ന്യൂസിലാന്‍ഡിലെ മാളില്‍ അക്രമം നടത്തിയ ഭീകരനെ നാടുകടത്താനാകാതെ പോയത് നിയമ തടസം മൂലം

ന്യൂസിലാന്‍ഡിലെ മാളില്‍ അക്രമം നടത്തിയ ഭീകരനെ നാടുകടത്താനാകാതെ പോയത് നിയമ തടസം മൂലം


വെല്ലിംഗ്ടണ്‍/കൊളംബോ:ഓക്ക്ലാന്‍ഡിലെ മാളില്‍ ഏഴ് പേരെ കുത്തി മുറിവേല്‍പ്പിച്ച തീവ്രവാദിയെ നാടുകടത്താന്‍ വര്‍ഷങ്ങളോളം ശ്രമിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.നിയമം അയാള്‍ക്ക് അനുകൂലമായിരുന്നതാണ് തടസമായത്. 2013 ല്‍ അഭയാര്‍ത്ഥി പദവി തേടി 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡില്‍ വിദ്യാര്‍ത്ഥി വിസയില്‍ എത്തിയ ആളാണ് ഈ ഭീകരന്‍. ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശീയ മുസ്ലീം ആയ അഹമ്മദ് ആദില്‍ മുഹമ്മദ് ഷംസുദീന്‍ (32) ആണ് അക്രമിയെന്ന് കോടതി രേഖകളില്‍ പറയുന്നു.

മൂന്ന് വര്‍ഷത്തോളം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞശേഷം ജൂലൈയില്‍ ആണ് ഷംസുദീന്‍ മോചിതനായത്.ശ്രീലങ്കയിലെ പോലീസ് ഷംസുദ്ദീന്റെ പശ്ചാത്തല പരിശോധന നടത്തുകയും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചു നല്‍കുകയും ചെയ്‌തെന്ന് കൊളംബോയില്‍ സര്‍ക്കാര്‍ വക്താവ് നലിന്‍ തല്‍ദുവ പറഞ്ഞു. 'എനിക്കറിയാവുന്നിടത്തോളം ന്യൂസിലാന്‍ഡ്് സര്‍ക്കാര്‍ ശ്രീലങ്കയോട് അന്വേഷണം ആരംഭിക്കാന്‍ ഔപചാരികമായി അഭ്യര്‍ത്ഥിച്ചിട്ടില്ല. അതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നു.'

അഭയാര്‍ത്ഥിയായി വന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മതമൗലികവാദത്തിലേക്കും ഭീകരതയിലേക്കും തിരിഞ്ഞ ഷംസുദ്ദീന്‍ അഭയം കൊടുത്ത രാജ്യത്തെ അതിക്രൂരമായി ദ്രോഹിച്ചു.സുപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ നിരപരാധികള്‍ക്ക് നേരേയായിരുന്നു ഷംസുദ്ദീന്‍ കൊലവിളിയുമായെത്തിയത്. ഏഴു പേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനു മുന്‍പ് പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.

തീവ്രവാദ ആക്രമണങ്ങള്‍, അക്രമാസക്തമായ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകള്‍, അക്രമാസക്തമായ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങള്‍ എന്നിവയില്‍ ഫേസ്ബുക്കില്‍ അനുഭാവം പ്രകടിപ്പിച്ചതിന് ശേഷമാണ് 2016 ല്‍ അയാള്‍ പോലീസിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടതും ജയിലിലായതും.ഷംസുദീന്റെ അഭയാര്‍ത്ഥി പദവി കൃത്രിമ മാര്‍ഗത്തില്‍ ലഭിച്ചതാണെന്ന് പിന്നീട് കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു. അതിനാല്‍ സര്‍ക്കാര്‍ വിസ റദ്ദാക്കാനും നാടുകടത്തല്‍ നോട്ടീസ് നല്‍കാനും ശ്രമിച്ചു.ഇതിനിടയില്‍ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കി. ഈ ഹര്‍ജിയുടെ ബലത്തില്‍ ന്യൂസിലാന്‍ഡില്‍ തുടരുകയായിരുന്നു.


ന്യൂസിലന്‍ഡിലെ അഭയാര്‍ത്ഥി നിയമങ്ങളും ഭീകര വിരുദ്ധ നിയമങ്ങളും കാലഹരണപ്പെട്ടതാണെന്നും ശക്തമല്ലെന്നുമുള്ള വാദങ്ങളാണ് ഉയരുന്നത്. അഭയാര്‍ത്ഥികളായെത്തുന്ന മുസ്ലിം ഭീകരര്‍ യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും ആക്രമണം നടത്തുന്ന സംഭവങ്ങള്‍ പതിവാകുന്നതിനിടയിലാണ് ന്യൂസിലാന്‍ഡിലും ആക്രമണം അരങ്ങേറിയത്. ഇസ്ലാമിക മത കാര്യങ്ങളില്‍ തത്പരനായിരുന്ന ഷംസുദീന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവത്തോട് കൂടിയാണ് ഭീകരതയിലേക്ക് തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. മാനസിക നില തകരാറിലായതുകൊണ്ടാണ് ഷംസുദ്ദീന്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഷംസുദീന്റെ കുടുംബം സംഭവത്തിന്റെ ഞെട്ടലില്‍ ആണിപ്പോഴുമെന്ന് ശ്രീലങ്കയിലെ മാധ്യമങ്ങള്‍ പറയുന്നു.'അറസ്റ്റിലായതിനുശേഷം ഷംസുദീന്‍ മൂന്ന് മാസത്തിലൊരിക്കലെങ്കിലും എന്നെ വിളിക്കാറുണ്ടായിരുന്നു. അവന്റെ സ്വഭാവ മാറ്റം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നു. എല്ലാവരും അവനെ ശകാരിക്കാറുണ്ടായിരുന്നു, പ്രത്യേകിച്ച് രണ്ട് സഹോദരന്മാര്‍. അയല്‍ക്കാരുടെ പ്രേരണയില്‍ വീണാണ് അവന്‍ തീവ്രവാദിയായത്.'- ശ്രീലങ്കയിലെ കിഴക്കന്‍ കാട്ടന്‍കുടിയില്‍ മുസ്ലീം ഭൂരിപക്ഷ പട്ടണത്തില്‍ താമസിക്കുന്ന അയാളുടെ അമ്മ, ഒരു പ്രാദേശിക വാര്‍ത്താ ചാനലിനോട് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഷംസുദീന്‍ നിരന്തരം നിരീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും നിയമപ്രകാരം അയാളെ ഇനി ജയിലില്‍ നിര്‍ത്താന്‍ കഴിയുമായിരുന്നില്ലെന്ന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.