ചൈനയെ തളയ്ക്കാന്‍ ചടുല നീക്കം; ക്വാഡ് ഉച്ചകോടിയെ ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍

 ചൈനയെ തളയ്ക്കാന്‍ ചടുല നീക്കം; ക്വാഡ് ഉച്ചകോടിയെ ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍


വാഷിംഗ്ടണ്‍:യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസില്‍ ഇന്നു നടക്കുന്ന ക്വാഡ് ഗ്രൂപ്പ് ഉച്ചകോടിയെ ഉറ്റുനോക്കി ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര നിരീക്ഷകരും. ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍) നേരിട്ടുള്ള ആദ്യയോഗമാണിത്. സുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രത്യേക കൂടിക്കാഴ്ചയും നടത്തും.

വൈറ്റ് ഹൗസില്‍ ചുമതലയേറ്റ് ആഴ്ചകള്‍ക്കുശേഷം മാര്‍ച്ചില്‍ ബൈഡന്‍ ഒരു വെര്‍ച്വല്‍ ക്വാഡ് ഉച്ചകോടി വിളിച്ചിരുന്നു. ചൈനയുടെ വെല്ലുവിളിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യം വന്നതോടെയാണിപ്പോള്‍ ആറ് മാസത്തിനുള്ളില്‍ രണ്ടാമത്തെ ഉച്ചകോടി ചേരുന്നത്.'യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മറ്റൊരു ഇന്തോ-പസഫിക് ദിനമാണിതെ'ന്ന് ഉച്ചകോടിയെപ്പറ്റി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ഡയറക്ടര്‍ സി. രാജ്‌മോഹന്‍ അഭിപ്രായപ്പെട്ടു.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ടതിനുശേഷമാകും ബൈഡന്‍ വ്യക്തിപരമായി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഓസ്ട്രേലിയ, ബ്രിട്ടന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ചേരുന്ന പുതിയ എ.യു.കെ.യു.എസ് ( ഓകസ് )സൈനിക-സാങ്കേതിക ഉടമ്പടിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്ക് ശേഷമുള്ള പുതിയ കൂടിക്കാഴ്ചകള്‍ വാഷിംഗ്ടണും പങ്കാളികളും കക്ഷികളായി ഇന്തോ-പസഫിക് സന്തുലിതാവസ്ഥ പുനഃക്രമീകരിക്കാനുള്ള നീക്കത്തിന് അടിവരയിടുന്നുണ്ടെന്നാണ് നിരീക്ഷണം.പുതിയ ത്രിരാഷ്ട്ര സുരക്ഷാ സഖ്യത്തെ കുറിച്ചുള്ള ക്വാഡ് രാജ്യങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കാതിരിക്കാനാകില്ല ബൈഡന്.അദ്ദേഹം ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയുമായും പ്രത്യേക ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിവരങ്ങള്‍.

ഇന്തോ-പസിഫിക് മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയ, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ 'ഓകസ്' എന്ന പുതിയ സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. ഇതേ ലക്ഷ്യം മുന്‍ നിര്‍ത്തിതന്നെയാണ് 2007ല്‍ യു.എസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന ക്വാഡ് സഖ്യവും രൂപീകരിച്ചത്. എന്നാല്‍, ഇവരില്‍ അമേരിക്കയും ഓസ്ട്രേലിയയും പുതിയ സഖ്യത്തില്‍ ഉണ്ട് എന്നത് തന്നെയാണ് ഇന്ത്യയേയും ജപ്പാനേയും സംബന്ധിച്ച് ആശങ്ക ജനിപ്പിക്കുന്ന കാര്യം.കാലാവസ്ഥാ വ്യതിയാനം, കോവിഡ് വ്യാപനവും വാക്സിന്‍ വിതരണവും തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ക്വാഡ് മീറ്റിംഗ് നടത്തുന്നതെന്നു പ്രഖ്യാപനമുണ്ടെങ്കിലും പുതിയ സഖ്യത്തെക്കുറിച്ചുള്ള ക്വാഡ് സഖ്യകക്ഷികളുടെ ആശങ്കകള്‍ അവസാനിപ്പിക്കണമെന്നു യു.എസ് ആഗ്രഹിക്കുന്നു.

