എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തും

എറണാകുളം  അങ്കമാലി  അതിരൂപത  ഭൂമി ഇടപാട് കേസിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തും

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത  ഭൂമി ഇടപാട് കേസിൽ കോടതി നൽകിയ നിർദ്ദേശം അനുസരിച്ച് ലാന്‍റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം നടത്തും. അതിരൂപത നടത്തിയ ഭൂമി വില്പനയിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഇതിനായി സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങളിലാണ് അന്വേഷണം.

ഓഗസ്റ്റ് 12ലെ ഹൈകോടതി ഉത്തരവ് പ്രകാരം അന്വേഷണം നടത്തണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ നിർദേശം നൽകിയിരുന്നു. അതനുസരിച്ചാണ് റവന്യൂ അഡീഷണൽ സെക്രട്ടറി ആർ. താരാഭായി അന്വേഷണത്തിന്  ഉത്തവിട്ടത്. ലാൻഡ് റവന്യു അസിസ്റ്റന്‍റ് കമീഷണർ (എൽആർ) ബീന പി. ആനന്ദിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെയാണ്  നിയോഗിച്ചത്. എറണാകുളം ജില്ലാ രജിസ്റ്റാർ എബി ജോർജ്, കൊച്ചി പൊലീസ് അസിസ്റ്റ് കമീഷണർ വിനോദ് പിള്ള, റവന്യൂ വകുപ്പിലെ സീനിയർ സൂപ്രണ്ട് എസ്. ജയകുമാരൻ, റവന്യൂ ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻപിള്ള, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ എം. ഷിബു, വി.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

2007 ൽ, സെറ്റിൽമെന്റ് നമ്പർ 4950 പ്രകാരം അതിരൂപതയ്ക്കു ലഭിച്ച ഭൂമി അതിന്റെ മുൻ അവകാശികളായ അലക്സിയൻ ബ്രദേഴ്‌സ്ന്റെതാണെന്ന് പൂർണ്ണമായും തെളിയിക്കത്തക്ക രേഖകൾ കാണുവാൻ സാധിച്ചിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ വസ്തുതകൾ മനസിലാക്കാനും ഈ ഭൂമി സർക്കാർ ഭൂമി ആയിരുന്നോ എന്നും മനസിലാക്കാനുമാണ് റവന്യൂ വകുപ്പ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

സന്നദ്ധ സേവനങ്ങൾക്ക് മാത്രം ഉപയോഗിക്കാനായി അലക്സിയൻ ബ്രദേഴ്‌സ് രൂപതയ്ക്ക് കൈമാറിയ ഭൂമി വിൽക്കുവാൻ അതിരൂപത കൂരിയയും ഫിനാൻസ് കമ്മറ്റിയുമാണ് തീരുമാനമെടുത്തത്. അതിരൂപതയുടെ തലവൻ എന്ന രീതിയിൽ നിയമപരമായി മാർ ജോർജ് ആലഞ്ചേരിയാണ് അതിരൂപത സ്വത്തുക്കളുടെ ഉടമസ്ഥൻ. കോടതി സംശയിക്കുന്നത് പോലെ ഇത് പുറമ്പോക്കു ഭൂമി ആണെങ്കിൽ എങ്ങനെ ഇത് അലക്സിയൻ ബ്രദേഴ്‌സ് ന്റെ കൈവശം വന്നു എന്നും സർക്കാർ രേഖകളിൽ ആര് തിരുത്തലുകൾ വരുത്തി എന്നും കണ്ടു പിടിക്കേണ്ടതായുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.