സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതില്‍ വര്‍ഗീയവശം; രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതില്‍ വര്‍ഗീയവശം; രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

ന്യുഡല്‍ഹി: സ്വകാര്യ മാധ്യമങ്ങളിലെ വാര്‍ത്ത ഉള്ളടക്കങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതിലൊരു വര്‍ഗീയ വശമുണ്ടാകും. വെബ് പോര്‍ട്ടലുകളും യുട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണ്. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവും കോവിഡ് വ്യാപനവും കൂട്ടിച്ചേര്‍ത്ത് മാധ്യമങ്ങള്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിച്ചുവെന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് സ്വകാര്യ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ജഡ്ജിമാര്‍ക്കെതിരെ എന്തും എഴുതി വിടുന്നു. ഈ പ്രവണതമൂലം ആത്യന്തികമായി രാജ്യത്തിന്റെ പേരാണ് മോശമാകാന്‍ പോകുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അധികാരത്തിലിരിക്കുന്നവരുടെ ശബ്ദം മാത്രമാണ് വെബ് പോര്‍ട്ടലുകളും സമൂഹ മാധ്യമങ്ങളും കേള്‍ക്കുന്നത്. ജഡ്ജിമാര്‍ക്കെതിരെ യാതൊരു അടിസ്ഥാനമില്ലാതെ എന്തും എഴുതിവിടുന്നു. ജുഡീഷ്യറി ആവശ്യപ്പെട്ടാല്‍ പോലും പ്രതികരിക്കുന്നില്ല.

കൃത്യമായ നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാല്‍ അപകീര്‍ത്തിപ്പെടുത്തലുകളും നടക്കുന്നു. യുട്യൂബില്‍ വ്യാജവാര്‍ത്തകളുടെ ഒഴുക്ക് തന്നെയാണ്. ആര്‍ക്ക് വേണമെങ്കിലും യുട്യൂബ് ചാനല്‍ ആരംഭിക്കാവുന്ന സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളെ അടക്കം നിയന്ത്രിക്കാന്‍ എന്തെങ്കിലും ശ്രമമുണ്ടായോ എന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ഉന്നയിച്ച ആശങ്ക കൂടി പരിഗണിച്ച് പുതിയ ഐ.ടി ചട്ടങ്ങള്‍ തയാറാക്കുമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രതികരണം. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.