ചൈനയെ ഉപരോധത്തിലാക്കാനാണ് ത്രിരാഷ്ട്ര സുരക്ഷാ സഖ്യം രൂപീകരിച്ചിരിക്കുന്നത് എന്നതുതന്നെയാണ് ഇന്ത്യ ആശങ്കയിലാകാനുള്ള ഒരു പ്രധാന കാരണം. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തിന് ഇതുവരെ പരിഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തന്നെ, ചൈനയെ പ്രകേപിപ്പിക്കുന്ന തരത്തിലുള്ള സഖ്യം ഉണ്ടാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നല്‍കുന്ന ഒന്നാണ്.അതേസമയം, ചൈനയുടെ പ്രകോപനം വര്‍ധിക്കുകയാണെങ്കില്‍, ന്യൂക്ലിയര്‍ ശക്തികള്‍ ഉപയോഗിച്ച് ചെനയെ കീഴ്പ്പെടുത്താന്‍ ഉണ്ടാക്കിയ പുതിയ സഖ്യം ഭാവിയില്‍ ക്വാഡുമായി സഹകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഇന്ത്യയെ സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യം, ഫ്രാന്‍സുമായുള്ള കരാര്‍ ഓസ്ട്രേലിയ റദ്ദാക്കി എന്നതാണ്. നൂതന സൈനിക ഉപകരണങ്ങളും റഫാല്‍ യുദ്ധവിമാനങ്ങള്‍ പോലുള്ള പോര്‍വിമാനങ്ങളും വിതരണം ചെയ്ത പ്രതിരോധപങ്കാളിയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫ്രാന്‍സ്. അതുകൊണ്ടുതന്നെ തങ്ങളെ ഒഴിവാക്കികൊണ്ടുള്ള പുതിയ സഖ്യത്തില്‍ ഫ്രാന്‍സിനുള്ള നിരാശ ഇന്ത്യയും പങ്കിടുക സ്വാഭാവികം.

ക്വാഡിനു വിരുദ്ധമോ 'ഓകസ്' ?

അതേസമയം, പുതിയ സഖ്യത്തിന്റെ രൂപീകരണം, ക്വാഡ് സഖ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന് ഇന്ത്യ ചോദിച്ചിരുന്നതായി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഒഫാരല്‍ പറഞ്ഞിരുന്നു. എന്നാല്‍, ത്രിരാഷ്ട്ര സഖ്യം ക്വാഡ് സഖ്യത്തിന് വിള്ളല്‍ വീഴിത്തില്ല എന്നാണ് യു.എസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. കൂടാതെ പുതിയ സഖ്യം രൂപീകരിച്ചെങ്കിലും നിലവിലുള്ള സഖ്യകക്ഷികളുമായുള്ള ബന്ധം അവസാനിപ്പിക്കില്ലെന്നും ബഹുരാഷ്ട്ര വേദികളില്‍ ഇന്ത്യയുമായുള്ള അടുത്ത സഹകരണം പഴയതുപോലെ തുടരുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചിരുന്നു.

'പുതിയ സഖ്യം ക്വാഡിന് ഊര്‍ജ്ജം പകരുമെന്നാണ് യു.എസ് പക്ഷത്തിന്റെ വാദം. വാസ്തവത്തില്‍, അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സേനയെ പിന്‍വലിച്ച ബൈഡന്റെ നടപടി പോലും പുതിയ സഖ്യം മുന്‍നിര്‍ത്തി ആസൂത്രിതമായിരുന്നു എന്ന് വേണം ഇപ്പോള്‍ കരുതാന്‍. യു.എസിന്റെ ശക്തി ക്ഷയിച്ചെന്നും രാജ്യത്തോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നും തുടങ്ങി നിരവധി ആശങ്കകള്‍ പല രാജ്യങ്ങളും മുന്നോട്ട് വെക്കുമ്പോഴാണ്, പെട്ടെന്നുള്ള സഖ്യത്തിന്റെ രൂപീകരണം. ഈ നീക്കം അക്ഷരാര്‍ത്ഥത്തില്‍ യു.എസിന്റെ ആഗോള പങ്കാളിത്തത്തോടുള്ള പ്രതിബദ്ധതയുടെ കൂടുതല്‍ തെളിവാണ്. ശക്തി ക്ഷയിപ്പിക്കുന്ന ആവശ്യമില്ലാത്ത ഒരു പോരാട്ടം നടത്തുന്നതില്‍ നിന്ന് ബൈഡന്‍ തന്ത്രപരമായി ഒഴിഞ്ഞുമാറിയത് ചൈനയെ ലക്ഷ്യം വെച്ചായിരുന്നു എന്ന് വേണം മനസിലാക്കാന്‍.'-യു.എസ് പ്രതിനിധികളെ ഉദ്ധരിച്ച് ദ് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ സഖ്യത്തിന്റെ രൂപീകരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലതാണെന്ന വാദവുമുണ്ട്. കാരണം പാകിസ്ഥാനേക്കാള്‍ ഇന്ത്യക്ക് ഇപ്പോള്‍ ശത്രുത കൂടുതല്‍ ചൈനയോടാണ്. ഈ സാഹചര്യത്തില്‍, ഏറ്റവും മികച്ച യു.എസിന്റെ ശക്തി മുന്നില്‍ നില്‍ക്കുന്നത് ഒരു രക്ഷാകവചമാണ്-ഇത്തരത്തിലാണ് യു.എസ് പ്രതിനിധികളുടെ നിരീക്ഷണം.

