കാക്കനാട് മയക്കു മരുന്നു കേസിന് ശ്രീലങ്കന്‍ ബന്ധം; ഇറാനിയന്‍ സംഘം ലക്ഷ്യമിട്ടത് കൊച്ചി തീരമെന്ന് അന്വേഷണ സംഘം

കാക്കനാട് മയക്കു മരുന്നു കേസിന് ശ്രീലങ്കന്‍ ബന്ധം; ഇറാനിയന്‍ സംഘം ലക്ഷ്യമിട്ടത് കൊച്ചി തീരമെന്ന് അന്വേഷണ സംഘം

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കു ശ്രീലങ്കന്‍ ബന്ധം ഉണ്ടെന്ന് അന്വേഷണ സംഘം. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കന്‍ നമ്പറുകളില്‍ നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോണ്‍ വിളികള്‍ എത്തിയിട്ടുണ്ട്. ഇത് കേസില്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് സൂചിപ്പിക്കുന്നത്. കടല്‍വഴി കേരള-തമിഴ്നാട് തീരത്തേക്ക് മയക്കു മരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജന്‍സും എന്‍.സി.ബിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാക്കനാട് മയക്കുമരുന്നു കേസിന്റെ ഉറവിടമായ ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ട്രിപ്ലിക്കെയിന്‍ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തമിഴ് വംശജരാണ്. ഇവര്‍ക്ക് ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രിപ്ലിക്കെയിന്‍ സംഘത്തിന്റെ ഏജന്റുമാരുടെ ഫോണ്‍ നമ്പറുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലില്‍ പിടിയിലായ ഇറാനിയന്‍സംഘം കൊച്ചി തീരത്തുവെച്ച് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വെളിപ്പെടുത്തി. ശ്രീലങ്കന്‍ അധികൃതരുടെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് ലക്ഷ്യമിട്ടതെന്നും അന്വേഷകസംഘത്തോട് ഇവര്‍ പറഞ്ഞു. ഡി.ആര്‍.ഐ ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.