കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് അതീവ സുരക്ഷ മേഖലയില്‍; സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് അതീവ സുരക്ഷ മേഖലയില്‍; സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് അതീവ സുരക്ഷ മേഖലയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതില്‍ വ്യക്തമാക്കി. ഹൈക്കോടതി സമുച്ചയത്തിലെ എല്ലാ നീക്കങ്ങളും റെക്കോര്‍ഡ് ചെയ്യുന്നതിനായി 92 സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 72 പോലീസുകാരെ ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്നും കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ അറിയിച്ചു.

ജഡ്ജിമാര്‍ക്കും കോടതികള്‍ക്കും ഏര്‍പ്പെടുത്തിയ സുരക്ഷ വിശദീകരിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തതിന് കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. കേരള പൊലീസ് നിയമത്തിലെ 83 (1), (2) വകുപ്പുകള്‍ പ്രകാരമാണ് ഹൈക്കോടതിയെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാന ഇന്റലിജിന്‍സ് വിഭാഗം നേരിട്ട് ഹൈക്കോടതിയുടെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ഹൈക്കോടതി ഉദ്യോഗസ്ഥനും, സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ള സംഘം കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയുടെ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഓഡിറ്റിന്റെ അടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ വ്യക്തമാക്കി.

ഇതിനുപുറമെ സംസ്ഥാന വ്യവസായ സുരക്ഷ വിഭാഗത്തില്‍ നിന്ന് 70 പേരെയും ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ച് 1,71, 24,000 രൂപയുടെ സുരക്ഷ ഉപകരണങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എസ്‌കോര്‍ട്ടോട് കൂടിയ വൈ കാറ്റഗറി സുരക്ഷ. കൂടാതെ മറ്റ് ജഡ്ജിമാര്‍ക്കും കൊച്ചിയിലെ എന്‍.ഐ.ഐ കോടതിയിലെ ജഡ്ജിക്കും സി.ബി.ഐ കോടതി രണ്ടിലെ ജഡ്ജിക്കും വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ട്. കൊച്ചിയിലെ സി.ബി.ഐ കോടതി മൂന്നിലേയും തിരുവനന്തപുരത്തെ സി.ബി.ഐ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജിനും എക്‌സ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കീഴ്‌ക്കോടതികള്‍ക്കും, കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്കും ആവശ്യത്തിന് സുരക്ഷ അനുവദിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഈ തുക സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ക്ഷേമനിധി ഫണ്ടില്‍ കേരളം അടച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.