അഴിച്ചുപണി അനിവാര്യം; ലൗ ജിഹാദ് വിഷയം ഉപയോഗപ്പെടുത്തണം: ബിജെപി കോര്‍ കമ്മിറ്റി

അഴിച്ചുപണി അനിവാര്യം; ലൗ ജിഹാദ് വിഷയം ഉപയോഗപ്പെടുത്തണം: ബിജെപി കോര്‍ കമ്മിറ്റി

കൊച്ചി: താഴെത്തട്ട് മുതല്‍ അഴിച്ചു പണി അനിവാര്യമെന്ന് ബി.ജെ.പി. കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയിലാണ് നിര്‍ദേശം. പരാജയ കാരണങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ച പാര്‍ട്ടി കമ്മിഷന്‍ വെച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. തിരഞ്ഞെടുപ്പു പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന മുന്‍നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാണ് കൃഷ്ണദാസ് പക്ഷം ചര്‍ച്ച നടത്തിയത്.

സംസ്ഥാന നേതൃത്വത്തിന് എതിരേ കടുത്ത നിലപാട് സ്വീകരിച്ചു വരുന്ന മുന്‍ അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ രണ്ടു ദിവസമായി കൊച്ചിയില്‍ ഉണ്ടായിരുന്നിട്ടും യോഗത്തില്‍ പങ്കെടുക്കാതെ തിരിച്ചുപോയി. എന്നാല്‍ ബി.ജെ.പിയുടെ മാത്രമല്ല പരിവാര്‍ സംഘടനകളുടെയടക്കം മൊത്തം സംഘടനാ സംവിധാനത്തിന്റെ തോല്‍വിയായാണ് മുരളീധര വിഭാഗം തിരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തിയത്.

തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ ഇടപെടലില്‍ ചില നേതാക്കള്‍ അതൃപ്തി അറിയിച്ചു. യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത സംയോജകന്മാരെ വെച്ചത് വലിയ തിരിച്ചടിയായെന്നും യോഗത്തില്‍ വിലയിരുത്തി. താഴെത്തട്ടില്‍ മാറ്റങ്ങള്‍ വരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും ചര്‍ച്ചയില്‍ വിലയരുത്തല്‍ ഉണ്ടായി. ഭാരവാഹിത്വത്തിന് പ്രായം മാനദണ്ഡമാക്കിയപ്പോള്‍, ഒരു പ്രവര്‍ത്തന പരിചയവുമില്ലാത്തവര്‍ ഭാരവാഹികളായി എത്തി. അത്തരം ഭാരവാഹികളെ മാറ്റാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാനാവില്ലെന്നും അഭിപ്രായം ഉയര്‍ന്നു. ഏഴ് ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനത്തില്‍ റിപ്പോര്‍ട്ടില്‍ രൂക്ഷമായ കുറ്റപ്പെടുത്തലുകളുണ്ട്. ആ കമ്മിറ്റികളില്‍ മാറ്റങ്ങള്‍ വരുത്തും.

ലൗജിഹാദ് വിഷയത്തില്‍ ബി.ജെ.പി നേരത്തെ തന്നെ കേരളീയ സമൂഹത്തില്‍ ഉന്നയിച്ചിട്ടുള്ള ആശങ്ക ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരും.

പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ ഈ വിഷയത്തില്‍ വിപുലമായ പ്രചാരണം നടത്താന്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.