സന: ദക്ഷിണ യെമനിലെ ഒരു പ്രധാന സൈനിക താവളത്തിന് നേരെയുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ ചുരുങ്ങിയത് 30 സൈനികര്‍ കൊല്ലപ്പെട്ടു.ഹൂതി വിമതര്‍ നടത്തിവരുന്ന ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെയും സൗദിയുടെയും പിന്തുണയുള്ള സര്‍ക്കാര്‍ അനുകൂല ബ്രിഗേഡുകളില്‍ പെട്ടവരാണ് ഇരകള്‍. അതേസമയം, ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അംഗീകൃത സര്‍ക്കാര്‍ കൈവശം വച്ചിട്ടുള്ള ലഹ്ജ് പ്രവിശ്യയിലെ അല്‍-അനദ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണം നടന്നത്. കുറഞ്ഞത് 65 പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായി യെമന്‍ സൈനിക വക്താവ് മുഹമ്മദ് അല്‍ നഖിബ് അറിയിച്ചു.മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായി. പരിശീലന സ്ഥലത്ത് പ്രഭാത വ്യായാമം ചെയ്യുകയായിരുന്ന ഡസന്‍ കണക്കിന് സൈനികരാണ് ബാലിസ്റ്റിക് മിസൈല്‍ പതിച്ചുണ്ടായ ആദ്യ സ്‌ഫോടനത്തിന് ഇരകളായത്.50 ലധികം സൈനികരുള്ള ബാരക്കുകളില്‍ മിസൈലുകളും പിന്നീട് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളും പതിച്ചു.
'ഞങ്ങള്‍ക്ക് ഒരു ഡ്രോണ്‍ മാത്രം വെടിവച്ചിടാന്‍ കഴിഞ്ഞു,' പരിക്കുകളോടെ ആക്രമണത്തെ അതിജീവിച്ച് ഏഡനിലെ നഖിബ് ആശുപത്രിയിലുള്ള സൈനികന്‍ നാസര്‍ സയീദ് പറഞ്ഞു. പരിക്കേറ്റവരില്‍ ഭൂരിഭാഗത്തെയും അടുത്തുള്ള ഇബ്ന്‍ ഖല്‍ദൂന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മൂന്നാം ഡിഗ്രി പൊള്ളലേറ്റതായും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാനിയന്‍ പിന്തുണയുള്ള അല്‍ ഖ്വെയ്ദാ അനുബന്ധ വിമത സംഘമാണ് ഹൂതി.ഹൂതികള്‍ മുമ്പും സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2019 ജനുവരിയില്‍ അല്‍-അനദില്‍ ബോംബ് നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആറ് സൈനികരെ വധിച്ചു.ഡിസംബറില്‍ തെക്കന്‍ നഗരമായ ഏഡനിലെ വിമാനത്താവളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലാക്കാക്കി വിമതര്‍ മിസൈല്‍ ആക്രമണം നടത്തി. ആ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 110 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2014 മുതല്‍ യമന്‍ കടുത്ത ആഭ്യന്തര യുദ്ധത്തിലൂടെയാണ് കടന്നുപോകുന്നത്. ഹൂതി വിമതര്‍ വടക്കുഭാഗത്തിന്റെ ഭൂരിഭാഗവും അടിച്ചമര്‍ത്തി ഭരിക്കുന്നു.ഇടയ്ക്ക് അവര്‍ തലസ്ഥാനമായ സന പിടിച്ചെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ പ്രവാസത്തിലായതോടെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ഹൂതി വിമതര്‍ക്കെതിരെ യുദ്ധത്തില്‍ പ്രവേശിച്ചു.അറബ് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമാണു യെമന്‍. സംഘര്‍ഷത്തില്‍ ഇവിടെ ഇതുവരെ 130,000 -ത്തിലധികം ആളുകളാണു മരിച്ചത്.ലോകത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിയാണ് ഇവിടത്തേതെന്ന് യു എന്‍ നിരീക്ഷിച്ചിരുന്നു.
ഹൂതി വിമതര്‍ കടുത്ത പ്രതിരോധം നേരിടുകയും അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരില്‍ നിന്ന് നിര്‍ണായക നഗരമായ മാരിബ് പിടിച്ചെടുക്കാനുള്ള അവരുടെ മാസങ്ങള്‍ നീണ്ട ശ്രമത്തില്‍ കനത്ത നഷ്ടം നേരിടുകയും ചെയ്യുന്നതിനിടെയാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്. അവരുടെ ആയിരക്കണക്കിന് പോരാളികള്‍ കഴിഞ്ഞ മാസങ്ങളില്‍ കൊല്ലപ്പെട്ടു.യെമനില്‍ വെടിനിര്‍ത്തല്‍ സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഈ ആക്രമണം അട്ടിമറിക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി മൊഅമ്മര്‍ അല്‍ ഇറിയാനി പറഞ്ഞു.
2011നു ശേഷമാണ് ഹൂതികള്‍ ശക്തി കൈവരിച്ചത്. ഹുസൈന്‍ അല്‍-ഹൂതി എന്ന നേതാവിന്റെ പേരില്‍ നിന്നാണ് ഹൂതികള്‍ ആ പേര് സ്വീകരിച്ചത്. ഇയാള്‍ സ്ഥാപിച്ച സംഘം 1990-കളുടെ പകുതിയോടെ ഹൂതിയായി രൂപാന്തരം പ്രാപിച്ചു. ഒരു യെമന്‍ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഇസ്‌ളാമിക ശാഖയാണ് ഫലത്തില്‍ ഹൂതികള്‍. സുന്നി ഭൂരിപക്ഷ യെമനില്‍ സയിദികള്‍ ന്യൂനപക്ഷമാണ്. സയിദികളെ അടിച്ചമര്‍ത്തുന്നതിനോടുള്ള ചെറുത്തുനില്‍പ്പായാണ് ഹൂതി മുന്നേറ്റം സായുധവത്കരിക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.