പാകിസ്ഥാന്‍ ഉണ്ടാക്കുന്ന ഏതൊരു പ്രശ്നവും പരിഹരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കും. അതിന് അമേരിക്കയുടെ സഹായം ഇന്ത്യ്ക്ക് ആവശ്യമില്ല. എന്നാല്‍ ചൈയുടെ കാര്യം വരുമ്പോള്‍, കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ നീക്കേണ്ടതുണ്ട്. പാകിസ്ഥാനേക്കാള്‍ അമ്പത് മടങ്ങ് സാമ്പത്തിക ശേഷിയുള്ള ചൈന ഈ സമ്പത്ത് ഉപയോഗപ്പെടുത്തി സൈനിക ശക്തി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ചൈനയെ നേരിടാന്‍ ഇന്ത്യക്ക് തീര്‍ച്ചയായും മറ്റൊരു രാജ്യത്തിന്റെ സഹായം അനിവാര്യമാണ്.


ക്വാഡിനു മുന്നിലുള്ള പൊതുവായ ഒരു വിഷയമാണ് സാങ്കേതികവിദ്യയിലെ സഹകരണം. ഇത് ഭൗമരാഷ്ട്രീയവുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു. അര്‍ദ്ധചാലകങ്ങളും ടെലികമ്മ്യൂണിക്കേഷനും മുതല്‍ ബഹിരാകാശ സുരക്ഷയും സാങ്കേതികവിദ്യാ ഭരണവും വരെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന മേഖലകളാണ്.

ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക, സാങ്കേതിക, സൈനിക ശക്തിയുമായി പൊരുത്തപ്പെടുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ക്വാഡിനു ഗൗരവബുദ്ധ്യാ പരിഗണിക്കേണ്ടിവരുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ഡയറക്ടര്‍ പറഞ്ഞു.ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവര്‍ക്ക് ഈ മേഖല ചൈനയുമായി പങ്കിടണമെന്ന് അറിയാം. ഉയര്‍ന്നുവരുന്ന മഹാശക്തിയെ ഉള്‍ക്കൊള്ളാതെ ഒരു ഏറ്റുമുട്ടലിനു പഴുതില്ലെന്ന കാര്യം വ്യക്തം.എങ്കിലും മേഖലയിലെ കടലുകളില്‍ ഏകപക്ഷീയ ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാതിരിക്കില്ല ക്വാഡ്.

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡന്‍ പറഞ്ഞതു വാഷിംഗ്ടണ്‍ ബീജിംഗുമായി ശീതയുദ്ധം നടത്തില്ലെന്നാണ്. ക്വാഡ് ചൈനയ്ക്കു മേല്‍ അതീവ സമ്മര്‍ദ്ദങ്ങള്‍ക്കു തയ്യാറാകില്ലെന്നു സാരം.അതേസമയം, ചൈനയുടെ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ചര്‍ച്ചാ വിഷയമാകുമെന്ന സൂചനകളും പുറത്തു വന്നിരുന്നു. ചൈനയെ സന്തുലിതമാക്കുക എന്നതാണ് അമേരിക്ക നേരിടുന്ന വെല്ലുവിളി. ഇതിനായുള്ള നീക്കങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത കക്ഷിയാണ് ഇന്ത്യയെന്ന് വാഷിംഗ്ടണ്‍ തിരിച്ചറിയുന്നു.

സുരക്ഷ, ആരോഗ്യം, ഊര്‍ജ്ജം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വാഷിംഗ്ടണുമായി ന്യൂഡല്‍ഹി കൂടുതല്‍ അടുക്കുന്നതിനാല്‍ മോദിയുമായുള്ള ബൈഡന്റെ ചര്‍ച്ചകള്‍ വഴി സഹകരണം കൂടുതല്‍ ആഴത്തിലാകുമെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, വ്യാപാര സമ്പ്രദായ പരിഷ്‌കരണം, ഡിജിറ്റല്‍ സാങ്കേതികവിദ്യാ നിയന്ത്രണം തുടങ്ങിയ ആഗോള വിഷയങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ സമന്വയിപ്പിക്കുന്നതില്‍ ബൈഡനും മോദിക്കും താല്‍പ്പര്യമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.