നിസാമുദിന്‍ എക്‌സ്പ്രസില്‍ വന്‍കൊള്ള; മൂന്ന് സ്ത്രീകളെ മയക്കി സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു

നിസാമുദിന്‍ എക്‌സ്പ്രസില്‍ വന്‍കൊള്ള; മൂന്ന് സ്ത്രീകളെ മയക്കി സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു

തിരുവനന്തപുരം: നിസാമുദിന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് കൊള്ളയടിച്ചത്.  യാത്രക്കാരികള്‍ക്ക് കോയമ്പത്തൂരില്‍ വച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 35 പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് തിരുവനന്തപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.  റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  ഡല്‍ഹി നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.

ട്രെയിനിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശി കൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് മോഷണം പോയത്. കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൗസല്യ.

അതേസമയം പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.  കവർച്ചയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾ ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നെന്ന് യാത്രക്കാരിയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു.

കവര്‍ച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ഭക്ഷണം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവര്‍ ബോധരഹിതരായെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിനില്‍ പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.