രണ്ടു കോടി രൂപവരെ വായ്പ; പ്രവാസികള്‍ക്ക് സഹായം, തൊഴില്‍ സംരഭകത്വ പദ്ധതികള്‍ക്ക് തുടക്കമായി

രണ്ടു കോടി രൂപവരെ വായ്പ; പ്രവാസികള്‍ക്ക് സഹായം, തൊഴില്‍ സംരഭകത്വ പദ്ധതികള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹരിക്കാനുള്ള പ്രവര്‍ത്തനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിൽ തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ച നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 15 ലക്ഷത്തോളം പേരാണ് കോവിഡ് കാലത്ത് തിരിച്ചെത്തിയത്. ഇതില്‍ വളരെയധികം പേര്‍ ലോക്ഡൗണ്‍ സൃഷ്ടിച്ച തൊഴില്‍ നഷ്ടത്തിന്റെ ഇരകളുമാണ്. ജീവിതത്തിന്റെ നല്ലൊരുകാലം നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥ നിലനിര്‍ത്താന്‍ പ്രയത്നിച്ചവരാണിവര്‍. ഇവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നതിനാലാണ് അവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി ആരംഭിച്ച ഘട്ടംമുതല്‍ തന്നെ നോര്‍ക്കാ റൂട്ട്സില്‍ കോവിഡ് റെസ്പോണ്‍സ് സെല്‍ ആരംഭിച്ചിരുന്നു. അതുവഴി പ്രവാസി മലയാളികളുടെ ആശങ്കകള്‍ വലിയൊരളവോളം പരിഹരിക്കാനായി. ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്കു തിരിച്ചുപോകാന്‍ സാധിക്കാതെ വന്നവര്‍ക്ക് അടിയന്തര ധനസഹായമായി 5000 രൂപ വീതം അനുവദിച്ചു. അത് വലിയ തുകയല്ലെങ്കിലും സര്‍ക്കാറിന്റെ കരുതലിന്റെ സൂചന അതിലുണ്ട്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് ഈ സഹായം ലഭിച്ചത്. 64.3 കോടി രൂപ ഇതിനായി വിനിയോഗിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ വകയിരുത്തി. അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങള്‍, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനിച്ചു. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കകായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

ഇതില്‍ നിന്നുള്ള തുക ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന മൂന്ന് തൊഴില്‍ സംരംഭകത്വ പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. നാനോ എന്റര്‍പ്രൈസ് അസിസ്റ്റന്‍സ് സ്‌കീം (പ്രവാസി ഭദ്രത - പേള്‍), മൈക്രോ എന്റര്‍പ്രൈസ് അസിസ്റ്റന്‍സ് സ്‌കീം (പ്രവാസി ഭദ്രത - മൈക്രോ), കെ.എസ്.ഐ.ഡി.സി മുഖേന നടപ്പാക്കുന്ന സ്പെഷല്‍ അസിസ്റ്റന്‍സ് സ്‌കീം (പ്രവാസിഭദ്രത - മെഗാ) എന്നിവയാണവ.

കേരളാ ബാങ്ക് ഉള്‍പ്പെടെയുള്ള വിവിധ സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി സഹകരണ സംഘങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ തുടങ്ങിയവ വഴി സ്വയംതൊഴില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-മൈക്രോ. ഇതുവഴി അഞ്ച് ലക്ഷം രൂപാ വരെ വായ്പ ലഭിക്കും. കെ.എസ്.ഐ.ഡി.സി മുഖാന്തരം നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ ധനസഹായ പദ്ധതിയാണ് പ്രവാസി ഭദ്രത-മെഗാ. 25 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ പലിശ സബ്സിഡിയോടെ ഈ പദ്ധതി വഴി ലഭ്യമാകും. ഈ പദ്ധതികള്‍ ശരിയാംവിധം ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ തയാറാവണമെന്നും സംശയങ്ങള്‍ തീര്‍ക്കാനും പദ്ധതിയില്‍ ചേരുന്നതിന് പിന്തുണ ഒരുക്കാനും നോര്‍ക്കാ റൂട്ട്സ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.