മൂന്നാര്‍: മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി. ഊബര്‍ കാറില്‍ സഞ്ചരിക്കാന്‍ അനുവദിച്ചില്ലെന്നും ടാക്സി ഡ്രൈവര്‍മാരുടെ സംഘം ഭീഷണിപ്പെടുത്തിയെന്നും 'ഇനി കേരളത്തിലേക്കേ ഇല്ല' എന്നും വിനോദ സഞ്ചാരി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. 
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ സംഭവത്തില്‍ മൂന്നാര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. മുംബൈയില്‍ അസിസ്റ്റ്ന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്. 
ഒക്ടോബര്‍ 31 നാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയിലൂടെ യുവതി ദുരനുഭവം വിവരിച്ചത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. കൊച്ചിയിലേക്കും ആലപ്പുഴയിലേക്കുമുള്ള യാത്ര എങ്ങനെ സുഗമമായിരുന്നുവെന്നും ജാന്‍വി വീഡിയോയില്‍ വിവരിച്ചു. 
എന്നാല്‍ മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. 
എന്നാല്‍, സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തില്‍ യാത്ര ചെയ്യേണ്ടിവന്നെന്നും സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറയുന്നു.
വിനോദ സഞ്ചാരികള്‍ക്ക് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ കുറഞ്ഞ നിരക്കില്‍ വാഹന സൗകര്യം നല്‍കുന്നുവെന്ന് ആരോപിച്ച് മൂന്നാറിലും പരിസരങ്ങളിലും ലോക്കല്‍ ടാക്സി ഡ്രൈവര്‍മാരുമായി സംഘര്‍ഷങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഓണ്‍ലൈന്‍ ടാക്സി വാഹനം തല്ലിത്തകര്‍ത്ത് ഡ്രൈവറെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.
വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി മൂന്നാറില്‍ ഇറക്കിയ റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് ഉദ്ഘാടനം ചെയ്യാന്‍ മൂന്നാറിലെത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാറിനെയും ടാക്സി ഡ്രൈവര്‍മാര്‍ വഴിയില്‍ തടഞ്ഞിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.