ബിജെപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും: കെ സുരേന്ദ്രന്‍

ബിജെപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നാണം കെട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നീച നടപടിയിലൂടെ ബിജെപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി നേതാവ് കുമ്മനം രാജശേഖരന് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ്‌ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകര്‍ക്കാമെന്നാണ് സര്‍ക്കാര്‍ ധരിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും സംശുദ്ധമായ ജീവിതമാണ് കുമ്മനം രാജശേഖരന്റേതെന്നും സുരേന്ദ്രന്‍ ഓർമ്മിപ്പിച്ചു.

ആറന്മുള സ്വദേശിയില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ തട്ടിച്ചെന്ന പരാതിയില്‍ ആറന്മുള പൊലീസാണ് കുമ്മനം അടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസ് എടുത്തത്. പേപ്പര്‍ കോട്ടണ്‍ മിക്‌സ് നിര്‍മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനില്‍ നിന്ന് പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. കുമ്മനത്തിന്റെ മുന്‍ പിഎ ആയിരുന്ന പ്രവീണാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ നാലാം പ്രതിയാണ് കുമ്മനം.

പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. ഐപിസി 406, 420, 34 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. 30 ലക്ഷത്തിലധികം തുക കമ്പനിയില്‍ നിക്ഷേപിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല. ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്ന് ഹരികൃഷ്ണന്‍ പറയുന്നു.

കുമ്മനം മിസോറാം ഗവര്‍ണറായിരുന്ന സമയത്താണ് പണം നല്‍കിയത്. മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പല തവണയായി നാലര ലക്ഷം രൂപ തിരികെ കിട്ടിയെന്നും പരാതിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.