതിന് വേദിയായി. മോഹന്‍ലാലും നഴ്സുമാരും തമ്മിലുളള സ്നേഹസംവാദം വേറിട്ട അനുഭവമായി.
സോണിയ ക്ഷണിച്ചു, മോഹന്‍ലാലെത്തി
അലൈന്‍ മെഡിയോർ ആശുപത്രിയിലെ രജിസ്ട്രേഡ് നഴ്സായ സോണിയാ ചാക്കോയ്ക്ക് ഇത് സ്വപ്ന സാഫല്യം. കഴിഞ്ഞ വർഷം നഴ്സസ് ദിനത്തില്‍ മോഹന്‍ ലാല്‍ വിളിച്ചപ്പോള്‍ സോണിയയാണ് മോഹന്‍ ലാലിനോട് യുഎഇയിലെത്തുമ്പോള്‍ തങ്ങളെ കാണാന്‍ വരുമോയെന്ന് ചോദിച്ചത്. എന്തായാലും ക്ഷണം സ്വീകരിച്ച് പ്രിയപ്പെട്ട ലാലേട്ടനെത്തിയതിന്‍റെ ആവേശത്തിലാണ് പത്തനം തിട്ട സ്വദേശിനിയായ സോണിയാ ചാക്കോയും സഹപ്രവർത്തകരും. തന്‍റെ സ്വന്തം നാട്ടുകാരിയായ സോണിയയുടെ ആവശ്യപ്രകാരം ഇവിടെ എത്താനായതിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്നു മോഹൻലാലിന്‍റെ പ്രതികരണം.

ആശുപത്രിയും ആരോഗ്യപ്രവർത്തകരുടെ ജീവിതവും പ്രമേയമാക്കി സിനിമ പരിഗണിക്കാം
അബുദബിയിൽ വച്ച് ആശുപത്രിയും ആരോഗ്യപ്രവർത്തകരും പ്രമേയമായി ഒരു സിനിമ ചെയ്യുമോയെന്നായിരുന്നു ബുർജീൽ മെഡിക്കൽ സിറ്റിയിലെ രജിസ്ട്രേഡ് നഴ്‌സ് മരിയ ഡു പ്ലൂയിയുടെ ചോദ്യം. ഇത്തരത്തിൽ ചില സിനിമകൾ ചെയ്തിട്ടുണ്ട്. എങ്കിലും, തീർച്ചയായും ഒരു വെല്ലുവിളിയായി ഇത് ഏറ്റെടുക്കാമെന്നായിരുന്നു ലാലിന്‍റെ മറുപടി.
യുഎഇയിലെ സ്ഥിരതാമസക്കാരനാകുമോ
ഗോൾഡൻ വിസ ലഭിച്ചതിനാൽ കൂടുതൽ കാലം യുഎഇയിൽ തുടരുന്ന കാര്യം പരിഗണിക്കുമോ എന്നായിരുന്നു അബുദാബി ബുർജീൽ ആശുപത്രിയിൽ നഴ്‌സായ പ്രിൻസി ജോർജിന് അറിയേണ്ടത്. വേണമെങ്കിൽ പരിഗണിക്കാമെന്ന് ചിരിയോടെ മറുപടി നല്കി മോഹന്‍ ലാല്‍. 40 വർഷങ്ങള്‍ക്ക് മുന്‍പാണ് താന്‍ ആദ്യം യുഎഇയിലെത്തിയത്. ഇടയ്ക്കിടെ ദുബായിലേക്ക് വരാറുണ്ട്, നിങ്ങളെല്ലാവരും നിർബന്ധിച്ചാല്‍ ഇവിടെ തന്നെ താമസിക്കാമെന്നായിരുന്നു, ലാലേട്ടന്‍റെ മാസ് മറുപടി.
എന്നെന്നും ലാലേട്ടന്‍
ലാലേട്ടാ എന്ന് നേരിട്ട് വിളിക്കാൻ ആയത് തന്ന നഴ്സായത് കൊണ്ടാണെന്നതിൽ അഭിമാനമുണ്ടെന്ന് ആൽഐൻ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ നഴ്സായ സിനു പറഞ്ഞു. ലാലേട്ടൻ എങ്ങനെ ജോലി സമ്മർദ്ദം കൈകാര്യം ചെയ്യുന്നുവെന്ന സിനുവിന്‍റെ ചോദ്യത്തിന് മറുപടി ഇതായിരുന്നു, സിനിമയിൽ ഇതെന്‍റെ നാല്പത്തി നാലാമത്തെ വർഷമാണ്. ജോലിയോടുള്ള പ്രതിബദ്ധത, നന്ദി, വിജയിക്കാനുള്ള ഊർജം, സത്യം , സ്നേഹം, ഇതിലെല്ലാമുപരി ദൈവത്തിന്റെ കൃപയുമുണ്ടെങ്കിൽ സമ്മർദ്ദങ്ങളെയെല്ലാം മറികടക്കാൻ കഴിയും.
കൂറ്റന്‍ പൂക്കളത്തിന് കിട്ടി, ലാലേട്ടന്‍റെ കയ്യടി
ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യപ്രവർത്തകർ ഓണത്തിന് ഒരുക്കിയ കൂറ്റൻ പൂക്കളത്തെ മോഹൻലാൽ അഭിനന്ദിച്ചു. 300കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്രമീറ്ററിൽ ഒരുക്കിയ പൂക്കളമാണ് അദ്ദേഹത്തെ ആകർഷിച്ചത്. മോഹൻലാലിന് സർപ്രൈസ് ഒരുക്കാൻ പൂക്കളത്തിന്‍റെ വിവിധ കോണുകളിൽ അദ്ദേഹത്തിന്‍റെ മുഖവും ആരോഗ്യപ്രവർത്തകർ ഉൾപ്പെടുത്തി.

കോവിഡ് സാഹചര്യമൊക്കെ മാറി, അടുത്ത ഓണം സാധാരണരീതിയില്‍ ആഘോഷിക്കാമെന്ന്, പ്രാർത്ഥിക്കാമെന്നും മോഹന് ലാല്‍ പറഞ്ഞു. ബുർജീൽ ആശുപത്രികളുടെ റീജ്യണൽ സിഇഒ ജോണ്‍ സുനിൽ മോഹൻലാലിന് സ്വാഗതവും മീഡിയോർ-എൽഎൽഎച്ച് ആശുപത്രികളുടെ സിഇഒ സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.