തിരുവനന്തപുരം : കോണ്‍ഗ്രസിനകത്തെ ആഭ്യന്തര കലഹം ഐക്യ ജനാധിപത്യ മുന്നണിയിലേക്കും വ്യാപിക്കുന്നു. യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു. ഉഭയകക്ഷി ചര്‍ച്ച നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. മുന്നണി മാറ്റത്തെക്കുറിച്ചും ആര്‍എസ്പിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി കോണ്‍ഗ്രസിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ കത്തു നല്‍കി 40 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും ഇല്ലെന്ന് ആര്‍എസ്പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി നേതൃയോഗത്തില്‍ തീരുമാനിച്ചത്. നേരത്തെ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ആര്‍എസ്പിയെ യുഡിഎഫിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത്.
എന്നാല്‍ കെ.സുധാകരനും വി.ഡി സതീശനുമടക്കമുള്ള പുതിയ സംസ്ഥാന നേതൃത്വം ഉമ്മന്‍ചാണ്ടി-ചെന്നിത്തല വിഭാഗങ്ങളെ ഒതുക്കുന്നുവെന്ന അതൃപ്തി ആര്‍സ്പിക്കുള്ളില്‍ രൂപപ്പെട്ട് കഴിഞ്ഞു. ഇതും മുന്നണിമാറ്റത്തിലേക്ക് നീങ്ങാന്‍ കാരണമാകുന്നുണ്ടെന്നാണ് സൂചന. തുടര്‍നടപടി സ്വീകരിക്കാന്‍ ശനിയാഴ്ച ആര്‍എസ്പി നേതൃയോഗം വിളിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ആര്‍എസ്പി യുഡിഎഫ് മുന്നണി വിടണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യമടക്കം നേതൃയോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിബു ബേബിജോണ്‍ അടക്കം ചില നേതാക്കള്‍ ഇടഞ്ഞു നില്‍ക്കുകയാണ്.
ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും മുന്നണിയില്‍ പ്രശ്‌നമാകുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടി എ.എ അസീസ് മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.