സ്‌കൂളിന്റെ പിഴവില്‍ അവസരം നഷ്ടമായി; ഒരു വിദ്യാര്‍ഥിക്കായി സേ പരീക്ഷ നടത്താന്‍ ഉത്തരവ്

സ്‌കൂളിന്റെ പിഴവില്‍ അവസരം നഷ്ടമായി; ഒരു വിദ്യാര്‍ഥിക്കായി സേ പരീക്ഷ നടത്താന്‍ ഉത്തരവ്

കൊച്ചി: സ്‌കൂളിന്റെ പിഴവില്‍ വിദ്യാർത്ഥിക്ക് പത്താം ക്ലാസ് പരീക്ഷ നഷ്ടമായി. പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് അപേക്ഷ നൽകിയിട്ടും സ്കൂളിൽനിന്ന് അപേക്ഷ കൈമാറാത്തതിനാലാണ് വിദ്യാർഥിക്കു അവസരം നഷ്ടപ്പെട്ടത്. ഈ ഈ സാഹചര്യത്തിൽ വിദ്യാർഥിക്കു വേണ്ടി മാത്രം ഫിസിക്സ് പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.

കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എം. മുഹമ്മദ് നിഹാദിനായി മാത്രം പരീക്ഷ നടത്താനാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്. രണ്ട് മാസത്തിനകം അവസരം നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

നിഹാദിന്റെ പിതാവ് നൗഷാദ് മുക്കാലിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2020-21 എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫിസിക്സ് ഒഴികെ എല്ലാ വിഷയങ്ങളിലും നിഹാദ് യോഗ്യതാ മാർക്ക് നേടിയിരുന്നു. ഇതേ തുടർന്ന് സേ പരീക്ഷയ്ക്ക് അപേക്ഷിച്ചു. നിശ്ചിത ഫീസടച്ച ചെലാൻ സഹിതം അപേക്ഷ സ്കൂളിൽ ഏൽപ്പിച്ചു. ഓഗസ്റ്റ് 17-ന് നടന്ന പരീക്ഷ എഴുതാനായി കണ്ണൂർ മുനിസിപ്പൽ എച്ച്.എസ്.എസിൽ പരീക്ഷാ ഹാളിൽ ചെന്നപ്പോൾ പട്ടികയിൽ പേരില്ലാത്തതിനാൽ എഴുതാൻ കഴിഞ്ഞില്ല.

സ്കൂളിൽനിന്ന് അപേക്ഷ അധികൃതർക്ക് കൈമാറാതിരുന്നതാണ് പ്രശ്നമായത്. വീണ്ടും അവസരം നൽകണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഒരു വിദ്യാർഥിക്കു വേണ്ടി പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, തന്റേതല്ലാത്ത തെറ്റിന്റെ പേരിൽ വിദ്യാർഥിക്ക് അവസരം നിഷേധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.