കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം കൂടുന്നതായി റിപ്പോര്‍ട്ട്

കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദം കൂടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: കോവിഡിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്‌. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്.

ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നത് രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാൻ കരണമാകുകയാണ്. അതേസമയം, ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ (ബി.1.617.2) അപകടകാരിയാണോ എ.വൈ. 1 എന്ന് വ്യക്തമായിട്ടില്ല.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്. സംസ്ഥാനത്ത് ജൂണിൽ ഏതാണ്ട് അരശതമാനവും ജൂലായിൽ ഒരു ശതമാനവുമായിരുന്ന എ.വൈ. 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റിൽ ആറ് ശതമാനമായി.

അഞ്ചുശതമാനത്തിലേറെ എ.വൈ. 1 കണ്ടെത്തിയത് കേരളത്തിൽമാത്രമാണെന്ന് പഠനസംഘത്തിലെ ഡോ. വിനോദ് സ്കറിയ പറഞ്ഞു. കേരളം കഴിഞ്ഞാൽ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്. ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ (എ.വൈ. 1 മുതൽ എ.വൈ. 25 വരെ) സാന്നിധ്യമുണ്ട്. എന്നാൽ, എ.വൈ. 1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഗസ്റ്റിൽ എ.വൈ.1 മാത്രം ആറ് ശതമാനത്തിലേറെയായി. സി.എസ്.ഐ.ആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐ.ജി.ഐ.ബി.) പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

കേരളത്തിൽ ബ്രേക്ക്ത്രൂ ഇൻഫെക്ഷന്റെ (രണ്ട് വാക്സിനുമെടുത്തവർക്ക് കോവിഡ് വരുന്നത്) 155 സാമ്പിളുകൾ പരിശോധിച്ചതിൽ ഒരെണ്ണത്തിൽ എ.വൈ. 1 കണ്ടെത്തി. എന്നാൽ വാക്സിൻ എടുത്തതുകൊണ്ടുള്ള പ്രതിരോധശേഷിയെ എ.വൈ. 1 കൂടുതലായി മറികടക്കുന്നില്ലെന്ന് യു.കെ.യിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.