മലപ്പുറം: മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങളുമായി കെ.ടി.ജലീല്‍ എംഎല്‍എ. മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. തട്ടിപ്പിന്റെ സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് പറഞ്ഞ ജലീല്‍ ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലക്കുട്ടിയില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ 50,000ല്‍ പരം അംഗങ്ങളും 80,000ല്‍ പരം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമര്‍ ഐ.ഡികളില്‍ മാത്രം 862 വ്യജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ.ഹരികുമാര്‍ ചേര്‍ന്ന് നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് 862 വ്യാജ ബിനാമി അക്കൗണ്ടുകളെന്നും ജലീല്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകള്‍ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്‍കം ടാക്സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 257 കസ്റ്റമര്‍ ഐ.ഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടുപാട് കണ്ടെത്തിയിരിക്കുന്നത്. എആര്‍ നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐ.ഡിയും പരിശോധിച്ചാല്‍, കള്ളപ്പണ ഇടപാടില്‍ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകല്‍ക്കൊള്ളയുടെ ചുരുളഴിയും.
കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും നടന്നുവരികയാണ്. ടൈറ്റാനിയം അഴിമതിയിലൂടെ ആര്‍ജിച്ച പണമാകണം എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ വ്യാജ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് തീയതിയും വര്‍ഷവും പരിശോധിക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കുക. മലബാര്‍ സിമിന്റ്സ്, കെ.എം.എം.എല്‍ തുടങ്ങിയ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ നിന്ന് സമാഹരിക്കപ്പെട്ട തുകയും ഈ ബാങ്കില്‍ നിക്ഷേപിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കുഞ്ഞാലിക്കുട്ടിയുടെ മകന്‍ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് എ.ആര്‍ നഗര്‍ ബാങ്കില്‍ നടത്തിയ മൂന്ന് കോടിയുടെ നിക്ഷേപം ആര്‍ബിഐയുടെ അന്വേഷണ പരിധിയിലാണുള്ളത്. മുന്‍ താനൂര്‍ എംഎല്‍എയും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയുടെ 50 ലക്ഷം അടക്കം പല ലീഗ് നേതാക്കള്‍ക്കും യഥേഷ്ടം വാരിക്കോരി നല്‍കിയിട്ടുള്ള അനധികൃത വായ്പ്പകളുടേയും ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
ബാങ്കിന്റെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ കസ്റ്റമര്‍ മേല്‍വിലാസങ്ങള്‍ വ്യാപകമായി മായിച്ചുകളഞ്ഞ് കൃത്രിമം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ 12 ജീവനക്കാരുടെ പേരില്‍ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപമുള്ളതായി അന്വേണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും ജലീല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.