'ആറ് മാസത്തിനകം കോണ്‍ഗ്രസിന്റെ രൂപവും ഭാവവും മാറും'; പാര്‍ട്ടിയെ നശിപ്പിക്കാതെ നോക്കേണ്ടത് നേതാക്കളുടെ ബാധ്യതയെന്നും സുധാകരന്‍

'ആറ് മാസത്തിനകം കോണ്‍ഗ്രസിന്റെ രൂപവും ഭാവവും മാറും'; പാര്‍ട്ടിയെ നശിപ്പിക്കാതെ നോക്കേണ്ടത് നേതാക്കളുടെ ബാധ്യതയെന്നും സുധാകരന്‍

തിരുവനന്തപുരം: ആറ് മാസത്തിനകം കോണ്‍ഗ്രസിന്റെ രൂപവും ഭാവവും മാറുമെന്നും സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടി മാറുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഡിസിസി അധ്യക്ഷ പട്ടിക വിഷയത്തില്‍ പാര്‍ട്ടിയുടെ നല്ലതിനായി തുടര്‍ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ഇത്തരം പ്രതികരണങ്ങള്‍ ഉചിതമാണോയെന്ന് നേതാക്കള്‍ ആലോചിക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഡിസിസി അദ്ധ്യക്ഷന്മാരുമായി ബന്ധപ്പെട്ട വിഷയം അടഞ്ഞ അദ്ധ്യായമാണ്. എല്ലാവിഷയവും ചര്‍ച്ച ചെയ്ത് ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കള്‍ക്ക് പറയാനുളളത് പറയാം. പക്ഷെ, അന്തിമ തീരുമാനമെടുക്കുക ഹൈക്കമാന്‍ഡ് ആണെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ശക്തിയും തണലുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇനിയും വേണമെന്നാണ് ആഗ്രഹമെന്നും കെ.മുരളീധരന്‍ കോണ്‍ഗ്രസിന്റെ നെടും തൂണുകളിലൊന്നാണെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. ഇത്രയും കാലം ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയെ നശിപ്പിക്കാതെ നോക്കേണ്ടത് നേതാക്കളുടെ ബാധ്യതയാണ്. താരീഖ് അന്‍വറിനെ മാറ്റുന്നത് സംബന്ധിച്ച് തനിക്കൊന്നും ചെയ്യാനില്ലെന്നും അതെല്ലാം ഹൈക്കമാന്റ് തീരുമാനമാണെന്നും സുധാകരന്‍ പ്രതികരിച്ചു.

എ.വി ഗോപിനാഥിന്റെ രാജി പ്രഖ്യാപനം പാലക്കാട്ടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ്. തന്നെ അങ്ങനെ കൈയൊഴിയാന്‍ ഗോപിനാഥിനാവില്ല. അടുത്ത ബന്ധമാണ് താനും ഗോപിനാഥുമായുളളതെന്നും പാര്‍ട്ടി വിട്ട് ഗോപിനാഥ് എവിടെയും പോവില്ലെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.