കല്ലറങ്ങാട്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം ചെറുക്കും; തിന്മകള്‍ക്കെതിരായ സമരം തുടരും: നിലപാട് വ്യക്തമാക്കി സീറോ മലബാര്‍ സഭ

 കല്ലറങ്ങാട്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം ചെറുക്കും; തിന്മകള്‍ക്കെതിരായ സമരം തുടരും: നിലപാട് വ്യക്തമാക്കി സീറോ മലബാര്‍ സഭ

മാര്‍ കല്ലറങ്ങാട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടകരമായ 'മരണ വ്യാപാര'ത്തെക്കുറിച്ച്.
പ്രസംഗം വിവാദമാക്കിയവര്‍ പിതാവ് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂര്‍വം നഷ്ടപ്പെടുത്തി.
പ്രസംഗം വിവാദമാക്കിയത് ചില രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫലപ്രദമായ അന്വേഷണം വേണം.
പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതം.
സഭ ഒറ്റക്കെട്ടായി പിതാവിനോടൊപ്പം നിലകൊള്ളും.

കൊച്ചി: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ സാമൂഹ്യ തിന്മകള്‍ക്കെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പു നല്‍കിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ശക്തമായ പിന്തുണയുമായി സീറോ മലബാര്‍ സഭ.

പിതാവിന്റെ പ്രസംഗം വിവാദമാക്കിയവര്‍ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂര്‍വം നഷ്ടപ്പെടുത്തിയെന്നും അതിനുവേണ്ടി സമകാലിക കേരള സമൂഹത്തില്‍ എളുപ്പത്തില്‍ വിറ്റഴിയുന്ന 'മതസ്പര്‍ധ', 'വര്‍ഗീയത' എന്നീ ലേബലുകള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനു നല്‍കിയെന്നും സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് ഇടവക പള്ളിയില്‍ സഭാ മക്കള്‍ക്കായി നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂര്‍മായ പ്രചരണം നടത്തുന്നവര്‍ അതില്‍ നിന്നും പിന്മാറണം. പിതാവിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണ്.

കേരള സമൂഹത്തില്‍ നിലനിന്നു പോരുന്ന സാഹോദര്യവും സഹവര്‍ത്തിത്വവും നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. യാഥാര്‍ത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി പിതാവിനോടൊപ്പം നിലകൊള്ളുമെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി.

മാര്‍ കല്ലറങ്ങാട്ട് നടത്തിയത് പൊതുജനത്തിനു വേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ല. മറിച്ച്, ദേവാലയത്തില്‍ നടത്തിയ ഒരു പ്രസംഗമാണ് എന്ന വസ്തുത പലരും സൗകര്യപൂര്‍വ്വം അവഗണിച്ചു. ചില രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും അവരുടെ ഇടപെടലുകളിലൂടെ പിതാവിന്റെ പ്രസംഗത്തെ രണ്ടു മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി അവതരിപ്പിച്ചു. ഈ തെറ്റായ അവതരണമാണ് വിവാദങ്ങള്‍ക്കും ഫല രഹിതമായ ചര്‍ച്ചകള്‍ക്കും കാരണമായത്.

'നാര്‍ക്കോ ജിഹാദ്' എന്ന വാക്ക് അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന മയക്കു മരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി 'യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസി'ന്റെ 2017 ലെ ഒരു പ്രബന്ധത്തില്‍ ഉപയോഗിച്ചിട്ടുള്ളതാണ്. ഭീകരവാദ സംഘടനകള്‍ മയക്കു മരുന്നു വില്‍പ്പന നടത്തുന്നുണ്ട് എന്നതു വസ്തുതകളുടെ അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ രേഖ സമര്‍ത്ഥിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നു കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കു മരുന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു പിടിച്ചെടുത്തത് കഴിഞ്ഞ ദിവസമാണ്. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായി ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോട് ശത്രുതാപരമായ അകലം പാലിക്കുന്നവരാണ് കേരളത്തിലെ എല്ലാ മതസമൂഹങ്ങളും സംഘടനകളും. അതേസമയം, കേരള സമൂഹത്തിലും അപകടകരമായ ഈ 'മരണ വ്യാപാരം' നടക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ഇതിനെതിരെയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പു നല്‍കിയത്.

മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് കുറവിലങ്ങാട് പള്ളിയില്‍ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നത് ഏവര്‍ക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഏതെങ്കിലും ഒരു മതത്തെയോ മതവിശ്വാസത്തെയോ കുറ്റപ്പെടുത്തുടുത്തി കല്ലറങ്ങാട്ട് പിതാവ് സംസാരിച്ചിട്ടില്ലെന്ന് പാല രൂപതാ കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതാണ്.

കേരളത്തിന്റെ മതസൗഹാര്‍ദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സീറോ മലബാര്‍ സഭ എന്നും പ്രതിജ്ഞാബദ്ധമാണ്. വര്‍ഗീയതയോ മതസ്പര്‍ധയോ വളര്‍ത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല. അതിനാല്‍ മതവിദ്വേഷവും സാമുദായിക സ്പര്‍ധയും വളര്‍ത്തുന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കേണ്ടതാണ്.

അതേസമയം പൊതുസമൂഹത്തോടു ചേര്‍ന്ന് കേരള സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഇത്തരം തിന്മകള്‍ക്കെതിരെയുള്ള സന്ധിയില്ലാ സമരം തുടരുമെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗിലാണ് സീറോ മലബാര്‍ സഭയുടെ ഈ നിലപാട് വ്യക്തമാക്കിയത്.

പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍, കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍, മാധ്യമ കമ്മീഷന്‍, യുവജന കമ്മീഷന്‍, സമര്‍പ്പിതര്‍ക്കായുള്ള കമ്മീഷന്‍ എന്നിവയെ പ്രതിനിധീകരിച്ച് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിയ്ക്കല്‍, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മാര്‍ തോമസ് തറയില്‍, കമ്മീഷന്‍ സെക്രട്ടറിമാര്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം തുടങ്ങിയ അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.