സ്‌കൂളുകള്‍ ഉള്‍പ്പെടെ കേരളം തുറക്കാമെന്ന് വിദഗ്ധർ; ലോക്ക് ഡൗണ്‍, രാത്രി കര്‍ഫ്യൂ വേണ്ട

സ്‌കൂളുകള്‍ ഉള്‍പ്പെടെ കേരളം തുറക്കാമെന്ന് വിദഗ്ധർ; ലോക്ക് ഡൗണ്‍, രാത്രി കര്‍ഫ്യൂ വേണ്ട

തിരുവനന്തപുരം: കേരളത്തിൽ സ്കൂളുകൾ ഉൾപ്പെടെ തുറക്കാമെന്ന് നിര്‍ദേശവുമായി വിദഗ്ധർ. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ലാണ് ഇത്തരമൊരു നിർദ്ദേശം വിദഗ്ധർ മുന്നോട്ടുവെച്ചത്.

എന്നാൽ വാക്സിനേഷന്‍ വേഗം കൂട്ടുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്  വിദഗ്ധരുടെ പൊതുനിര്‍ദേശം. ടിപിആര്‍, ലോക്ക്ഡൗണ്‍, പ്രാദേശിക അടച്ചിടല്‍ എന്നിവയ്ക്ക് പിറകെ സമയവും അധ്വാനവും പാഴേക്കണ്ടതില്ലെന്ന പൊതുനിര്‍ദേശമാണ് പ്രമുഖ വൈറോളജിസ്റ്റുകള്‍ പങ്കെടുത്ത യോഗത്തില്‍ ഉയര്‍ന്നത്.
മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിനാണ് ശ്രദ്ധ നല്‍കേണ്ടത്. വാക്സിനേഷന്‍ വേഗത ഉയര്‍ത്തിയാല്‍ ഇത് സാധ്യമാകും. ചികിത്സാ സംവിധാനങ്ങള്‍ നിറഞ്ഞുകവിയുന്ന ഘട്ടത്തില്‍ മാത്രം കടുത്ത നിയന്ത്രണങ്ങളാലോചിക്കാം. കേരളത്തിന്റെ ഡാറ്റ താരതമ്യേന മികച്ചതാണെന്നും അഭിപ്രായമുയര്‍ന്നു. രോഗതീവ്രത കുറവാണെന്ന സര്‍ക്കാര്‍ വിലയിരുത്തലും യോഗത്തിലുണ്ടായി.

പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗന്‍ദീപ് കാങ് അടക്കം ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ വൈറോളജിസ്റ്റുകള്‍ പങ്കെടുത്ത യോഗത്തിലാണ് നിര്‍ദേശം. പിന്നീട് സര്‍ക്കാര്‍ ഈ വിദഗ്ധരുമായി പ്രത്യേകം ചര്‍ച്ച നടത്തിയാകും പുതിയ തീരുമാനങ്ങളിലെത്തുക. പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമാണ് ചര്‍ച്ചയിലെ പൊതു നിര്‍ദേശമെന്നിരിക്കെ ഇവ നടപ്പാക്കുന്നതും കരുതലോടെയാകും.

അതേസമയം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കേരളം കര്‍ണാടകയ്ക്ക് കത്തയച്ചു. സംസ്ഥാനാന്തര യാത്രയില്‍ നിലനില്‍ക്കുന്ന കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകം ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന് കാട്ടിയാണ് ചീഫ് സെക്രട്ടറി കര്‍ണാടകയ്ക്ക് കത്തയച്ചത്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കാട്ടിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.